ഫേസ്ബുക്ക് വഴിയെത്തിയ സൗഹൃദം മകളുടെ ജീവനെടുത്തപ്പോൾ നെഞ്ചുപൊട്ടുന്ന വേദനയോടെ, ചെത്തിത്തേയ്ക്കാത്ത വീട്ടിലിരുന്ന് ആ പെൺകുട്ടിയുടെ അച്ഛനമ്മമാർ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിച്ചു.
തിരുവനന്തപുരം: പത്തൊമ്പതുകാരിയായ പെൺകുട്ടിയെ ഹോട്ടൽമുറിയിൽ വച്ച് അമിതരക്തസ്രാവത്തെത്തുടർന്ന് മരിച്ച നിലയിൽ കണ്ടെത്തിയെന്നത് കേരളത്തെ ഞെട്ടിച്ച വാർത്തയായിരുന്നു. ഓൺലൈൻ ക്ലാസിനായി വാങ്ങി നൽകിയ ഫോണിലൂടെ തുടങ്ങിയ ഒരു മാസത്തെ ഫേസ്ബുക്ക് സൗഹൃദമാണ് കൊച്ചിയിലെ ഈ പെൺകുട്ടിയുടെ മരണത്തിലെത്തിയത്. ഇന്‍റർവ്യൂവിനെന്ന പേരിൽ വീട്ടിൽ നിന്നും പോയ മകളുടെ മൃതദേഹമാണ് പിന്നീട് മാതാപിതാക്കൾക്ക് കിട്ടിയത്. സൈബർ സൗഹൃദ കുരുക്കുകളിൽപ്പെട്ട് ദുരൂഹസാഹചര്യത്തിൽ മരിക്കുകയും തിരോധാനം ചെയ്യപ്പെടുകയും ചെയ്യുന്ന പെൺകുട്ടികളുടെയും സ്ത്രീകളുടെയും കണക്ക് ആശങ്കപ്പെടുത്തുന്നതാണ്.
ഇരുളിൽ നിൽക്കുന്ന ഈയച്ഛന്റെ പുറകിലെ ചുമരിലറിയാം ഈ നിർധന കുടുബത്തിന്‍റെ ദൈന്യത. ചെത്തിത്തേച്ചിട്ടില്ല. വെറും സിമന്‍റ് കട്ടകൊണ്ട് പണിതുയർത്തിയ വീടാണിത്. ഉള്ളിലെ വേദന ഈ മനുഷ്യൻ വരച്ചിടുന്നത് മുഖം കാണിക്കാനാവാതെ പറയുന്ന വാക്കുകളിലൂടെ.
''ക്ലാസുണ്ടായിരുന്നല്ലോ, ഓൺലൈൻ ക്ലാസ്. അതിന് വേണ്ടി വാങ്ങിക്കൊടുത്ത ഫോണാണ്. ആകെപ്പാടെ ഒരു മൊബൈലേ ഉണ്ടായിരുന്നുള്ളൂ. ഇഎംഐ വഴി വാങ്ങിക്കൊടുത്തതാണ്. ഇങ്ങനെയുള്ള കാര്യങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്ന് അറിഞ്ഞില്ല. അത് വഴി പരിചയപ്പെട്ടാണ് അവള് പോയത്'', എന്ന് അച്ഛൻ.
പ്ലസ്ടു കഴിഞ്ഞ പെൺകുട്ടി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടയാളുമായി കേവലം ഒരു മാസത്തെ പരിചയത്തിലാണ് ഈ കോവിഡ് കാലത്ത് വീടുവിട്ടത്. യുവാവുമായി മുറിയെടുത്ത കൊച്ചിയിലെ ലോഡ്ജിൽ വെച്ച് ലൈംഗികബന്ധത്തിനിടെ അമിതരക്തസ്രാവമുണ്ടായി. കുട്ടി മരിക്കുമെന്നുറപ്പായതോടെ യുവാവ് കടന്നുകളഞ്ഞു. ആശുപത്രിയിൽ വെച്ച് മരണം.ർ
''ഒരു നിമിഷം കൊണ്ട് പോയത് പോലെയാണ് അവള്. എന്നോട് ആശുപത്രിയിലെ സാറ് വിളിച്ചുപറഞ്ഞത് തല കറങ്ങിക്കിടക്കുന്നെന്നാണ്. വൈറ്റിലയിൽ ഇന്‍റർവ്യൂവിന് പോയതാ. എന്നോട് അങ്ങനെയാ അവള് പറഞ്ഞത്'', എന്ന് കുട്ടിയുടെ അമ്മ പറയുന്നു.
യുവാവിനെ പിന്നീട് അറസ്റ്റ് ചെയ്തു. ഇവർക്ക് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല എന്തുണ്ടായിയെന്ന്. ''എന്‍റെ മൂത്ത മോളാണ് അവള്. എന്‍റെ പൊന്നുമോൾക്ക് എന്താണ് സംഭവിച്ചതെന്ന് അറിയേം വേണം. അവനെ തൂക്കിക്കൊല്ലുകേം വേണം. വേറെയൊരു പെങ്കൊച്ചിനേം അവൻ ഇങ്ങനെ ചെയ്തെന്ന് പറയുന്നു. ഇനിയൊരു പെൺകുട്ടിക്ക് ഇങ്ങനെ വരരുത്. എനിക്കവള് പോയെന്ന് വിശ്വസിക്കാൻ പറ്റണില്ല. ഇവിടന്ന് ചിരിച്ച് കളിച്ച് പോയ ആളാണ്'', കുട്ടിയുടെ അമ്മ പൊട്ടിക്കരഞ്ഞുകൊണ്ട് പറയുന്നു.
പൊലീസ് അറസ്റ്റ് ചെയ്ത യുവാവിന് സമാനമായി വേറെയും ബന്ധങ്ങളുണ്ടായിരുന്നുവന്ന് പൊലീസ് പറയുന്നു. പക്ഷേ പരാതിക്കാരില്ലാത്തതിനാൽ കേസില്ല. രണ്ട് വർഷത്തിനിടെ 20 വയസ്സിന് താഴെയുള്ള 6 പെൺകുട്ടികളാണ് ഇങ്ങനെ സംസ്ഥാനത്ത് കാണാതാവുകയോ മരിക്കുകയോ ചെയ്തത്. 15-നും നാൽപ്പതിനും ഇടയിൽ പ്രായമുള്ള 19 പേർ ഇങ്ങനെ ഇരുളിൽ മറഞ്ഞു. പൊലീസ് കണ്ടെത്തിയതും തിരികെ കൊണ്ടു വന്നതുമായ നിരവധി പേർ. മിക്ക കേസുകളിലും ഓൺലൈൻ ബന്ധങ്ങളുടെ പങ്ക് വളരെ വലുതാണ്.
ജീവനെടുക്കുകയും എന്നന്നേക്കുമായി ഇരുളിൽ നിർത്തുകയും ചെയ്യുന്ന കുരുക്കുമായെത്തുന്ന സൈബർ സൗഹൃദങ്ങളെ തിരിച്ചറിയാൻ കഴിയേണ്ടതുണ്ട്. നിയമത്തേക്കാളും ശിക്ഷയേക്കാളുമുപരി ഈ യാഥാർത്ഥ്യ ബോധമാണ് നമുക്ക് ഫലം ചെയ്യുക.