നിലമ്പൂർ വഴിക്കടവ് സ്വദേശി സൈനുൽ ആബിദ് വധക്കേസിൽ ആറ് പ്രതികൾ കോയമ്പത്തൂരിൽ നിന്ന് പിടിയിലായി
തൃശ്ശൂർ: ചെറുതുരുത്തിയിലെ യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി ഭാരതപുഴയിൽ തള്ളിയ സംഭവത്തിൽ ആറ് പേർ അറസ്റ്റിൽ. ചെറുതുരുത്തി സ്വദേശികളായ ഷജീർ, റെജീബ്, അഷറഫ്, സുബൈർ, ഷാഫി, അബ്ദുൽ ഷഹീർ എന്നിവരാണ് കോയമ്പത്തൂരിൽ നിന്ന് പിടിയിലായത്. കോയമ്പത്തൂരിൽ ഒരു ഗ്രാമത്തിൽ പ്രതികൾ ഒളിച്ചു താമസിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
നിലമ്പൂർ വഴിക്കടവ് സ്വദേശി സൈനുൽ ആബിദിനെ ഈ മാസം 24 നാണ് ഭാരതപ്പുഴയിൽ ചെറുതുരുത്തി പള്ളം ശ്മശാനം കടവുഭാഗത്ത് മരിച്ച നിലയിൽ കണ്ടെത്തുന്നത്. പോസ്റ്റ്മോർട്ടത്തിൽ മരിച്ചമൃതദേഹത്തിൽ ക്രൂരമായ മർദ്ദനത്തിന് ഇരയായതിന്റെ പാടുകൾ കണ്ടെത്തി. ഇതാണ് കൊലപാതകമെന്ന് ഉറപ്പിക്കാൻ കാരണം.
undefined
മുൻ വൈരാഗ്യത്തിന്റെ പേരിലായിരുന്നു കൊലപാതകം. ചെറുതുരുത്തി സ്വദേശികളായ ഷജീർ, റെജീബ്, അഷറഫ്, സുബൈർ, ഷാഫി, അബ്ദുൽ ഷഹീർ എന്നിവർ സൈനുൽ ആബിദിനെ പുഴക്കടവിൽ എത്തിച്ച് മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം പുഴയിൽ ഉപേക്ഷിച്ചു. നിരവധി കൊലപാതക, ലഹരി കടത്ത് ഉൾപ്പെടെയുള്ള കേസുകളിലെ പ്രതികളാണ് പിടിയിലായ ആറുപേർ. കൊല്ലപ്പെട്ട സൈനുൽ ആബിദും ഇരുപതോളം മോഷണം കേസുകളിലെ പ്രതിയായിരുന്നു. ഇവർ ജയിലിൽ വെച്ചാണ് പരിചയപ്പെടുന്നതും സൗഹൃദത്തിൽ ആകുന്നതും.
പൊലീസ് പറയുന്നത് അനുസരിച്ച്, കൊല്ലപ്പെട്ട സൈനുൽ ആബിദ്, പ്രതികളിൽ ഒരാളായ റജീബിൽ നിന്നും വിലപിടിപ്പുള്ള ലോക്കറ്റ് കൈവശപ്പെടുത്തിയിരുന്നു. ഇതേ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ചെറുതുരുത്തി ചുങ്കം സെന്ററിൽ വെച്ച് സൈനുൽ ആബിദിനെ കണ്ട പ്രതികൾ ഇയാളെ ബൈക്കിൽ കയറ്റി പുഴയുടെ തീരത്ത് എത്തിച്ചു. മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും മർദ്ദിക്കുകയും ചെയ്തു. പിന്നീട് വെള്ളത്തിൽ മുക്കി കൊലപ്പെടുത്തുകയായിരുന്നു. വാരിയല്ല് പൊട്ടി ശ്വാസകോശത്തിൽ തുളച്ച് കയറിയതാണ് മരണകാരണം എന്ന് പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞു. അങ്ങനെയാണ് കൊലപാതകത്തിന്റെ ചുരുളുകൾ അഴിഞ്ഞു തുടങ്ങിയത്.
കൊലപാതകം നടന്ന് 24 മണിക്കൂറിനുള്ളിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്. കോയമ്പത്തൂരിലെ ഒരു ഗ്രാമത്തിൽ പ്രതികൾ ഒളിച്ചു താമസിക്കുന്നുണ്ട് എന്ന രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തിലാണ് പൊലീസ് കോയമ്പത്തൂരിൽ എത്തുന്നത്. പ്രതികളായ റജീബ്, സുബൈർ, അഷറഫ് എന്നിവരെ കോയമ്പത്തൂരിൽ വെച്ച് അതിസാഹസികമായി പിടികൂടി. മറ്റൊരു പ്രതിയായ ഷജീറിനെ കോഴിക്കോട് ബേപ്പൂരിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ചെറുതുരുത്തി സി ഐ അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിലൂടെയാണ് പ്രതികളെ ഇത്ര വേഗം പിടികൂടിയത്.