സി സി ടി വി ദൃശ്യങ്ങൾ സഹിതം തൊഴിലാളികൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്
കോഴിക്കോട്: വീട്ടുജോലിക്കെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയ ശേഷം കോഴിക്കോട് യുവാവിന്‍റെ വമ്പൻ തട്ടിപ്പ്. മാന്യമായി വസ്ത്രം ധരിച്ചെത്തിയ യുവാവാണ് കോഴിക്കോട് താമരശ്ശേരിക്ക് സമീപം കാരാടിയിൽ അതിഥി തൊഴിലാളികളെ പറ്റിച്ച് മുതലുമായി കടന്നുകളഞ്ഞത്. യുവാവിന്‍റെ തട്ടിപ്പിനിരയായ ജാർഖണ്ഡ് സ്വദേശികളുടെ ഫോണും പണവുമടക്കമാണ് നഷ്ടമായത്. കോഴിക്കോട് താമരശ്ശേരി കാരാടി പുതിയ ബസ് സ്റ്റാന്റിന് സമീപം താമസിക്കുന്ന അതിഥി തൊഴിലാളികളാണ് ചതിയിൽ പെട്ടത്.
മാന്യമായി വസ്ത്രം ധരിച്ചെത്തിയ യുവാവാണ് കൂട്ടിക്കൊണ്ട് പോയതെന്ന് തൊഴിലാളികൾ പറഞ്ഞു. കൂട്ടിക്കൊണ്ടുപോയ ശേഷം ഇയാൾ, മറ്റാരുടെയോ ആൾ താമസമില്ലാത്ത വീട് കാണിച്ച്, സ്വന്തം വീടെന്ന് വിശ്വസിപ്പിച്ച് വൃത്തിയാക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിന് ശേഷമായിരുന്നു യുവാവ് തട്ടിപ്പ് നടത്തി മുങ്ങിയത്. തൊഴിലാളികൾ പരിസരം വൃത്തിയാക്കുന്നതിനിടെ ഫോണും പണവുമായി യുവാവ് കടന്നു കളയുകയായിരുന്നു. സി സി ടി വി ദൃശ്യങ്ങൾ സഹിതം തൊഴിലാളികൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. യുവാവിനെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.
ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ കാണാം
അതേസമയം പുറത്തുവന്ന മറ്റൊരു വാർത്ത ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ ജോലി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ യുവതി കോട്ടയത്ത് പിടിയിലായി എന്നതാണ്. കോട്ടയത്ത് അറസ്റ്റിലായ ആലത്തൂര്‍ സ്വദേശിയായ യുവതിക്കെതിരേ പരാതിപ്രളയമാണെന്നാണ് റിപ്പോർട്ടുകൾ. ആലത്തൂര്‍ വെങ്ങന്നൂര്‍ സ്വദേശിനി 26 -കാരി രേഷ്മ രാജപ്പനെതിരേയാണ് ജോലിതട്ടിപ്പിനിരയായവര്‍ പരാതിയുമായി രംഗത്ത് വന്നത്. കോട്ടയം ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ഇവരെ ആലത്തൂരിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം കോട്ടയത്തേക്ക് തിരികെ കൊണ്ടുപോകുകയും ചെയ്തിട്ടുണ്ട്. ആലത്തൂരില്‍നിന്ന് മാത്രം ഇതുവരെ മൂന്ന് പരാതി ലഭിച്ചിട്ടുണ്ട്. വെങ്ങന്നൂര്‍ ആലക്കല്‍ ഹൗസില്‍ പ്രകാശന്റെ മകന്‍ പ്രവീഷില്‍ നിന്ന് രണ്ട് തവണകളിലായി പത്ത് ലക്ഷം രൂപയും വെങ്ങന്നൂര്‍ ബാലന്റെ മകള്‍ മഞ്ജുഷയില്‍ നിന്ന് രണ്ടു തവണകളിലായി 5,50,000 രൂപയും ആലത്തൂര്‍ കുനിശ്ശേരി മുല്ലക്കല്‍ സുശാന്തില്‍ നിന്ന് 2,70,000 രൂപയുമാണ് യുവതി തട്ടിയെടുത്തത്.