പൊലീസ് വിശദമായി സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചു. അപ്പോഴാണ് മൂന്ന് പേർ വീപ്പ കൊണ്ടുവന്ന് ഉപേക്ഷിച്ച് പോകുന്നതിന്‍റെ സി സി ടി വി ദൃശ്യങ്ങൾ കണ്ടത്
ബെംഗളുരു: സീരിയൽ കില്ലർ ഭീതിയിലാണ് ഇപ്പോൾ ബെംഗളുരു നഗരം. ഇന്നലെ രാത്രി ബെംഗളുരുവിലെ എസ്‍ എം വി ടി റെയിൽവേ സ്റ്റേഷന് സമീപം വീപ്പയിൽ കുത്തി നിറച്ച നിലയിൽ സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെടുത്തതോടെയാണ് ബംഗളുരു ജനതയെ സീരിയൽ കില്ലർ ഭീതി പിടികൂടിയത്. നാല് മാസത്തിനിടെ സമാന രീതിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ മൂന്നാമത്തെ മൃതദേഹമാണ് ഇതെന്നതാണ് ഏവരെയും ഭീതിയിലാഴ്ത്തുന്നത്.
undefined
മരിച്ചവരെല്ലാം മുപ്പതോ അതിന് മുകളിലോ പ്രായമുള്ള സ്ത്രീകളാണെന്നതും ഭീതി വർധിപ്പിക്കുന്നു. എല്ലാ മൃതദേഹവും ഉപേക്ഷിക്കപ്പെട്ടത് സമാനമായ രീതിയിലായിരുന്നു. പ്ലാസ്റ്റിക് വീപ്പയിൽ കുത്തി നിറച്ച നിലയിൽ അഴുകിയ മൂന്ന് മൃതദേഹവും കണ്ടത് നഗരത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ. ആദ്യ മൃതദേഹം കണ്ടത് ഡിസംബർ ആറിന് ബയ്യപ്പനഹള്ളി റെയിൽവേസ്റ്റേഷനിലായിരുന്നു. രണ്ടാം മൃതദേഹം കണ്ടത് ജനുവരി 4 - ന് യശ്വന്തപുര റെയിൽവേ സ്റ്റേഷനിൽ. മൂന്നാമത്തെ മൃതദേഹം അതേ രീതിയിൽ ഇന്നലെ എസ്‍ എം വി ടി റെയിൽവേ സ്റ്റേഷനിൽ. ഇതോടെയാണ് ഒരു സീരിയൽ കില്ലറാണ് ഈ മൂന്ന് കൊലപാതകങ്ങൾക്കും പിന്നിലെന്ന നിഗമനത്തിലേക്ക് പൊലീസിനെ അടക്കം എത്തിച്ചിരിക്കുന്നത്.
ബെംഗളുരുവിൽ മുഴുവനായും ശീതീകരിച്ച ഏക റെയിൽവേ സ്റ്റേഷനായ എസ്‍ എം വി ടിയിൽ ഇന്നലെ രാത്രി കടുത്ത ദുർഗന്ധം വമിച്ചതിനെത്തുടർന്നാണ് സ്റ്റേഷൻ അധികൃതർ പരിശോധന നടത്തിയത്. ഒരു ഓട്ടോമാറ്റിക് സ്ലൈഡിംഗ് ഡോറിന് സമീപം ആരും ശ്രദ്ധിക്കാത്ത നിലയിൽ ഒരു പ്ലാസ്റ്റിക് വീപ്പ ഇരിക്കുന്നത് കണ്ടു. തുടർന്ന് റെയിൽവേ സൂപ്രണ്ട് നേരിട്ടെത്തി വീപ്പ തുറന്നപ്പോഴാണ് അഴുകിയ നിലയിൽ ചുവപ്പ് വസ്ത്രം ധരിച്ച സ്ത്രീയുടെ മൃതദേഹം കണ്ടത്. പിന്നീട് പൊലീസ് വിശദമായി സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചു. അപ്പോഴാണ് മൂന്ന് പേർ വീപ്പ കൊണ്ടുവന്ന് ഉപേക്ഷിച്ച് പോകുന്നതിന്‍റെ സി സി ടി വി ദൃശ്യങ്ങൾ കണ്ടത്. മറ്റ് രണ്ട് മൃതദേഹവും ആരാണ് കൊണ്ടുവന്ന് തള്ളിയതെന്ന സി സി ടി വി ദൃശ്യങ്ങളുണ്ടായിരുന്നില്ല. ഇതിന്‍റെ തുമ്പ് പിടിച്ച് അന്വേഷണം നടത്താനാണ് പൊലീസിന്‍റെ തീരുമാനം. സഹായികളെ ഉപയോഗിച്ച് സിരിയൽ കൊലയാളി മൃതദേഹം തള്ളിയതാകാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. എന്തായാലും അന്വേഷണം അവസാനിക്കും വരെ ബംഗളുരു നഗരവാസികളെ സിരിയൽ കില്ലറുടെ ഭീതി പിന്തുടർന്നേക്കും.