കാർട്ടലിന്റേതായുള്ള ദശലക്ഷക്കണക്കിന് യൂറോയും സുപ്രധാന നേതാക്കൻമാരടക്കമുള്ളവരെയുമാണ് സംയുക്ത ഓപ്പറേഷനിലൂടെ പിടികൂടിയത്
ലണ്ടൻ: ഒരു വർഷം നീണ്ട പരിശ്രമത്തിലൂടെ ലഹരി മാഫിയയുടെ വൻ ശൃംഖലയെ തകർത്ത് യൂറോപ്യൻ പൊലീസ്. 8 ടൺ കൊക്കെയ്നാണ് സംഘത്തിൽ നിന്ന് പിടികൂടിയതെന്നാണ് യൂറോപോൾ വ്യാഴാഴ്ച വിശദമാക്കിയത്. ലഹരി വേട്ടയുടെ ഭാഗമായി 40 പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. തുർക്കിയും ദുബായിലുമാണ് ഈ കാർട്ടലിന്റെ നേതാക്കന്മാരുള്ളതെന്നാണ് യൂറോപോൾ വിശദമാക്കിയത്. ബുധനാഴ്ച നടന്ന അറസ്റ്റുകളോടെ ഈ കാർട്ടലിന് വലിയ ക്ഷതമാണ് സംഭവിച്ചിരിക്കുന്നതെന്നാണ് ഹേഗ് അടിസ്ഥാനമായി പ്രവർത്തിക്കുന്ന യുറോപോൾ വക്താക്കൾ അന്തർദേശീയ മാധ്യമങ്ങളോട് വിശദമാക്കിയിരിക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ടൺ കണക്കിന് കൊക്കെയ്ൻ വിതരണം ചെയ്യാൻ പ്രാപ്തിയുള്ള കാർട്ടലുകളിലൊന്നിനെയാണ് തകർത്തിരിക്കുന്നതെന്നാണ് യൂറോപോൾ വിശദമാക്കുന്നത്. മാഡ്രിഡിൽ വച്ചാണ് ഓപ്പറേഷന് നേതൃത്വം നൽകിയ സ്പെയിൻ പൊലീസ് മുതിർന്ന ഉദ്യോഗസ്ഥൻ ഓസ്കാർ എസ്റ്റെബൻ റിമാച്ച ഇക്കാര്യങ്ങൾ വിശദമാക്കിയത്. ബോട്ടുകളിൽ നിന്ന് അടക്കം ലഹരി വസ്തുക്കൾ പിടിച്ചെടുക്കുന്നതിന്റെ ദൃശ്യങ്ങളും യൂറോപോൾ പുറത്ത് വിട്ടിട്ടുണ്ട്. ഒരു വർഷം നീണ്ട ഓപ്പറേഷന്റെ അന്തിമ ഘട്ടം ആരംഭിച്ചത് ഓഗസ്റ്റ് 2023ലാണ്.
കാനറിയിലേക്ക് ഇറ്റാലിയൻ പൌരൻമാർ സഞ്ചരിച്ച ബോട്ടിൽ നിന്ന് വലിയ അളവ് ലഹരി വസ്തുക്കൾ കണ്ടെത്തിയതോടെയാണ് ഇതെന്നുമാണ് യൂറോപോൾ വിശദീകരിക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളിലേക്ക് ലഹരിമരുന്നുകൾ എത്തിക്കുന്നതിൽ പ്രധാന പാതയിലൊന്നാണ് സ്പെയിൻ. ബാൾക്കൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലായവരിൽ ഏറെയുമെന്നാണ് യൂറോപോൾ വിശദമാക്കുന്നത്. ആറ് രാജ്യങ്ങളിൽ നിന്നായി ആണ് 40 പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിൽ കാർട്ടലിന്റെ പ്രധാന നേതാക്കളും ഉൾപ്പെടുന്നതായാണ് യൂറോപോൾ വിശദമാക്കിയിട്ടുള്ളത്. സംഘാങ്ങളിലെ അവസാന ആളെ ബുധനാഴ്ച സ്പെയിനിൽ നിന്നാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. യൂറോപ്പിലേക്ക് കൊക്കെയ്ൻ എത്തിക്കുന്നതിൽ ഏറിയ പങ്കും ഈ ബാൾക്കൻ കാർട്ടലിന്റേതാണെന്നും യൂറോപോൾ അവകാശപ്പെടുന്നത്.
കാർട്ടലിന്റേതായുള്ള ദശലക്ഷക്കണക്കിന് യൂറോയും പിടിയിലായിട്ടുണ്ട്. ദക്ഷിണ അമേരിക്കയിൽ നിന്ന് എത്തിക്കുന്ന കൊക്കെയ്ൻ പശ്ചിമ ആഫ്രിക്കയിലേക്കും ഇവിടെ നിന്ന് കാനറി ദ്വീപുകളിലേക്കും ഇവിടെ നിന്ന് മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കും എത്തിക്കുന്നതാണ് ബാൾക്കൻ കാർട്ടലിന്റെ രീതിയെന്നും ഓപ്പറേഷനിൽ ഭാഗമായ പൊലീസ് ഉദ്യോഗസ്ഥർ വിശദമാക്കുന്നു. വലിയ രീതിയിൽ ആശങ്കയുണ്ടാക്കുന്ന രീതിയിൽ രാജ്യങ്ങളിലേക്ക് ലഹരിമരുന്നുകൾ എത്തിത്തുടങ്ങിയതിന് പിന്നാലെയാണ് ഈ ഓപ്പറേഷൻ ആരംഭിച്ചതെന്നും യൂറോപോൾ വിശദമാക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം