'യുവാവിന്റെ കെെവശം പൊട്ടിക്കാത്ത മദ്യക്കുപ്പി', മദ്യപിക്കാൻ ശ്രമമെന്ന് പൊലീസ്; പിടികൂടാൻ ശ്രമിച്ചതോടെ സംഘർഷം

By Web Team  |  First Published May 22, 2024, 6:02 PM IST

മദ്യപിച്ചിട്ടില്ലെന്നും ബലമായി കസ്റ്റഡിയിലെടുക്കാനാകില്ലെന്നും ഹരിപ്രസാദ് പറഞ്ഞതോടെയാണ് പൊലീസുമായി തര്‍ക്കമുണ്ടായത്.


ഇടുക്കി: ഇരട്ടയാറില്‍ വെയ്റ്റിംഗ് ഷെഡില്‍ മദ്യവുമായി നിന്നയാളെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് നാട്ടുകാരും പൊലീസും തമ്മില്‍ തര്‍ക്കം. സംഭവത്തില്‍ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നും എസ്‌ഐയെ കയ്യേറ്റം ചെയ്‌തെന്നും ആരോപിച്ച് പഞ്ചായത്തംഗം അടക്കം ഏഴു പേര്‍ക്കെതിരെ തങ്കമണി പൊലീസ് കേസെടുത്തു.

ചൊവ്വാഴ്ച രാത്രി ഇരട്ടയാറിനടുത്ത് ഇടിഞ്ഞമല ഭാഗത്താണ് സംഭവം. സമീപത്തെ ക്ഷേത്രത്തിലെ ഉത്സവത്തിനു ശേഷം മടങ്ങിയെത്തിയതായിരുന്നു തങ്കമണി എസ്‌ഐ എയിന്‍ ബാബുവും സംഘവും. ഇതിനിടെ ഇല്ലിക്കപ്പടി ഭാഗത്തെ വെയ്റ്റിംഗ് ഷെഡിനുള്ളില്‍ യുവാക്കള്‍ ഇരിക്കുന്നത് കണ്ടു. പുറത്തിറങ്ങി പരിശോധിച്ചപ്പോള്‍ ഇവരുടെ കൈവശം പൊട്ടിക്കാത്ത മദ്യക്കുപ്പി കണ്ടെത്തി. വെയ്റ്റിംഗ് ഷെഡിലിരുന്ന് മദ്യപിക്കാനുള്ള ശ്രമം നടത്തിയെന്നു കാണിച്ച് ഇടിഞ്ഞമല സ്വദേശി ഹരിപ്രസാദിനെ പൊലീസ് കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചു. 

Latest Videos

undefined

എന്നാല്‍ താന്‍ മദ്യപിച്ചിട്ടില്ലെന്നും ബലമായി കസ്റ്റഡിയിലെടുക്കാനാകില്ലെന്നും ഹരിപ്രസാദ് പറഞ്ഞതോടെയാണ് പൊലീസുമായി  തര്‍ക്കമുണ്ടായത്. ഇതിനിടെ ഹരിപ്രസാദിനെ ജീപ്പില്‍ നിന്നും ഇറക്കുകയും മദ്യക്കുപ്പി പൊലീസ് എടുത്തു മാറ്റുകയും ചെയ്തു. സംഭവമറിഞ്ഞ് പഞ്ചായത്തംഗം റെജി ഇലിപ്പുലിക്കാട്ട് സ്ഥലത്തെത്തിയതോടെ പൊലീസുമായി വീണ്ടും തര്‍ക്കവും ഉന്തും തള്ളുമുണ്ടായി. പഞ്ചായത്തംഗത്തെ എസ്‌ഐ കയ്യേറ്റം ചെയ്‌തെന്നും പരാതിയുണ്ട്.

തുടര്‍ന്നാണ് എസ്‌ഐയെ കയ്യേറ്റം ചെയ്യുകയും കൃത്യ നിര്‍വ്വഹണം തടസപ്പെടുത്തുകയും ചെയ്തുവെന്നു കാണിച്ച് ഹരിപ്രസാദും പഞ്ചായത്തംഗവും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. നിരപരാധിയായ തന്നെ ബലമായി കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ച എസ്‌ഐയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ച അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്കും പൊലീസ് കംപ്ലയിന്റ് അതോറിട്ടിക്കും പരാതി നല്‍കിയിട്ടുണ്ടെന്ന് ഹരിപ്രസാദ് പറഞ്ഞു. 

'സിസേറിയൻ കഴിഞ്ഞ് 6-ാം ദിവസം ഫയൽ നോക്കി തുടങ്ങി, 15-ാം ദിവസം പൊതുപരിപാടിക്കെത്തി'; ആര്യയുടെ മറുപടി 
 

click me!