വീട്ടുകാർ എതിർത്തു, വിവാഹത്തിൽ നിന്ന് പിന്മാറി; മുൻ കാമുകയുടെ അശ്ലീല വീഡിയോ ഓൺലൈനിൽ, യുവാവ് പിടിയിൽ

By Web Team  |  First Published Jun 16, 2023, 6:48 PM IST

പെണ്‍കുട്ടിയുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രചരിച്ചാൽ അവളുടെ കുടുംബത്തെ സമ്മർദ്ദത്തിലാക്കാനാവുമെന്ന് കരുതിയെന്നും മാനഹാനി കാരണം വീട്ടുകാർ തനിക്ക് വിവാഹം കഴിപ്പിച്ച് തരുമെന്ന് കരുതിയെന്നുമാണ് യുവാവ് പൊലീസിന് മൊഴി നല്‍കിയത്.


ദില്ലി: വീട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് പ്രണയ ബന്ധത്തിൽ നിന്നും പിന്മാറിയ മുൻ കാമുകിയുടെ അശ്ലീല ദൃശ്യങ്ങള്‍ ഓണ്‍ലൈനിൽ പ്രചരിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലി സാകേത് നിവാസിയായ 24 കാരൻ അവിനാഷ് ആണ് പിടിയിലായത്. വിവാഹത്തിൽ നിന്ന് പിന്മാറിയ കാമുകിയെ സമ്മർദ്ദത്തിലാക്കാനും തന്നെ വിവാഹം കഴിക്കാനുമാണ് പ്രതി മുൻ കാമുകിയുടെ നഗ്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്.  പെൺകുട്ടിയും പ്രതിയായ അവിനാഷും ഒരേ കോളേജിൽ ആണ് പഠിച്ചത്. ഇവിടെ വെച്ച് ഇരുവരും അടുപ്പത്തിലാവുകയും പിന്നീട് പ്രണയത്തിലുമായി. എന്നാൽ, ഇവരുടെ ബന്ധം വീട്ടുകാർ അംഗീകരിക്കാത്തതിനാൽ യുവതി ഇയാളുമായി പിരിഞ്ഞു. ഇതോടെയാണ് യുവാവ് മുൻ കാമുകിയെ സമ്മർദ്ദത്തിലാക്കാൻ സമൂഹമാധ്യമങ്ങളിൽ വ്യാജ അക്കൌണ്ട് തുടങ്ങി അശ്ലീല വീഡിയോകളും ചിത്രങ്ങളും അപ് ലോഡ് ചെയ്തത്. അവിനാഷ് മുൻ കാമുകിയുടേയും അമ്മയുടെയും മൊബൈൽ ഫോൺ നമ്പറുകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.

Latest Videos

ജൂൺ 1 മുതൽ യുവതിക്ക് അജ്ഞാത നമ്പറുകളിൽ നിന്ന് സന്ദേശങ്ങളും  ഫോണ്‍ വിളികളും അശ്ലീല സന്ദേശങ്ങളും ലഭിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ്  ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകകളിൽ ആരോ തന്റെ വ്യാജ പ്രൊഫൈലുകൾ സൃഷ്ടിച്ചതായി യുവതി മനസിലാക്കിയത്. ഇതോടെ  ജൂൺ 6 ന് പെണ്‍കുട്ടി പൊലീസിൽ രാതി നല്‍കി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാജ പ്രൊഫൈലുകള്‍ക്ക് പിന്നിൽ യുവതിയുടെ മുൻ കാമുകനാണെന്ന് കണ്ടെത്തിയത്. സൈബർ പൊലീസിന്‍റെ സഹായത്തോടെ പ്രതിയെ തിരിച്ചറിയുകയും  ഡെപ്യൂട്ടി പോലീസ് കമ്മീഷണർ രോഹിത് മീണയുടെ നിർദ്ദേശാനുസരണം ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

യുവതിയുടെ വ്യജ പ്രൊഫലുകള്‍ ഉണ്ടാക്കാനായി യുവാവ് ഉപയോഗിച്ച ലാപ്‌ടോപ്പും രണ്ട് മൊബൈൽ ഫോണുകളും കണ്ടെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രചരിച്ചാൽ അവളുടെ കുടുംബത്തെ സമ്മർദ്ദത്തിലാക്കാനാവുമെന്ന് കരുതിയെന്നും മാനഹാനി കാരണം വീട്ടുകാർ തനിക്ക് വിവാഹം കഴിപ്പിച്ച് തരുമെന്ന് കരുതിയെന്നുമാണ് യുവാവ് പൊലീസിന് മൊഴി നല്‍കിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും യുവാവിനെ ആരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നതടക്കം പരിശോധിക്കുകയാണെന്നും പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ അശ്ലീല ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചതായും പൊലീസ് അറിയിച്ചു. 

Read More : നിസ്കരിക്കാനെന്ന വ്യാജേന പള്ളിയിൽ കയറി, മുറിയിൽ ഒളിച്ചിരുന്നു; ഇമാമിന്‍റെ പണവും ബാഗും കവർന്ന് യുവാവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!