ഭർത്താവിനെ തല്ലിയോടിച്ച് ഗർഭിണിയെ കൂട്ടബലാത്സംഗം ചെയ്തു, 'ദിശ'യിലും ഒതുങ്ങാതെ ആന്ധ്രയെ ഞെട്ടിച്ച് പീഡനങ്ങൾ

By Manu Sankar  |  First Published May 2, 2022, 4:58 PM IST

റെയില്‍വേസ്റ്റേഷനിൽ ഭർത്താവിനെ തല്ലിയോടിച്ച് ഗർഭിണിയെ കൂട്ട ബലാത്സംഗം ചെയ്തു, 'ദിശ'യിലും ഒതുങ്ങാതെ ആന്ധ്രയെ ഞെട്ടിച്ച് പീഡനങ്ങള്‍


അമരാവതി: തലസ്ഥാനമായ അമരാവതിയില്‍ നിന്ന് 80 കിലോമീറ്റര്‍ ദൂരമെയുള്ളൂ റെപ്പല്ലി റെയില്‍വേസ്റ്റേഷനിലേക്ക്. ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ റെയില്‍വേട്രാക്കിന് സമീപം സാംപിള്‍ പരിശോധിക്കുകയാണ് ഉദ്യോഗസ്ഥര്‍. ഗര്‍ഭിണിയായ യുവതിയുടെ രക്തകറയില്‍ നിന്ന് തെളിവ് തേടുകയാണത്രെ. മുടിക്കെട്ടില്‍ വലിച്ചിഴച്ച് ഇരുമ്പ് പാളത്തിലൂടെ അമ്മയെ വലിച്ചിഴച്ച് കൊണ്ടുപോകുന്നത് ഇരുണ്ട വെളിച്ചെത്തില്‍ നിസ്സഹായരായി കണ്ടുനിന്നിരുന്നു ആ കുടുംബം. ദിശ നിയമം പാസായ അമരാവതിയിലെ ഭരണസിരാകേന്ദ്രത്തിലേക്ക് ആ കരച്ചില്‍ കേട്ടില്ലെന്ന് മാത്രം.. 

മൂന്ന് മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം പ്ലാറ്റ് ഫോമില്‍ ബെഞ്ചിലിരുന്ന് ഉറങ്ങുകയായിരുന്ന യുവതിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. ഫാംഹൗസ് തൊഴിലാളികളായ ഇവര്‍, ഞയറാഴ്ച അര്‍ധരാത്രിയോടെയാണ് പ്രകാശം ജില്ലയില്‍ നിന്ന് റേപ്പല്ലി സ്റ്റേഷനിലെത്തിയത്. കൃഷ്ണ ജില്ലയിലെ ഫാമിലേക്ക് പുലര്‍ച്ചെയുള്ള ട്രെയിന്‍ കാത്തിരിക്കുകയായിരുന്നു. മക്കള്‍ക്കൊപ്പം ട്രെയിനില്‍ നേരം പുലരുന്നത് സ്വപ്നം കണ്ട് തീരുമുമ്പാണ് മൂന്ന് പേര്‍ ചേര്‍ന്ന് കുടുംബത്തെ അക്രമിച്ച് യുവതിയെ വലിച്ചിഴച്ച് സമീപത്തെ കുറ്റിക്കാട്ടില്‍ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തത്. 

Latest Videos

undefined

അധികം തിരക്കില്ലാത്ത റെപ്പല്ലി സ്റ്റേഷനിലെ സ്ഥിരം സന്ദര്‍ശകരായ മൂന്ന് യുവാക്കളാണ് കരുതികൂട്ടി അക്രമണം നടത്തിയത്. ചുറ്റുപാടും ആരുമില്ലെന്ന് ഉറപ്പിച്ച ശേഷം മൂന്ന് പേരും കുടുംബത്തിന്‍റെ അടുത്തെത്തി സമയം ചോദിച്ചു. കൈയ്യില്‍ വാച്ചില്ലെന്ന് പറഞ്ഞ് ഭര്‍ത്താവ് ഇവരെ തിരിച്ചയച്ചു. കുറച്ച് സമയം കഴിഞ്ഞ് വീണ്ടും തിരിച്ചെത്തിയ സംഘം ഇവരോട് പണം ആവശ്യപ്പെട്ടു. വഴിചിലവിനുള്ള 750 രൂപ മാത്രമേ കൈയ്യിലുള്ളൂവെന്നും കുട്ടികളെ ഓര്‍ത്ത് വെറുതെ വിടണമെന്നും അപേക്ഷിച്ചെങ്കിലും സംഘം പിന്‍മാറിയില്ല. 

കൈയ്യിലുണ്ടായിരുന്ന 750 രൂപയും തട്ടിപ്പറിച്ചു. കുട്ടികള്‍ക്ക് വെള്ളം വാങ്ങാന്‍ പോലും പറ്റാത്ത സ്ഥിതിയാണെന്ന് പറഞ്ഞ് ഭര്‍ത്താവും യുവതിയും തര്‍ക്കിച്ചതോടെ മര്‍ദ്ദനം തുടങ്ങി. ഭര്‍ത്താവിനെ മൂന്ന് പേരും ചേര്‍ന്ന് മര്‍ദ്ദിച്ചു. തടയാന്‍ ശ്രമിച്ച കുട്ടികളെയും അക്രമിച്ചു. ഉറക്കെ ബഹളം വച്ചെങ്കിലും കരച്ചില്‍ ആരും കേട്ടില്ല. പിന്നാലെ ഗര്‍ഭിണിയായ യുവതിയെ റെയില്‍വേട്രാക്കിലേക്ക് തള്ളിയിട്ടു. യുവതിയുടെ മുടിക്കെട്ടില്‍ പിടിച്ചുവലിച്ച് ട്രാക്കിലൂടെ വലിചിഴച്ചുകൊണ്ടുപോയി...തടയാനെത്തിയ ഭര്‍ത്താവിനെ ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ചു..

