കൊച്ചിയിലെ ബ്യൂട്ടി പാർലർ വെടിവയ്പ് കേസ് കേരളത്തിലുണ്ടാക്കിയ കോലാഹലം ചെറുതല്ല. മുംബൈ അധോലോകത്തിൽ നടക്കുന്ന തരം കുറ്റകൃത്യം, അതും വെടിവയ്പ് നടത്തിയുള്ള ഭീഷണികൾ - ഇതൊക്കെ മലയാളി ആദ്യമായി നേരിട്ട് കാണുകയും കേൾക്കുകയും ചെയ്യുകയായിരുന്നു. കൊച്ചി നഗരമധ്യത്തിൽ പട്ടാപ്പകലാണ് വെടിവയ്പ്പ് നടന്നതെന്നത് സംഭവത്തിന്‍റെ ഗൗരവം കൂട്ടുകയും ചെയ്തു. എന്നാൽ കേസുമായി ബന്ധപ്പെട്ട് ക്വട്ടേഷൻ നേരിട്ട് ഏറ്റെടുത്ത രണ്ട് പേരെ അറസ്റ്റ് ചെയ്തതോടെ പൊലീസിന് കിട്ടിയത് ആശങ്കയുണ്ടാക്കുന്ന പല പുതിയ വിവരങ്ങളുമാണ്. അവയെക്കുറിച്ച് ഞങ്ങളുടെ പ്രതിനിധി വൈശാഖ് ആര്യൻ എഴുതുന്നു.
കൊച്ചി നഗരമധ്യത്തിൽ പട്ടാപ്പകൽ രണ്ട് പേർ ബൈക്കിൽ തോക്കുമായി എത്തുന്നു, ആഡംബര ബ്യൂട്ടിപാർലറിന് മുന്നിലേക്ക് ഇരച്ചെത്തുന്ന ഇരുവരും വെടിവയ്പ് നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മിന്നൽ വേഗത്തിൽ മടങ്ങുന്നു. മലയാളി മുംബൈ അധോലോകം വിഷയമാക്കിയ സിനിമകളിൽ മാത്രം കണ്ട സീനുകളാണ് ഡിസംബർ 15-ന് കൊച്ചി നഗര മധ്യത്തിൽ അരങ്ങേറിയത്.
കേരളത്തിൽ കോളിളക്കമുണ്ടാക്കിയ ബ്യൂട്ടി പാർലർ വെടിവയ്പ് കേസുമായി ബന്ധപ്പെട്ട് ക്വട്ടേഷൻ നടപ്പാക്കിയ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തത് വ്യാഴാഴ്ചയാണ്. അതായത് കൃത്യം നടന്ന് ഏതാണ്ട് നാല് മാസത്തിന് ശേഷം. അധോലോക കുറ്റവാളി രവി പൂജാരിയുമായി അടുത്ത ബന്ധമുള്ള കാസർകോട്ടെ ഒരാൾ നൽകിയ ക്വട്ടേഷൻ എറണാകുളം സ്വദേശികളായ ബിലാലും വിപിൻ വർഗീസും എടുക്കുകയായിരുന്നു. വാഗ്‍ദാനം ചെയ്തത് അമ്പത് ലക്ഷം രൂപയാണ്. പക്ഷേ നാൽപ്പത്തി അയ്യായിരം രൂപ മാത്രമേ ഇരുവർക്കും കിട്ടിയുള്ളൂ എന്നതാണ് രസകരം. പ്രതികളെ ചോദ്യം ചെയ്തപ്പോൾ പൊലീസിന് ലഭിച്ചത് നിരവധി പുതിയ വിവരങ്ങളാണ്.
