സീനിയർ അക്കൗണ്ടന്റായ നരസിംഹറാവുവിനോട് ഭാസ്ക്കർ മാസ്ക്ക് ധരിക്കാതെ സംസാരിക്കുന്നത് ഉഷാറാണിയുടെ ശ്രദ്ധയിൽപ്പെട്ടു. പിന്നാലെ ഭാസ്കറിനോട് മാസ്ക് ധരിക്കാൻ ഇവർ ആവശ്യപ്പെടുകയായിരുന്നു.
ഹൈദരാബാദ്: മാസ്ക് ധരിക്കാന്‍ ഓർമ്മപ്പെടുത്തയതിന് ആന്ധ്രാപ്രദേശ് ടൂറിസം വകുപ്പിലെ ഭിന്നശേഷിക്കാരിയായ ഉദ്യോഗസ്ഥയ്ക്ക് മുതിർന്ന ഉദ്യോഗസ്ഥന്‍റെ ക്രൂര മർദനം. സംഭവത്തില്‍ ഡെപ്യൂട്ടി മാനേജർ ഭാസ്കറിനെ പൊലീസ് അറസ്റ്റ് ചെയ്തു. നെല്ലൂർ ജില്ലയിലെ ഓഫീസിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മരത്തിന്‍റെ വടി ഉപയോഗിച്ചാണ് ഉദ്യോഗസ്ഥയെ മർദിച്ചത്. സംഭവത്തിന്‍റ സിസിടിവി ദൃശ്യങ്ങൾ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടിയെടുത്തത്.
ടൂറിസം ഓഫീസിൽ ജൂൺ 27നാണ് സംഭവം നടന്നതെങ്കിലും ചൊവ്വാഴ്ചയാണ് ഇത് പുറത്തുവന്നത്. ഭിന്നശേഷിക്കാരിയായ ചെരുക്കുരി ഉഷാറാണി (43) ആണ് ക്രൂരമായി മർദ്ദിക്കപ്പെട്ടത്. സീനിയർ അക്കൗണ്ടന്റായ നരസിംഹറാവുവിനോട് ഭാസ്ക്കർ മാസ്ക്ക് ധരിക്കാതെ സംസാരിക്കുന്നത് ഉഷാറാണിയുടെ ശ്രദ്ധയിൽപ്പെട്ടു. പിന്നാലെ ഭാസ്കറിനോട് മാസ്ക് ധരിക്കാൻ ഇവർ ആവശ്യപ്പെടുകയായിരുന്നു. ഇതിൽ കുപിതനായ ഭാസ്കർ, ഉഷാറാണിയെ ആക്രമിക്കുകയായിരുന്നുവെന്ന് ദർഗമിട്ട സർക്കിൾ ഇൻസ്പെക്ടർ നാഗേശ്വരമ്മ പറഞ്ഞു.
ഭാസ്‌കർ ഉഷയെ മർദ്ദിക്കുകയും മോശമായ ഭാഷയിൽ അധിക്ഷേപിക്കുകയും ചെയ്തു. കസേരയിൽ നിന്ന് വലിച്ചിഴച്ച് മരംകൊണ്ടുള്ള ഒരു കസേരയുടെ കൈകൊണ്ട് മുഖത്തും തലയിലും അടിക്കുന്നതും വീഡിയോയിൽ കാണാം. ഓഫീസിലുണ്ടായിരുന്ന മറ്റുള്ളവർ പിടിച്ചുമാറ്റാൻ ശ്രമിച്ചിട്ടും ഇയാൾ ഉഷാറാണിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പിന്നാലെ ഉദ്യോഗസ്ഥനെതിരെ ഉഷാറാണി പരാതി നല്‍കി.
ഉഷാറാണിയുടെ പരാതി ലഭിച്ച ഉടൻ ഭാസ്‌കറെ സസ്‌പെൻഡ് ചെയ്തതായി ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ പ്രവീൺ കുമാർ പറഞ്ഞു. അച്ചടക്കനടപടികൾ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വീഡിയോ കാണാം