ഇടനിലക്കാരിയുടെ മൊഴി, കൊല്ലം പൊലീസ് ബെംഗളൂരുവിലേക്ക്; മയക്കുമരുന്ന് സംഘത്തില പ്രധാനി, സുഡാൻ പൗരൻ പിടിയിൽ

By Web Team  |  First Published Oct 31, 2023, 1:39 AM IST

കഴിഞ്ഞ ദിവസം നഗരത്തിൽ എംഡിഎംഎയുമായി പിടിയിലായ ഇരവിപുരം സ്വദേശി ബാദുഷയെ ചോദ്യം ചെയ്തപ്പോഴാണ് രാസ ലഹരിയുടെ ഉറവിടം സംബന്ധിച്ച് പൊലീസിന് വിവരം കിട്ടിയത്.


കൊല്ലം: കേരളത്തിലേക്ക് മയക്ക് മരുന്ന് കടത്തുന്ന കേസിലെ മുഖ്യപ്രതികളിലൊരാളെ  കൊല്ലം പൊലീസ് അറസ്റ്റ് ചെയ്തു.ബംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന  മയക്ക് മരുന്ന് മാഫിയയിലെ പ്രധാനിയായ സുഡാൻ പൗരൻ റാമി ഇസുൽദീൻ ആദം അബ്ദുല്ലയാണ് കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. പ്രതിയിൽ നിന്ന് വൻകിട ലഹരിമരുന്ന് ഇടപാടുകളുടെ വിവരം പൊലീസിന് കിട്ടിയിട്ടുണ്ട്.കൊല്ലം പൊലീസ് ബെംഗളൂരിവിൽ എത്തി നടത്തിയ അന്വേഷണത്തിലാണ് റാമി ഇസുൽദിൻ ആദം അബ്ദുല്ലയെ കസ്റ്റഡിയിലെടുത്തത്. 

കഴിഞ്ഞ ദിവസം നഗരത്തിൽ എംഡിഎംഎയുമായി പിടിയിലായ ഇരവിപുരം സ്വദേശി ബാദുഷയെ ചോദ്യം ചെയ്തപ്പോഴാണ് രാസ ലഹരിയുടെ ഉറവിടം സംബന്ധിച്ച് പൊലീസിന് വിവരം കിട്ടിയത്. ഇതിന്റെ അടിസ്ഥാനത്തിൽ കൊല്ലം സിറ്റി പൊലീസ് കമ്മീഷ്ണർ മെറിൻ ജോസഫിന്റെ നി‍ർദേശ പ്രകാരം പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചിരുന്നു. എസിപി പ്രദീപിന്റെ നേതൃത്വത്തിലാണ് ബെംഗളൂരുവിൽ എത്തി പ്രതിയെ പിടികൂടിയത്. ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവ‍ർത്തിക്കുന്ന വൻ മയക്ക് മരുന്ന് മാഫിയ സംഘത്തിലെ അംഗമാണ് റാമി ഇസുൽദിൻ ആദം അബ്ദുല്ലയെന്നാണ് പൊലീസ് കണ്ടെത്തൽ. 

Latest Videos

ബെംഗളൂരുവിലെ ചെറിയ നഗരങ്ങൾ കേന്ദ്രീകരിച്ചാണ് ഈ മയക്ക്മരുന്ന് സംഘത്തിന്‍റെ പ്രവർത്തനം. വ്യാവസായിക അടിസ്ഥാനത്തിലാണ് ഇവർ മയക്ക്മരുന്നും രാസ ലഹരിയും കച്ചവടം നടത്തുന്നത്. ഇടനിലക്കാർ വഴി വിവിധ സംസ്ഥാനങ്ങളിലെ വിദ്യാർ‍ത്ഥികൾക്കാണ് മയക്ക് മരുന്ന് വിൽക്കുന്നത്. കേരളത്തിലേക്കുള്ള കച്ചവടത്തിന്റെ പ്രധാനിയാണ് റാമി ഇസുൽദിൻ ആദം അബ്ദുല്ല. മലയാളി വിദ്യാർത്ഥികൾക്ക് ലഹരി മരുന്ന് എത്തിച്ചു നൽകിയിരുന്ന ഇടനിലക്കാരിയായ ആഗ്നസ് എന്ന യുവതിയെയും അടുത്തിടെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴും സുഡാൻകാരൻ റാമി ഇസുൽദിൻ ആദം അബ്ദുല്ലയുടെ പേരാണ് മൊഴി നൽകിയിരുന്നത്.

വീഡിയോ സ്റ്റോറി കാണാം

Read More : നടുറോഡിൽ മകളുടെ ഭർത്താവിനെ ആക്രമിച്ചു; കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയര്‍മാനെതിരെ നരഹത്യാ ശ്രമത്തിന് കേസ്
 

click me!