കൊച്ചിയിലെ 'അമേരിക്ക'
കൊച്ചി നഗരത്തിലെ സമ്പന്നർ കഴിയുന്ന ഇടമായ പനമ്പള്ളി നഗറില്‍ നടി ലീന മരിയ പോളിന്‍റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാർലറിലെത്തി വെടിയുതിർത്ത രണ്ടു പ്രതികളും ഡിസംബർ 15-ന് കൃത്യം നടപ്പാക്കിയതിന് ശേഷം രക്ഷപ്പെട്ടത് 'അമേരിക്ക'യിലേക്കാണ്. ഇനി അമേരിക്കയിലെ കുപ്രസിദ്ധമായ 'ഡിട്രോയിറ്റ് തെരുവിലേ'ക്കോ മറ്റോ ആണെന്ന് അദ്ഭുതപ്പെടണ്ട. കൊച്ചിയിൽത്തന്നെയായിരുന്നു ഇരുവരും. കൊച്ചിയിലെ 'അമേരിക്ക' എന്നറിയപ്പെടുന്ന ഒളി സങ്കേതത്തിലേക്കാണ് ബൈക്കുമായി പ്രതികളായ ബിലാലും വിപിൻ വർഗീസും പറന്നെത്തിയത്.
ഡിസംബർ 15-ന് കളമശ്ശേരി മെഡിക്കല്‍ കോളേജ് ഭാഗത്തുനിന്ന് ബൈക്കിൽ പുറപ്പെട്ട് സീപോർട്ട് - റോഡ് കടന്ന് ചിലവന്നൂർ ബണ്ട് റോഡ് വഴി വന്ന് ബ്യൂട്ടിപാർലറിലെത്തി വെടിവയ്പ് നടത്തിയ ശേഷം ഇരുവരും അത് വഴി തന്നെ തിരിച്ചു പോയി. തൃക്കാക്കര എന്‍എഡി ഭാഗത്ത് കാടിനകത്താണ് കൊച്ചിയിലെ ക്വട്ടേഷൻ സംഘാംഗങ്ങൾക്കിടയിൽ 'അമേരിക്ക' എന്നറിയപ്പെടുന്ന ഒളിസങ്കേതമുള്ളത്. തൽക്കാലം സുരക്ഷിതമായ ഇടമാണിതെന്ന് കണ്ടെത്തിയ ഇരുവരും 'അമേരിക്ക'യിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു.
ക്വട്ടേഷന്‍ നല്‍കിയവരും പറ്റിച്ചു
മുംബൈയിലെ അധോലോക കുറ്റവാളിയായ രവി പൂജാരിയുടെ സംഘാംഗമായ കാസർകോട് സ്വദേശി നല്‍കിയ ക്വട്ടേഷനാണ് എറണാകുളം സ്വദേശികളായ ബിലാലും, വിപിന്‍ വർഗീസും ഏറ്റെടുത്തത്. 50 ലക്ഷം രൂപയുടേതായിരുന്നു ക്വട്ടേഷന്‍. ബ്യൂട്ടിപാർലറിലെത്തി വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കണമെന്നതായിരുന്നു ക്വട്ടേഷൻ. പക്ഷേ കൃത്യം നടത്തിയശേഷം ഇതുവരെ ലഭിച്ചത് വെറും 45000 രൂപ മാത്രമാണെന്നാണ് ഇരുവരും ചോദ്യം ചെയ്യലില്‍ പോലീസിനോട് വെളിപ്പെടുത്തിയത്. ഇരുവരെയും കൂടാതെ കൂടുതല്‍ പേർ ക്രൈംബ്രാഞ്ചിന്‍റെ കസ്റ്റഡിയിലുണ്ടെന്നും സൂചനയുണ്ട്.
ദുരൂഹത നിറഞ്ഞ ''THE NAIL ARTISTRY''
പനമ്പിള്ളി നഗറിലെ നടി ലീന മരിയ പോളിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തെ ചുറ്റിപ്പറ്റി ചില സംശയങ്ങള്‍ പോലീസിന് ഇപ്പോഴുമുണ്ട്. ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തി 25 കോടി രൂപയാണ് രവി പൂജാരി ആവശ്യപ്പെട്ടത്. തുക നല്‍കാതിരുന്നപ്പോള്‍ വീണ്ടും നിരന്തരം ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി. ലീന പോലീസില്‍ ഇത് പരാതിയായി അറിയിക്കും മുന്‍പേ പോലീസ് ഈ വിവരങ്ങള്‍ അറിഞ്ഞിരുന്നു എന്നാണ് സൂചന.
രവി പൂജാരി ബ്യൂട്ടി പാർലറില്‍ ക്വട്ടേഷൻ നല്‍കി ആക്രമണം നടത്തുമെന്നും പോലീസിന് വിവരമുണ്ടായിരുന്നു. കൊല്ലം സ്വദേശിയായ ഒരു ഡോക്ടർ വഴിയാണ് ലീനയും രവി പൂജാരിയുമായുള്ള തർക്കം പോലീസ് അറിഞ്ഞത്. വെടിവയ്പ് നടക്കുന്നതിന് 3 ദിവസം മുന്‍പ് വരെ സിറ്റിയിലെ ഷാഡോ പോലീസ് ബ്യൂട്ടി പാർലറിന് സമീപം കാവല്‍ നിന്നിരുന്നു. ഈ ബഹളത്തിനിടയ്ക്ക് മികച്ച ബ്യൂട്ടിപാർലറിനുള്ള പുരസ്കാരം കരീന കപൂറില്‍ നിന്നും ഉടമ ലീന മരിയ പോള്‍ ഏറ്റുവാങ്ങുന്ന ചിത്രം ദേശീയ മാധ്യമം പ്രസിദ്ധീകരിച്ചതും കൗതുകമുണർത്തി.
വെടിവയ്പ് നടന്ന് ലീന പരാതിയുമായി മുന്നോട്ട് പോയപ്പോള്‍ രവി പൂജാരി ഏഷ്യാനെറ്റ് ന്യൂസ് വഴിയാണ് ഇത് തന്‍റെ ക്വട്ടേഷൻ ആണെന്ന് വെളിപ്പെടുത്തിയത്. ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ബ്യൂറോ ചീഫ് ജോഷി കുര്യന്‍റെ ഫോണിലേക്ക് നേരിട്ട് വിളിച്ചാണ് രവി പൂജാരി വെളിപ്പെടുത്തല്‍ നടത്തിയത്. കേസില്‍ ഈ ഫോൺ രേഖകളും നിർണായകമായി.
കേസ് അന്വേഷിച്ചത് ഇവരൊക്കെ
സംസ്ഥാനത്ത് അപൂർവമായി കണക്കാക്കുന്ന കേസുകളിലൊന്നാണ് ബ്യൂട്ടിപാർലർ വെടിവയ്പ് കേസ്. രവി പൂജാരിയുടെയടക്കം പങ്ക് വെളിപ്പെട്ടതോടെ ഉന്നത പോലീസ് സംഘം കേസില്‍ നേരിട്ട് ശ്രദ്ധ പുലർത്തിയിരുന്നു. സെനഗലില്‍ വച്ച് പൂജാരി പിടിയിലായതോടെ ആകാംക്ഷ വർദ്ധിച്ചു. കേസില്‍ കേരളത്തില്‍ തുമ്പുണ്ടാക്കുകയും പട്ടാപ്പകല്‍ കൊച്ചി പോലൊരു നഗരമധ്യത്തില്‍ വെടിവയ്പ് നടത്തുകയും ചെയ്ത പ്രതികളെ പിടികൂടുകയെന്നത് സേനയുടെ അഭിമാന പ്രശ്നമാവുകയും ചെയ്തു.
തൃക്കാക്കര അസിസ്റ്റന്‍റ് കമ്മീഷണറായിരുന്ന പി.പി. ഷംസ് തെരഞ്ഞെടുപ്പിനെതുടർന്ന് കട്ടപ്പനയിലേക്ക് സ്ഥലം മാറിപ്പോയതിന് ശേഷമാണ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിക്കുന്നത്. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണസംഘത്തിലടക്കം പ്രധാനിയായിരുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോസി ചെറിയാനായി പുതിയ അന്വേഷണ ഉദ്യോഗസ്ഥന്‍. ഇതു കൂടാതെ സബ് ഇന്‍സ്പെക്ടർ കെ.എക്സ്. സില്‍വസ്റ്റർ, എസ്ഐമാരായ വിനായകന്‍, സുരേഷ്, മധുസൂദനന്‍, ജോസി. സീനിയർ സിവില്‍ പോലീസ് ഓഫീസർമാരായ ബിനു, അനില്‍കുമാർ, ഹരികുമാർ,ഡിനില്‍, റക്സിന്‍ പൊടുത്താസ് എന്നിവരും സംഘാംഗങ്ങളാണ്.