വ്യാഴാഴ്ച രാത്രിയാണ് ഹര്‍ഷിതയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ്.
ബംഗളൂരു: ബംഗളൂരുവില്‍ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം വര്‍ഷ ബിടെക് വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഹാസന്‍ സ്വദേശിയായ ഹര്‍ഷിത (18) ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രിയാണ് ഹര്‍ഷിതയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ജനലിലൂടെ തൂങ്ങി മരിച്ച നിലയില്‍ കണ്ട സഹപാഠികള്‍ ഹോസ്റ്റല്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്ത് കയറി ഹര്‍ഷിതയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. സംഭവ സ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയില്ല. ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ച് വിശദമായ അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
ഹോസ്റ്റലിലെ സുഹൃത്ത് നാട്ടില്‍ പോയ ശേഷം ഹര്‍ഷിത മാത്രമായിരുന്നു മുറിയിലുണ്ടായിരുന്നത്. മരണത്തിന് മുന്‍പ് ഹര്‍ഷിത തന്നെ ഫോണില്‍ വിളിച്ചിരുന്നുവെന്ന് പിതാവ് കേശവമൂര്‍ത്തി മാധ്യമങ്ങളോട് പറഞ്ഞു. രാത്രി എട്ടു മണിയോടെയാണ് ഹര്‍ഷിത വിളിച്ചത്. പിന്നീട് 10.30ന് ഹോസ്റ്റല്‍ അധികൃതര്‍ വിളിച്ചപ്പോഴാണ് മരിച്ച വിവരം അറിഞ്ഞത്. സംഭവത്തില്‍ വ്യക്തമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും പിതാവ് പറഞ്ഞു.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുള്ളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471 -255 2056.