സാമ്പ്രാണിത്തിരി കൂട്ടിയിട്ട് കത്തിക്കും, അടുക്കളയിൽ 'സ്പെഷ്യല്‍ ആയുര്‍വേദ ചാരായം വാറ്റ്', യുവാവ് അറസ്റ്റിൽ

By Web Team  |  First Published Oct 2, 2023, 7:35 PM IST

ഇക്കഴിഞ്ഞ രണ്ടു ദിവസവും ഡ്രൈ ഡേ ആയതിനാൽ വൻ വില്പന പ്രതീക്ഷിച്ച് ശർക്കരയും, പഞ്ചസാരയും , മറ്റ് സുഗന്ധ ദ്രവ്യങ്ങളും ഇയാൾ ശേഖരിക്കുന്നതായി എക്സൈസിനു വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ഓട്ടോ ഡ്രൈവറുടെ വേഷത്തില്‍ എക്സൈസ് ഉദ്യോഗസ്ഥന്‍ ചാരായം അന്വേഷിച്ച് സ്ഥലത്തെത്തുകയായിരുന്നു.


കോട്ടയം: കോട്ടയം പയ്യപ്പാടിയിൽ സ്വന്തം വീടിന്‍റെ അടുക്കളയിൽ ലിറ്ററു കണക്കിന് ചാരായം വാറ്റി വിറ്റിരുന്ന യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. സാമ്പ്രാണിത്തിരി കൂട്ടിയിട്ട് കത്തിച്ചാണ് വീട്ടിൽ ചാരായം വാറ്റുന്ന കാര്യം വീട്ടുകാരൻ നാട്ടുകാരിൽ നിന്ന് മറച്ചു വെച്ചിരുന്നത്. 300 ലിറ്റർ കോടയാണ് എക്സൈസ് വാറ്റുകാരന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തത്. പയ്യപ്പാടി വെണ്ണിമല മൂലകുന്നേൽ ജോർജ് റപ്പേൽ (42) ആണ് അറസ്റ്റിലായത്. കഴിഞ്ഞ രണ്ടു വർഷമായി ജോർജ് സ്വന്തം വീടിന്‍റെ അടുക്കളയിൽ ചാരായം വാറ്റി വിൽക്കുകയായിരുന്നു എന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. പത്ത് ലിറ്ററിന്‍റെ രണ്ട് പ്രഷര്‍കുക്കറുകള്‍ ഉപയോഗിച്ചായിരുന്നു ചാരായം വാറ്റിയിരുന്നത്. ആയുര്‍വേദ മരുന്നുകള്‍ ഒക്കെ ചേര്‍ത്ത് വ്യത്യസ്തമായ രീതിയിലാണ് ജോര്‍ജ് ആവശ്യക്കാര്‍ക്കായി ചാരായം വാറ്റിയിരുന്നതെന്നും എക്സൈസ് പറ‍ഞ്ഞു.

ഇക്കഴിഞ്ഞ രണ്ടു ദിവസവും ഡ്രൈ ഡേ ആയതിനാൽ വൻ വില്പന പ്രതീക്ഷിച്ച് ശർക്കരയും, പഞ്ചസാരയും , മറ്റ് സുഗന്ധ ദ്രവ്യങ്ങളും ഇയാൾ ശേഖരിക്കുന്നതായി എക്സൈസിനു വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ഓട്ടോ ഡ്രൈവറുടെ വേഷത്തില്‍ എക്സൈസ് ഉദ്യോഗസ്ഥന്‍ ചാരായം അന്വേഷിച്ച് സ്ഥലത്തെത്തി. ഇതിനുശേഷം ഓട്ടോ ഡ്രൈവറുടെ വേഷത്തിലെത്തിയ എക്സൈസ് ഉദ്യോഗസ്ഥന് ചാരായം കൈമാറുന്നതിനിടെ ജോര്‍ജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Latest Videos

രണ്ടു കൊല്ലമായി ജോർജ് വീട്ടിൽ ചാരായം വാറ്റുന്നുണ്ടെങ്കിലും നാട്ടുകാർക്കാർക്കും ഇക്കാര്യം മനസ്സിലായിരുന്നില്ല  വലിയ തോതിൽ സാമ്പ്രാണിത്തിരി പുകച്ചാണ് വാറ്റിന്റെ മണം പുറത്തറിയാതെ ജോർജ് സൂക്ഷിച്ചത് എന്നാണ് എക്സൈസ് കണ്ടെത്തൽ. എക്സൈസിന്‍റെ കസ്റ്റഡിയിൽ ആയതിനുശേഷവും വാറ്റ് തേടി ജോർജിന്റെ ഫോണിലേക്ക് ആളുകള്‍ വിളിച്ചിരുന്നു. ജോര്‍ജിന്‍റെ ഫോണിലേക്ക് വിളിച്ചവരെ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും എക്സൈസ് പറഞ്ഞു. ജോര്‍ജിന്‍റെ വീട്ടില്‍നിന്നും രണ്ടു ലിറ്റർ ചാരായവും 300 ലിറ്റർ കോടയും വാറ്റുപകരണങ്ങളും ഉള്‍പ്പെടെയാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. എക്സൈസ് ഇൻസ്പെക്ടർ അൽഫോൺസ് ജേക്കബിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ജോർജിനെ അറസ്റ്റ് ചെയ്തത്.
 

click me!