ചെക്ക് പോസ്റ്റിൽ പിടിയിലാവുന്ന സമയത്ത് 21 ലക്ഷം രൂപയും 50 ലക്ഷം രൂപ വില വരുന്ന സ്വർണം, വെള്ളി ആഭരണങ്ങളുമാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്
ഭുവനേശ്വർ: രാത്രികാലങ്ങളിൽ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ സമയം ചെലവിട്ടിരുന്ന മോഷ്ടാവ് പിടിയിൽ. വർഷങ്ങളായി പൊലീസിനെ പറ്റിച്ച് മുങ്ങി നടന്നിരുന്ന മോഷ്ടാവാണ് ഒടുവിൽ ഭുവനേശ്വറിൽ വച്ച് പിടിയിലായത്. പരശുരാം ഗിരി എന്ന മോഷ്ടാവ് 21 ലേറെ മോഷണ കേസുകളിലെ പ്രതിയാണ്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മാത്രമാണ് ഇയാൾക്കെതിരെ 21 കേസുകൾ ചുമത്തിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം സ്ഥാപിച്ച പ്രത്യേക ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് മോഷ്ടാവ് കുടുങ്ങിയത്.
പ്രധാന നഗരങ്ങളിലെ അടഞ്ഞ് കിടക്കുന്ന വീടുകളിലായിരുന്നു ഇയാൾ മോഷണങ്ങളിലേറെയും നടത്തിയിരുന്നത്. ജനൽ തകർത്ത് അകത്ത് കയറി പണവും ആഭരണവും മോഷ്ടിക്കുന്നതായിരുന്നു ഇയാളുടെ രീതി. ആഡംബര ജീവിതം നയിച്ചിരുന്ന ഇയാൾ മെട്രോ നഗരങ്ങളിലെ പഞ്ച നക്ഷത്ര ഹോട്ടലുകളിലും ബാറുകളിലും പബ്ബുകളിലുമാണ് മോഷ്ടിച്ച വസ്തുക്കൾ വിറ്റുകിട്ടിയ തുക ചെലവിട്ടിരുന്നത്.
ഭുവനേശ്വറിൽ ഇയാൾ ഫ്ലാറ്റുകൾ വാടകയ്ക്ക് നൽകിയതായും ആഡംബര വാഹനങ്ങളാണ് ഇയാൾ ഉപയോഗിച്ചിരുന്നതെന്നും പൊലീസ് വിശദമാക്കി. ചെക്ക് പോസ്റ്റിൽ പിടിയിലാവുന്ന സമയത്ത് 21 ലക്ഷം രൂപയും 50 ലക്ഷം രൂപ വില വരുന്ന സ്വർണം, വെള്ളി ആഭരണങ്ങളുമാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്. ഇയാളുടെ കയ്യിൽ നിന്ന് സ്വന്തം പേരിലുള്ള ആഡംബര ഫ്ലാറ്റുകളുടെ പേപ്പറുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം