സ്കൂളിൽ നിന്ന് വിളിച്ചുകൊണ്ടുവരുന്നതിനിടെ എട്ട് വയസുകാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ക്ക് 45 വര്‍ഷം തടവ് ശിക്ഷ

By Web Team  |  First Published May 31, 2024, 6:12 PM IST

പ്രോസിക്യൂഷന് വേണ്ടി 23 സാക്ഷികളെ വിസ്തരിച്ച കേസിൽ 30 രേഖകള്‍ ഹാജരാക്കി. വിധിക്ക് പിന്നാലെ പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി


മലപ്പുറം: എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 45 വര്‍ഷം കഠിനതടവും ഏഴു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മലപ്പുറം വടപുറം സ്വദേശി നിഷാദിനെയാണ് നിലമ്പൂര്‍ അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒന്നര വര്‍ഷം സാധാരണ തടവും അനുഭവിക്കണം. 2019 ഡിസംബറില്‍ നിലമ്പൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി വിധി പറഞ്ഞത്.  കുട്ടിയെ സ്കൂളില്‍ നിന്നും കൊണ്ടുവരുന്നതിനിടെ ഓട്ടോറിക്ഷാ ഡ്രൈവറായ പ്രതി പീഡിപ്പിച്ചെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വക്കറ്റ് സാം കെ ഫ്രാ‍ന്‍സിസ് ഹാജരായി.

2019 ഡിസംബര്‍ 11 നാണ് സംഭവം. സ്ഥിരമായി അതിജീവിതയെ സ്കൂളിലേക്ക് കൊണ്ടുപോകുന്നതും കൂട്ടിക്കൊണ്ടുവരുന്നതും പ്രതിയായിരുന്നു. സംഭവ ദിവസം മറ്റ് കുട്ടികളെ വീടുകളിലാക്കിയ ശേഷം അതിജീവിതയുമായി മടങ്ങിയ പ്രതി വീട്ടിലേക്ക് പോകാതെ വളരെ ദൂരെയുള്ള ഒഴിഞ്ഞ സ്ഥലത്തേക്ക് പോവുകയായിരുന്നു. ഇവിടെ വച്ചായിരുന്നു പീഡനം. പ്രതിക്ക് ഐപിസി 366 പ്രകാരം 5 വര്‍ഷം കഠിന തടവും ഐപിസി 376 പ്രകാരം 20 വര്‍ഷം കഠിന തടവും ഐപിസി 377 പ്രകാരം 10 വര്‍ഷം കഠിന തടവും പോക്സോ നിയമത്തിലെ വകുപ്പുകൾ പ്രകാരം 10 വര്‍ഷം കഠിന തടവുമാണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന് വിധിയിൽ വ്യക്തമാക്കുന്നു. പ്രതി പിഴയായി ഒടുക്കുന്ന ഏഴ് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകാൻ ഉത്തരവിൽ പറയുന്നുണ്ട്.

Latest Videos

നിലമ്പൂര്‍ സിഐയായിരുന്ന ഇപ്പോഴത്തെ മലപ്പുറം വനിതാ സെല്‍ സിഐ റസിയാ ബംഗാളത്ത്, നിലമ്പൂര്‍ സിഐയായിരുന്ന കെഎം ബിജു എന്നിവരാണ് കേസിൽ അന്വേഷണം നടത്തിയത്. നിലമ്പൂര്‍ മുൻ സിഐ സുനില്‍ പുളിക്കലാണ് കേസന്വേഷണം പൂര്‍ത്തിയാക്കിയത്. പ്രോസിക്യൂഷന് വേണ്ടി 23 സാക്ഷികളെ വിസ്തരിച്ച കേസിൽ 30 രേഖകള്‍ ഹാജരാക്കി. വിധിക്ക് പിന്നാലെ പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!