'ഒരു പെൺകുട്ടിയുമായി സംസാരിച്ചു, അതിനാണ് പോക്സോ കേസ്'; ആദിവാസി യുവാവ് രതിന്‍റെ മരണത്തിൽ പൊലീസിനെതിരെ അന്വേഷണം

By Web Team  |  First Published Nov 6, 2024, 3:32 AM IST

പൊലീസ് പോക്സോ കേസിൽപ്പെടുത്തിയെന്ന് ആരോപിച്ചാണ് അഞ്ചുകുന്ന് സ്വദേശി രതിൻ കഴിഞ്ഞ ദിവസം പുഴയിൽ ചാടി ആത്മഹത്യ ചെയ്തത്. ഒരു പെൺകുട്ടിയുമായി ഓട്ടോയിൽ വച്ച് സംസാരിച്ചതും തുടർന്നുണ്ടായ പ്രശ്നങ്ങളുമാണ് ആത്മഹത്യ കാരണമായത്.


പനമരം:  വയനാട് പനമരത്ത് ആദിവാസി യുവാവ് രതിൻ പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് എസ്പി. പൊലീസിനെതിരെ ആരോപണം ഉയർന്ന സാഹചര്യത്തിൽ വകുപ്പ് തല ആഭ്യന്തര അന്വേഷണം തുടങ്ങി. പൊതുസ്ഥലത്ത് പ്രശ്നമുണ്ടാക്കിയതിന് രതിനെതിരെ എടുത്ത കേസ് ക്രൈംബ്രാഞ്ചും അന്വേഷിക്കും. സംഭവത്തിൽ കുടുംബം ഇന്നലെ മുഖ്യമന്ത്രിക്കും എസ്പിക്കും പരാതി നൽകിയിട്ടുണ്ട്.

പൊലീസ് പോക്സോ കേസിൽപ്പെടുത്തിയെന്ന് ആരോപിച്ചാണ് അഞ്ചുകുന്ന് സ്വദേശി രതിൻ കഴിഞ്ഞ ദിവസം പുഴയിൽ ചാടി ആത്മഹത്യ ചെയ്തത്. ഒരു പെൺകുട്ടിയുമായി ഓട്ടോയിൽ വച്ച് സംസാരിച്ചതും തുടർന്നുണ്ടായ പ്രശ്നങ്ങളുമാണ് ആത്മഹത്യ കാരണമായത്. സംഭവത്തിൽ പൊലീസിന്‍റെ ഭീഷണിയെ തുടർന്നാണ് രതിൻ ആത്മഹത്യ ചെയ്തതെന്ന ആരോപണം കുടുംബവും ഉന്നയിക്കുമ്പോഴാണ് എസ്പി തപോഷ് ബസുമതിരി അന്വേഷണത്തിന് ഉത്തരവിട്ടത്.

Latest Videos

undefined

കമ്പളക്കാട് പൊലീസിനെതിരെ ആരോപണം ഉയർന്നതിൽ കൽപ്പറ്റ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വകുപ്പുതല അന്വേഷണം തുടങ്ങി. കമ്പളക്കാട് സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥരിൽ നിന്ന് ഡിവൈഎസ്പി വിവരങ്ങൾ തേടിയിട്ടുണ്ട്. നേരത്തെ സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ചും അന്വേഷണം നടത്തിയിരുന്നു. മറ്റൊന്ന് പൊതുസ്ഥലത്ത് പ്രശ്നമുണ്ടാക്കിയെന്ന് ആരോപിച്ച് രതിനെതിരെ കമ്പളക്കാട് പൊലീസ് എടുത്ത കേസിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുക.

ഇന്ന് എസ് പി ഓഫീസിലെത്തിയ കുടുംബം വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകി. അന്വേഷണം കൃത്യമല്ലെങ്കില് സമരം നടത്തുമെന്നും കുടുംബം പറഞ്ഞു. പൊലീസ് രകിനെ കള്ളക്കേസിൽ കുടുക്കിയ മനോവിഷമത്തിലാണ് ജീവനൊടുക്കിയതെന്ന് അമ്മാവൻ ഗോപാലൻ പറഞ്ഞു. രതിന്‍റെ ആത്മഹത്യയിൽ അന്വേഷണം ആവശ്യപ്പെട്ട് സിപിഎമ്മും, കോൺഗ്രസും, ബിജെപിയുമടക്കം വിവിധ പാർട്ടികളുടെ പ്രാദേശിക നേതൃത്വങ്ങളും രംഗത്തെത്തിയിട്ടുണ്ട്.

Read More : കൊടൈക്കനാനിലേക്ക് വിനോദയാത്ര, 135 വിദ്യാർത്ഥികൾ പെരുവഴിയിൽ, നരകയാതന; ടൂർ ഓപ്പറേറ്റർക്ക് പണി കിട്ടി, അന്വേഷണം   

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056) 
 

click me!