യുവതിയെ കൊള്ളയടിച്ച് ബൈക്ക് ടാക്സി ഡ്രൈവർ, പിടികൂടാനെത്തിയ പൊലീസിന് നേരെ വെടിവയ്പ്, അറസ്റ്റ്

By Web Team  |  First Published Jun 1, 2024, 2:15 PM IST

യുവാവിൽ നിന്ന് രണ്ട് തോക്കുകളും ഇയാളുടെ വീട്ടിൽ നിന്ന് 315ഓളം തോക്കുകളാണ് പൊലീസ് കണ്ടെത്തിയത്.


ദില്ലി: റെയിൽവേ സ്റ്റേഷനിലേക്ക് ബൈക്ക് ടാക്സിയെടുത്തു. പണം നൽകുന്നതിനിടെ യുവതിയെ കൊള്ളയടിച്ച് ബൈക്ക് ടാക്സി ഡ്രൈവർ. മുങ്ങിയ യുവാവിനെ സിനിമാ സ്റ്റൈൽ ചേസിനൊടുവിൽ പിടികൂടി പൊലീസ്. ഗ്രേറ്റർ നോയിഡയിലാണ് സംഭവം. ഗ്രേറ്റർ നോയിഡയിൽ നിന്ന് സെക്ടർ 52ലെ  മെട്രോ സ്റ്റേഷനിലേക്ക് പോകാനാണ് അധിര സക്സേന എന്ന യുവതി ബൈക്ക് ടാക്സി വിളിച്ചത്. സ്റ്റേഷന് മുന്നിൽ ഇറങ്ങി പണം നൽകാനൊരുങ്ങുന്നതിനിടെയാണ് ബൈക്ക് ടാക്സി ഡ്രൈവർ യുവതിയുടെ മൊബൈൽ ഫോണും ലാപ്ടോപ്പും ബാഗും അടക്കമുള്ളവ അടിച്ച് മാറ്റി കടന്ന് കളയുന്നത്. 

പ്രമോദ് എന്നായിരുന്നു ടാക്സി ഡ്രൈവറുടെ പേര് ആപ്പിൽ നിന്ന് ലഭിച്ചത്. നോയിഡയിൽ നിന്ന് ഗ്രേറ്റർ നോയിഡയിലേക്കുള്ള യുവാവിന്റെ യാത്ര നിരീക്ഷിച്ചാണ് പൊലീസ് യുവാവിനെ പിടികൂടിയത്. പിടികൂടാനെത്തിയ പൊലീസിന് നേരെ യുവാവ് വെടിയുതിർത്തതോടെയാണ് നേരിടുന്നത് വെറുമൊരു ബൈക്ക് ടാക്സിക്കാരനെ അല്ലെന്ന് പൊലീസിന് മനസിലാവുന്നത്. 

Latest Videos

പൊലീസിനെ വെട്ടിച്ച് പോകാനൊരുങ്ങിയ യുവാവിനെ പൊലീസ് പിന്തുടർന്നും നഗരത്തിലെ ട്രാഫിക് പൊലീസും കൂടി സഹായിച്ചതോടെ യുവാവിനെ അതിസാഹസികമായി പിടികൂടുകയായിരുന്നു. യുവാവ് വെടിവയ്പ് നടത്തിയതിൽ പൊലീസിന് നിസാര പരിക്കേറ്റിട്ടുണ്ട്. യുവാവിൽ നിന്ന് രണ്ട് തോക്കുകളാണ് പൊലീസ് കണ്ടെത്തിയത്. ഇയാളുടെ വീട്ടിൽ നിന്ന് 315ഓളം തോക്കുകളാണ് പൊലീസ് കണ്ടെത്തിയത്. വ്യാഴാഴ്ച സമാനമായ മറ്റൊരു സംഭവം ഗാസിയാബാദിലുണ്ടായിരുന്നു. 34കാരനായ ലോജിസ്റ്റിക് മാനേജറെയാണ് ബൈക്ക് ടാക്സിക്കാരൻ ഗാസിയാബാദിൽ കൊള്ളയടിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!