ചോരയൊലിക്കുന്ന ശരീരവുമായി ഭര്‍ത്താവ്, സഹായം തേടി റെയില്‍വേ പൊലീസിനെ (GRP) സമീപിച്ചെങ്കിലും ടൗണ്‍ പൊലീസിനോട് പറയാനായിരുന്നു മറുപടി. ആര്‍പിഎഫിലെ രണ്ട് ഉദ്യോഗസ്ഥര്‍ (RPF) സര്‍ക്കാര്‍ രേഖയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നെങ്കിലും ഇവര്‍ എവിടെയായിരുന്നു എന്നതില്‍ വ്യക്തതയില്ല.റോഡില്‍ കണ്ടവരോട് വഴിചോദിച്ച് രണ്ട് കിലോമീറ്റര്‍ ദൂരെയുള്ള ടൗണ്‍ സ്റ്റേഷന് വരെ നടന്ന് പോയി പൊലീസുകാരെ വിവരം അറിയിക്കുന്നത് വരെ ആരും അനങ്ങിയില്ല. ടൗണ്‍ സ്റ്റേഷനില്‍ നിന്ന് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് കുറ്റിക്കാട്ടില്‍ അവശനിലയില്‍ യുവതിയെ കണ്ടെത്തിയത്. യുവതിയേയും കുടുംബത്തെയും രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് മാറ്റിയിരിക്കുകയാണ്..യുവതിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കൂട്ടബലാത്സംഗം ചെയ്ത മൂന്ന് പേരെയും റെപ്പല്ലിയില്‍ നിന്ന് തന്നെ അറസ്റ്റ് ചെയ്തു. ഗുണ്ടൂര്‍ സ്വദേശികളായ ഇരുപത്തിയഞ്ചുകാരന്‍ വിജയ് കൃഷ്ണ, ഇരുപതുകാരന്‍ നിഖില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളുമാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ ഇതേസ്റ്റേഷനില്‍ നേരത്തെ മോഷണകുറ്റങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

ഈ സംഭവത്തിന്‍റെ ഞെട്ടല്‍ വിട്ടുമാറും മുമ്പാണ് വിജയവാഡയില്‍ നിന്ന് മറ്റൊരു പീഡനവാര്‍ത്ത. 'പതിനേഴുകാരിയെ പീഡിപ്പിച്ച ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍' ; ബെംഗളൂരുവില്‍ നിന്ന് സുഹൃത്തിനെ കാണാനെത്തിയ പതിനേഴുകാരിയെ ഹോട്ടിലിലേക്കെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പ് കൊണ്ടുപോയി ആളൊഴിഞ്ഞ പ്രദേശത്ത് വച്ചായിരുന്നു പീഡനം. പെണ്‍കുട്ടി 100ലേക്ക് വിളിച്ചത് അനുസരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. സംഭവശേഷം പെണ്‍കുട്ടിയെ അവിടെ തന്നെ ഉപേക്ഷിച്ച് ഓട്ടോയുമായി കടന്നുകളഞ്ഞ ജഗദീപ് എന്ന ഇരുപത്തിയഞ്ചുകാരനെ പട്ടണത്തില്‍ നിന്ന് തന്നെ അറസ്റ്റ് ചെയ്തു. 

ദിവസങ്ങള്‍ക്ക് മുമ്പാണ് പതിമൂന്നുകാരിയെ എട്ട് മാസത്തോളം ബലാത്സംഗം ചെയ്ത 80 പേര്‍ ആന്ധ്രയില്‍ അറസ്റ്റിലായത്. കോളേജ് വിദ്യാര്‍ത്ഥികളും പ്രവാസികളും അടക്കമാണ് പിടിയിലായത്. കൊവിഡ് സമയത്ത് സാമ്പത്തിക പ്രതിസന്ധിയിലായ കുടുംബത്തില്‍ നിന്ന് പെണ്‍കുട്ടിയെ ഏറ്റെടുത്ത യുവതി മറ്റുള്ളവര്‍ക്കായി പെണ്‍കുട്ടിയെ കാഴ്ചവയ്ക്കുകയായിരുന്നു. നാല് കാറുകളും, 55 മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിരുന്നു. വിദേശത്തേക്ക് കടന്ന പ്രതികള്‍ക്കായി ഇപ്പോഴും അന്വേഷണം തുടരുകയാണ്. 

തുടര്‍പീഡനങ്ങളുടെ പശ്ചാത്തലത്തില്‍ ജഗ്ഗന്‍മോഹന്‍ റെഡ്ഢി സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് പ്രതിപക്ഷം. സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഹൈദരാബാദ് മാതൃകയില്‍ പ്രതികളെ വെടിവച്ചുകൊല്ലണമെന്ന ആവശ്യമാണ് ഉയരുന്നത്...
 

click me!