ബെംഗളൂരുവിൽ എയർഹോസ്റ്റസിനെ ഫ്ലാറ്റിന്റെ നാലാം നിലയിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കാമുകനെതിരെ ആരോപണവുമായി അമ്മ.
ബെംഗളൂരു: ബെംഗളൂരുവിൽ എയർഹോസ്റ്റസിനെ ഫ്ലാറ്റിന്റെ നാലാം നിലയിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കാമുകനെതിരെ ആരോപണവുമായി അമ്മ. 28 കാരിയായ അർച്ചനാ ധിമാനെയെയാണ് നേരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. കോറമംഗല മല്ലപ്പ റെഡ്ഡി ലേഔട്ടിലെ എട്ടാം ബ്ലോക്കിലെ അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണു എന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകൾ. എന്നാൽ മകളെ സുഹൃത്ത് ആദേശ് തള്ളിയിട്ടതാണെന്ന് കാണിച്ചാണ് അമ്മ പരാതി നൽകിയിരിക്കുന്നത്. അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോറമംഗല പൊലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച അർദ്ധരാത്രിയോടെയായിരുന്നു സംഭവം. കെട്ടിടത്തിന്റെ നാലാം നിലയിലെ ഇടനാഴിയിൽ നിന്ന് അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നുവെന്നാണ് സുഹൃത്തും കാസര്‍കോട് സ്വദേശിയുമായ ആദേശ് (26) പൊലീസിനോട് പറഞ്ഞത്. ആദേശിനെ കാണാനായാണ് അര്‍ച്ചന ദുബൈയിൽ നിന്നെത്തിയത്. അർച്ചന വീഴുന്ന സമയം താൻ ഫ്ലാറ്റിൽ ഉണ്ടായിരുന്നതായി യുവാവ് പറഞ്ഞു. അർച്ചന ഇടനാഴിയിലൂടെ പുറത്തേക്ക് നടക്കുമ്പോൾ അബദ്ധത്തിൽ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് മൊഴി. ആശുപത്രിയിലേക്കുള്ള വഴയിൽ ആദേശ് തന്നെയാണ് അര്‍ച്ചന കെട്ടിടത്തിൽ നിന്ന് വീണതായി പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് അറിയിച്ചത്. ഗുരുതരമായി പരിക്കേറ്റ അർച്ചനയെ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ എത്തിയപ്പോഴേക്കും മരിക്കുകയായിരുന്നു.
മൃതദേഹം ഞായറാഴ്ച പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. അർച്ചന അബദ്ധത്തിൽ വീണതാണോ താഴേക്ക് ചാടിയതാണോ അതോ തള്ളിയിട്ടതാണോ എന്നത് പൊലീസ് അന്വേഷിച്ചുവരികയാണ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നും ഇരുവരും ബന്ധം പുലർത്തിയിരുന്നതായി വ്യക്തമായെന്നും പൊലീസ് പറഞ്ഞു. യുവാവിനെ ചോദ്യം ചെയ്യൽ തുടരുകയാണ്.
സംഭവ ദിവസം ഇരുവരും ഒരു മാളിൽ സിനിമ കാണാൻ പോയിരുന്നുവെന്നും അത്താഴം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു. സംഭവസമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നു. അര്‍ച്ചനയുടെ മരണത്തിന് തൊട്ടുമുമ്പ് ഇരുവരും വഴക്കിട്ടതായും മുമ്പും പലതവണ ഇവര്‍ തമ്മിൽ വഴക്കുണ്ടായിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
Read more: വീട്ടിൽ അതിക്രമിച്ച് കയറി, ഉറങ്ങിക്കിടക്കുന്ന യുവാവിനെ സഹോദരിയുടെ മുൻ ഭർത്താവ് കുത്തിക്കൊന്നു
ഹിമാചൽ പ്രദേശ് സ്വദേശിയായ അർച്ചന, ദുബായ് ആസ്ഥാനമായുള്ള എയർലൈനിലെ ജീവനക്കാരിയാണ്. ഡേറ്റിംഗ് ആപ്പ് വഴിയാണ് ആദേശിനെ പരിചയപ്പെട്ടത്. കഴിഞ്ഞ എട്ട് മാസമായി ഇരുവരും സുഹൃത്തുക്കളായിരുന്നു. അർച്ചന ഇടയ്ക്കിടെ ബെംഗളൂരു സന്ദർശിക്കുകയും ആദേശിനൊപ്പം താമസിക്കുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. ബുധനാഴ്ച ബംഗളൂരുവിൽ എത്തിയ അർച്ചന ആദേശിനൊപ്പമാണ് താമസിച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ബാംഗ്ലൂരിലെ ഒരു സ്വകാര്യ കമ്പനിയിൽ ഓർഡർ ടെക്നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു ആദേശ്.