'13 വർഷം മുമ്പ് മരിച്ച മകൻ അപകടത്തിൽപ്പെട്ടു, കേസാകും', മലയാളി വീട്ടമ്മക്ക് ഒരു ഫോൺ കോൾ, സൈബർ തട്ടിപ്പ് ഇങ്ങനെ

By Web Team  |  First Published Apr 11, 2024, 10:40 AM IST

'മോൻ മരിച്ചത് ആ പഹയന് അറിയില്ലായിരുന്നു, ഞാൻ വാഷി പൊലീസ് സ്റ്റേഷനിലേക്ക് കേസ് ട്രാൻസഫർ ചെയ്യാൻ പറഞ്ഞു, ഇതോടെ ഫോൺ വിളിച്ചയാൾ കട്ട് ചെയ്തു'- ഉഷ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 


മുംബൈ: മുംബൈ മലയാളികളെ ലക്ഷ്യമിട്ട് സൈബർ തട്ടിപ്പ് സംഘങ്ങൾ സജീവമാകുന്നു. കുട്ടികളുടെ പേരിൽ രക്ഷിതാക്കൾക്ക് വ്യാജ ഫോണ് കോളും സന്ദേശവും അയച്ചാണ് തട്ടിപ്പ്. വോയിസ് ക്ളോണിംങ് അടക്കം എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചുളള തട്ടിപ്പുകളുമുണ്ട്. മലയാളികളെ വിളിച്ച് മകൻ അപകടത്തിൽപ്പെട്ടെന്നും പണം വേണമെന്നും പറഞ്ഞാണ് പലപ്പോഴും തട്ടിപ്പ് നടത്താറുള്ളത്.  

പതിമൂന്നു വർഷം മുൻപ് നഷ്ടപ്പെട്ട മകന്റെ പേര് പറഞ്ഞായിരുന്നു മുംബൈയിൽ താമസിക്കുന്ന ഉഷയ്ക്ക് ഫോൺ കോളെത്തിയത്. മകന്‍റെ വാഹനമിടിച്ച് നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റെന്നും കേസെടുക്കുമെന്നുമായിരുന്നു സന്ദേശം. ഫോൺ കോളിന് പിന്നിലെ ചതി മനസിലാക്കാൻ ഉഷയ്ക്ക് അധികം നേരം വേണ്ടിവന്നില്ല. 'മോൻ മരിച്ചത് ആ പഹയന് അറിയില്ലായിരുന്നു,  ട്യൂമർ വന്നാണ് മകൻ മരിച്ചത്. എന്നോട് പണം ചോദിക്കുന്നതിന് മുൻപ് കോൾ കട്ട് ചെയ്തു, ഞാൻ വാഷി പൊലീസ് സ്റ്റേഷനിലേക്ക് കേസ് ട്രാൻസഫർ ചെയ്യാൻ പറഞ്ഞു, ഇതോടെ ഫോൺ വിളിച്ചയാൾ കട്ട് ചെയ്തു'- ഉഷ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

Latest Videos

undefined

നവി മുംബൈയിൽ താമസിക്കുന്ന മലയാളിയായ സുധീഷ് രാവിലെ തന്‍റെ കട തുറക്കാനെത്തിയപ്പോഴാണ് ആദ്യത്തെ ഫോൺ കോൾ എത്തുന്നത്. പൊലീസ് സ്റ്റേഷനിൽ നിന്നാണെന്നും മകനെതിരെ കേസെടുത്തിട്ടുണ്ടെന്നും പണം വേണമെന്നും ആയിരുന്നു ആവശ്യം. മറാഠി കലർന്ന ഹിന്ദിയിലായിരുന്നു സംഭാഷണം, എന്നാൽ  വീട്ടിൽ നിന്നിറങ്ങും മുൻപ് കണ്ട മകനെതിരെ കേസെടുത്തെന്ന തട്ടിപ്പ് സംഘത്തിന്റെ കെണി സുധീഷും മനസിലാക്കി

ഭീഷണി കോളിന് പിന്നാലെ സുധീഷ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ഇത്തരത്തിൽ നിരവധി മലയാളികൾ പരാതിയുമായി എത്തിയെന്നാണ് പൊലീസ് സ്റ്റേഷനിൽ നിന്നും മനസിലാക്കിയതെന്ന് സുധീഷ് പറയുന്നു. കഴിഞ്ഞ ഒരുമാസത്തിനിടെ സൈബർ തട്ടിപ്പു സംഘങ്ങളുടെ കോളെത്തിയത് നിരവധി മുംബൈ മലയാളികൾക്കാണ്, ഏറിയ പങ്കും കുട്ടികളുടേയും അടുപ്പമുളളവരുടേയും വിവരങ്ങൾ ശേഖരിച്ചുളള തട്ടിപ്പ് രീതിയാണ്. കേസെടുത്താലും വിദേശത്ത് നിന്നുളള ഐഡികളാണ് പൊലീസ് അന്വേഷണത്തിൽ വില്ലനാകുന്നത്. സൈബർ ചതികുഴികളെ കുറിച്ചുളള ബോധവത്കരണം മാത്രമാണ് നിലവിലെ പരിഹാര മാർഗമെന്ന് പൊലീസ് പറയുന്നു.

വീഡിയോ സ്റ്റോറി കാണാം

Read More : ഫോർച്യൂണർ കാറിന്‍റെ ഇഎംഐ മുടങ്ങി, വണ്ടി പൊക്കാൻ ക്വട്ടേഷൻ കിട്ടി, കേസായതോടെ വയനാട്ടിൽ ഉപേക്ഷിച്ചു, അറസ്റ്റ്

click me!