ബസ് സ്റ്റാന്റിൽ വിട്ടത് ഭർത്താവ്; അഖിലിനൊപ്പം റെന്റ് എ കാറിൽ യാത്ര; ആതിരയുടെ കൊലയിലേക്ക് നയിച്ചത് പണമിടപാട്

By Web Team  |  First Published May 5, 2023, 11:43 AM IST

കടം വാങ്ങിയ തുക തിരിച്ചു ചോദിച്ചതിനെ ചൊല്ലി തർക്കമുണ്ടായെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നതെന്നുമാണ് അഖിൽ പൊലീസിന് നൽകിയ മൊഴി. ആതിരയുടെ വീട്ടിൽ നിന്നും അഞ്ച് പവൻ സ്വർണ്ണാഭരണം കാണാതായെന്നും അന്വേഷണത്തിൽ വ്യക്തമായി.


കൊച്ചി: എറണാകുളം കാലടി കാഞ്ഞൂരിൽ നിന്നും ഒരാഴ്ച മുൻപ് കാണാതായ ആതിരയെന്ന യുവതിയെ അതിരപ്പിള്ളി വനത്തിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അങ്കമാലി പാറക്കടവ് സ്വദേശി സനലിന്റെ ഭാര്യ ആതിരയെ കൊന്ന് തള്ളിയ കേസിൽ അറസ്റ്റിലായ സുഹൃത്ത് അഖിലിനെ ചോദ്യം ചെയ്തതിൽ നിന്നാണ് പൊലീസിന് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. കഴിഞ്ഞ ആറ് മാസമായി അടുപ്പത്തിലായിരുന്ന കൊല്ലപ്പെട്ട ആതിരയും പ്രതി അഖിലും ഒരേ സൂപ്പർമാർക്കറ്റിലെ ജീവനക്കാരായിരുന്നു. കടം വാങ്ങിയ തുക തിരിച്ചു ചോദിച്ചതിനെ ചൊല്ലി തർക്കമുണ്ടായെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നതെന്നുമാണ് അഖിൽ പൊലീസിന് നൽകിയ മൊഴി. ആതിരയുടെ വീട്ടിൽ നിന്നും അഞ്ച് പവൻ സ്വർണ്ണാഭരണം കാണാതായെന്നും അന്വേഷണത്തിൽ വ്യക്തമായി.

ഏപ്രിൽ 29 നാണ് ആതിരയുമായി അഖിൽ അതിരപ്പള്ളിയിലേക്ക് തിരിച്ചത്. ടൂറ് പോകാമെന്ന പേരിലായിരുന്നു പ്രതി ആതിരയെ വിളിച്ചു വരുത്തിയത്. കടം വാങ്ങിയ തുക തിരിച്ച് ചോദിച്ചതോടെ ആതിരയെ വകവരുത്തണമെന്ന് ഉറപ്പിച്ച പ്രതി, വനത്തിന് ഉള്ളിലേക്ക് കൂട്ടിക്കൊണ്ട് പോയി ഷോൾ ഉപയോഗിച്ച് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി. അതിന് ശേഷം ബൂട്ട് ഉപയോഗിച്ച് കഴുത്തിൽ ഞെരിച്ച് മരണം ഉറപ്പാക്കി. തുമ്പൂർമുഴിയിൽ നിന്നും അതിരപ്പിള്ളിയിലേക്ക് പോകുന്ന വഴിയിലുള്ള വനത്തിനുള്ളിൽ മൂന്നൂറ് മീറ്റർ ഉളളിലേക്കായിരുന്നു മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം നാട്ടിലേക്ക്  മടങ്ങിപ്പോയ പ്രതി ഒന്നും സംഭവിക്കാത്ത രീതിയിൽ അഭിനയിച്ചു. 

Latest Videos

അതിരപ്പിള്ളി തുമ്പൂർമുഴി വനത്തിൽ യുവതിയെ കൊന്ന് തള്ളി; സുഹൃത്ത് അറസ്റ്റിൽ

അതിനിടെ ആതിരയെ ഏപ്രിൽ 29 മുതൽ കാണ്മാനില്ലെന്ന് കാണിച്ച് ഭർത്താവ് പൊലീസിൽ പരാതി നൽകിയതാണ് കേസിൽ  വഴിത്തിരിവായത്. കഴിഞ്ഞ ഏപ്രിൽ 29 ന് പതിവ് പോലെ ജോലിക്കിറങ്ങിയ ആതിരയെ കാലടി ജംഗ്ഷനിലെ ബസ് സ്റ്റോപ്പിലെത്തിച്ചുവെന്നും പിന്നീട് കാണ്മാനില്ലെന്നുമായിരുന്നു ഭർത്താവ് സനൽ നൽകിയ പരാതിയിലുണ്ടായിരുന്നത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ കാലടി ബസ് സ്റ്റോപ്പിൽ നിന്നും ആതിര അഖിലിന് അടുത്തേക്കാണ് പോയതെന്ന് വ്യക്തമായി.

ഒരു റെന്റ് എ കാറിൽ അഖിലും ആതിരയും തുമ്പൂർമുഴിയിലേക്ക് സഞ്ചരിക്കുന്നതും സിസിടിവിയിൽ വ്യക്തമായിരുന്നു. തുടർന്ന് പൊലീസ് അഖിലിനെ ചോദ്യം ചെയ്യുകയും കൊലപാതക വിവരം പുറത്ത് വരികയുമായിരുന്നു.  ആതിരയുടെ കൊലപാതകം സാമ്പത്തിക നേട്ടത്തിന് ആയിരിക്കാമെന്ന് കരുതുന്നതായി എറണാകുളം റൂറൽ എസ്പി വിവേക് കുമാർ വിശദീകരിച്ചു. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. കൂടുതൽ വിവരങ്ങൾ പോസ്റ്റുമോട്ടത്തിനുശേഷം ലഭ്യമാകുമെന്നും റൂറൽ എസ് പി വിശദീകരിച്ചു.  

click me!