ഇടപാടുകാരനെന്ന വ്യാജേന സമീപിച്ച പൊലീസുകാരനെ ആളറിയാതെ ഇവർ ഹോട്ടലിനുള്ളിലെത്തിച്ച് ലഹരി വസ്തു കൈമാറിയതിന് പിന്നാലെയാണ് നൈജീരിയൻ സ്വദേശിനി അറസ്റ്റിലായത്
ബെംഗളൂരു: പുറമേ നിന്ന് നോക്കിയാൽ ഹോട്ടലും ഗ്രോസറി കടയും അകത്ത് കോടികളുടെ എംഡിഎംഎ ഇടപാട്. വിസാ നിയമങ്ങൾ അടക്കം ലംഘിച്ച് ബെംഗളൂരുവിൽ രാസ ലഹരി വിൽപന നടത്തിയിരുന്ന നൈജീരിയൻ യുവതി അറസ്റ്റിൽ. ബെംഗളൂരുവിലെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയിൽ സെൻട്രൽ ക്രൈം ബ്രാഞ്ച് പിടികൂടിയത് 24 കോടി രൂപയുടെ എംഡിഎംഎയും മറ്റ് രാസ ലഹരി വസ്തുക്കളും. വിതരണത്തിന് തയ്യാറാക്കിയ നിലയിലുള്ള ലഹരിമരുന്നാണ് പൊലീസ് പിടികൂടിയത്. 12 കിലോ എംഡിഎംഎയാണ് നെജീരിയൻ യുവതിയിൽ നിന്ന് പിടികൂടിയത്. ചൊവ്വാഴ്ചയാണ് വലിയ രീതിയിലുള്ള ലഹരിമരുന്ന് ഇടപാട് പൊലീസ് കണ്ടെത്തിയത്.
റോസ്ലിം ഔൾച്ചി എന്ന 40 കാരിയെയാണ് പൊലീസ് പിടികൂടിയത്. ബെംഗളൂരുവിലെ കിഴക്കൻ മേഖലയിലെ കെ ആർ പുരം ഭാഗത്തെ ഹോട്ടലിൽ നിന്നാണ് ലഹരിമരുന്ന് കണ്ടെത്തിയത്. ഇന്ത്യയിലേക്ക് അഞ്ച് വർഷം മുൻപാണ് റോസ്ലിം എത്തിയത്. വിസ കാലാവധി കഴിഞ്ഞ ശേഷവും ഇവർ ഇന്ത്യയിൽ തങ്ങുകയായിരുന്നു. മുംബൈയിൽ നിന്ന് എത്തിയ മറ്റൊരു നൈജീരിയൻ യുവതിയും ഇവർക്കൊപ്പമുണ്ടായിരുന്നു.
undefined
പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസുകാർ തന്നെ എംഡിഎംഎ ആവശ്യക്കാരായി 40കാരിയെ സമീപിക്കുകയായിരുന്നു. കെ ആർ പുരയിലെ ബസ് സ്റ്റാൻഡിൽ വച്ച് 40 കാരിയുമായി കണ്ട ശേഷം വിശ്വാസം തോന്നിയ യുവതി പൊലീസുകാരനെ ഹോട്ടലിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇവിടെയെത്തി ഇടപാട് നടത്തുന്നതിനിടെ ഇവരെ പൊലീസ് കയ്യോടെ പിടികൂടുകയായിരുന്നു. വിവിധ പേരുകളിലായി വാങ്ങിക്കൂട്ടിയ 70 സിം കാർഡുകളാണ് 40 കാരിയിൽ നിന്ന് കണ്ടെത്തിയത്. ടിസി പല്യയിലെ ഇവരുടെ വസതിയിലായിരുന്നു ലഹരി മരുന്ന് ശേഖരിച്ച് വച്ചിരുന്നത്.
മുംബൈയിൽ നിന്ന് എത്തിയ നൈജീരിയൻ സ്വദേശിയായ യുവതിയിൽ നിന്നാണ് ലഹരിമരുന്ന് ഇടപാട് സംബന്ധിയായ സൂചന പൊലീസിന് ലഭിക്കുന്നത്. അടുത്തിടെ ബെംഗളൂരുവിൽ നടന്ന ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയാണ് ഇതെന്നാണ് പൊലീസ് വിശദമാക്കുന്നത്. എംഡിഎംഎയ്ക്ക് ഒപ്പം കഞ്ചാവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിദേശ പൌരന്മാരും കോളേജ് വിദ്യാർത്ഥികളും സ്വകാര്യ കമ്പനി ജീവനക്കാർ അടക്കമുള്ളവർ ഇവരുടെ സ്ഥിരം കസ്റ്റമർമാർ ആയിരുന്നുവെന്നാണ് പൊലീസ് ചൊവ്വാഴ്ച വിശദമാക്കിയത്. ശീതീകരിച്ച മത്സ്യ പാക്കറ്റുകളിലും ഉണക്ക മീനുകളിലുമായാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്
ബെംഗളൂരുവിൽ നിന്ന് മാത്രം നാല് വ്യത്യസ്ത സംഭവങ്ങളിൽ നിന്നായി പൊലീസ് കണ്ടെത്തിയത് 189 കിലോ കഞ്ചാവാണ്. വിപണയിൽ 1.21 കോടി വില വരുന്ന കഞ്ചാവുമായി 11 പേരാണ് അറസ്റ്റിലായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം