'ഒന്നര കോടിയുടെ മൂല്യമുള്ള വിദേശ കറൻസി; 62 കാരനെ പറ്റിച്ച് 50 ലക്ഷം തട്ടി, യുവതിയടക്കം 8 പേർ പിടിയിൽ

By Web Team  |  First Published May 10, 2023, 6:25 AM IST

ഒന്നാംപ്രതിയായ ലിജി അഭിഭാഷകയെന്നു പറഞ്ഞാണ് പരാതിക്കാരനെ പരിചയപ്പെടുന്നത്. എന്നാല്‍ ഇവര്‍ അഭിഭാഷകയാണെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നു പൊലീസ് പറഞ്ഞു.


തൃശൂര്‍: ഒന്നരകോടി രൂപ മൂല്യമുള്ള വിദേശ കറന്‍സി തരാമെന്ന് പറഞ്ഞ് അരലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ എട്ടുപേര്‍ അറസ്റ്റില്‍. അരിമ്പൂര്‍ പരക്കാട് ചെങ്ങേക്കാട്ട് വീട്ടില്‍ ലിജി ബിജു (35),  ചാവക്കാട് എടക്കഴിയൂര്‍ പള്ളിയില്‍വീട് നന്ദകുമാര്‍ (26), അരിമ്പൂര്‍ പരക്കാട് കണ്ണേങ്കാട് വീട്ടില്‍ ബിജു, വാടാനപ്പള്ളി ചിലങ്ക കുളങ്ങര വീട്ടില്‍ ഫവാസ് (28), വെങ്കിടങ്ങ് പാടൂര്‍ പണിക്കവീട്ടില്‍ റിജാസ് (28), വെങ്കിടങ്ങ് കണ്ണോത്ത് സ്വദേശികളായ തയ്യില്‍ വീട്ടില്‍ യദുകൃഷ്ണന്‍ (27),  നെല്ലിപ്പറമ്പില്‍ വീട്ടില്‍ ജിതിന്‍ ബാബു (25), തച്ചപ്പിള്ളി വീട്ടില്‍ ശ്രീജിത്ത് (22) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

2023 ജനുവരി അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. എറണാകുളം നായത്തോട് സ്വദേശിയായ 62 കാരനില്‍ നിന്നാണ് പണം നഷ്ടപ്പെട്ടത്. തൃശൂര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷൻ ഹൌസ് ഓഫീസർ ടി.പി. ഫര്‍ഷാദും സംഘവുമാണ് പ്രതികളെ അറസ്റ്റുചെയ്തത്. പ്രതികളിലൊരാളായ വെങ്കടങ്ങ് കണ്ണോത്ത് മുസ്ലീംവീട്ടില്‍ അജ്മല്‍ വിദേശത്തേക്കു കടന്നെന്ന് പൊലീസ് പറഞ്ഞു. കേസിലെ ഒന്നാംപ്രതിയായ ലിജി അഭിഭാഷകയെന്നു പറഞ്ഞാണ് പരാതിക്കാരനെ പരിചയപ്പെടുന്നത്. എന്നാല്‍ ഇവര്‍ അഭിഭാഷകയാണെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നു പൊലീസ് പറഞ്ഞു.

Latest Videos

കേസിനാസ്പദമായ സംഭവം ഇങ്ങനെ:  തൃശൂരിലെ ഒരു ആരാധനാലയത്തില്‍ കാണിക്കയായി വരുന്ന വിദേശ കറന്‍സികള്‍ കുറഞ്ഞ മൂല്യമുള്ള ഇന്ത്യന്‍ കറന്‍സി രൂപയ്ക്ക് ലഭിക്കുമെന്നും ഇത്തരം ഇടപാടുവഴി വന്‍ ലാഭം ഉണ്ടാക്കാമെന്നും പരാതിക്കാരനെ ഒന്നാം പ്രതി വിശ്വസിപ്പിച്ചിരുന്നു. ഇത്തരത്തില്‍ ഒരു ഇടപാടിനായി ഒന്നരക്കോടി രൂപ നിലവില്‍ കൈവശമുണ്ടെന്നും അമ്പത് ലക്ഷം രൂപ റൊക്കമായി നല്‍കിയാല്‍ വിദേശ കറന്‍സികള്‍ നല്‍കാമെന്നായിരുന്നു ഇടപാട്. ഇടപാട് നടത്തുന്നതിനായി ലിജി പരാതിക്കാരനില്‍നിന്നു അഞ്ചു ലക്ഷം രൂപ വീതം രണ്ട് തവണകളായി 10 ലക്ഷം രൂപ വാങ്ങി.

മുന്‍കൂട്ടി നിശ്ചയിച്ച ഒന്നരകോടി രൂപ മൂല്യം വരുന്ന വിദേശ കറന്‍സി നല്‍കാമെന്ന് പറഞ്ഞ് ലിജി പരാതിക്കാരനെ സംഭവദിവസം അയ്യന്തോളിലേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് കാഞ്ഞാണി പാടം ഭാഗത്തേക്ക് പോയി. തുടര്‍ന്ന് പണം കൈമാറുന്നതിനായി പരാതിക്കാരനെ ഒരു പെട്ടി ഓട്ടോറിക്ഷയില്‍ കയറ്റി. അവിടെനിന്നും പെട്ടി ഓട്ടോറിക്ഷ അയ്യന്തോള്‍ കലക്‌ട്രേറ്റിനു  പിന്‍വശം ആളൊഴിഞ്ഞ ഭാഗത്ത് എത്തിയപ്പോള്‍ മറ്റുപ്രതികള്‍ ഓടിച്ചുവന്ന കാര്‍ കുറുകെ നിര്‍ത്തി, പൊലീസുദ്യോഗസ്ഥരാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് പണമടങ്ങിയ ബാഗ്  തട്ടിയെടുത്തു എന്നാണ് പരാതിയില്‍ പറയുന്നത്. സംഭവശേഷം പണമടങ്ങിയ ബാഗ് പ്രതികള്‍ പുല്ലഴി പാടത്ത് ഒത്തുചേര്‍ന്ന് ഒന്നാം പ്രതിക്ക് കൈമാറി. പണംതട്ടിയെടുക്കുന്നതിനു സഹായിച്ച മറ്റു പ്രതികള്‍ക്ക് ഒന്നാം പ്രതി സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

Read More : വഴക്കിനിടെ ഭാര്യയുടെ കാല്‍ കമ്പിവടികൊണ്ട് തല്ലിയൊടിച്ചു, പനമരത്ത് ഭർത്താവ് പിടിയിൽ

click me!