അപകടത്തില്‍പ്പെട്ട കാറില്‍ നിന്ന് 10 ലക്ഷം രൂപ വില വരുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി

By Web Team  |  First Published Nov 17, 2022, 1:53 PM IST

അപകട വിവരം അറിഞ്ഞ് സ്ഥലത്ത് പൊലീസ് എത്തിയതോടെ ഭയന്ന് പോയ പ്രതികൾ വാഹനത്തിൽ മൂന്ന് പൊതികളിലായി സൂക്ഷിച്ചിരുന്ന തിമിംഗല ഛർദി പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. 


തിരുവനന്തപുരം: അപകടത്തിൽപ്പെട്ട കാറിൽ നിന്ന് വിൽപനയ്ക്കായി കൊണ്ട് പോയ ലക്ഷങ്ങൾ വിലയുള്ള തിമിംഗല ഛർദി പിടി കൂടി. സംഭവത്തിൽ ഇരട്ട സഹോദരങ്ങളെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. കൊല്ലം ആശ്രാമം വയലിൽ പുത്തൻവീട്ടിൽ ദീപു, ദീപക് എന്നിവരെയാണ് വനം വകുപ്പിന്‍റെ പിടിയിലായത്. സംഭവത്തിൽ ചവറ സ്വദേശി മനോജ്, മാർത്താണ്ഡം സ്വദേശി മരിയദാസ് എന്നിവർ ഒളിവിലാണെന്ന് വനം വകുപ്പ് അറിയിച്ചു. പ്രതികളിൽ നിന്ന് അഞ്ചേ മുക്കാൽ കിലോ തിമിംഗല ഛർദിയാണ് കണ്ടെത്തിയത്. ആറ്റിങ്ങൽ കല്ലമ്പലത്ത് വച്ച് പ്രതികൾ അടങ്ങുന്ന സംഘം സഞ്ചരിച്ച കാർ മറ്റൊരു വാഹനത്തിൽ ഇടിച്ചതോടെ ഇവരുടെ യാത്ര മുടങ്ങുകയായിരുന്നു.

അപകട വിവരം അറിഞ്ഞ് സ്ഥലത്ത് പൊലീസ് എത്തിയതോടെ ഭയന്ന് പോയ പ്രതികൾ വാഹനത്തിൽ മൂന്ന് പൊതികളിലായി സൂക്ഷിച്ചിരുന്ന തിമിംഗല ഛർദി പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. ഇതിനിടയിൽ സംഘത്തിലെ രണ്ട് പേർ പിന്നാലെ വന്ന മറ്റൊരു വാഹനത്തിൽ കയറി രക്ഷപ്പട്ടു. ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് സംഘം ഇരട്ട സഹോദരങ്ങളെ തടഞ്ഞ് വെച്ചു. തുടര്‍ന്ന് ഇവർ വലിച്ചെറിഞ്ഞ പൊതികൾ പൊലീസ് പരിശോധിച്ചു. 

Latest Videos

ഇതേ തുടര്‍ന്നാണ് കരിഞ്ചന്തയില്‍ ഏറെ ഡിമാൻഡുള്ള ഒന്നായ ആംബർ ഗ്രീസ് എന്നറിയപ്പെടുന്ന തിമിംഗല ഛർദ്ദിയാണ് ഇവര്‍ വലിച്ചെറിഞ്ഞതെന്ന് പൊലീസിന് വ്യക്തമായത്.  തുടർന്ന് പാലോട് വനം വകുപ്പ് ഉദ്യോഗസ്ഥരെ വരുത്തി ഇവരെ കൈമാറുകയായിരുന്നു. തിമിംഗല ഛര്‍ദ്ദി തമിഴ്‌നാട്ടിലെ മാർത്താണ്ഡത്ത് നിന്നും എത്തിച്ചതാണെന്ന് പ്രതികൾ മൊഴി നൽകി. കഴക്കൂട്ടത്ത് എത്തിച്ച് വിൽക്കാനായിരുന്നു നീക്കമെന്നാണ് ലഭ്യമാകുന്ന വിവരം. പിടിച്ചെടുത്ത ആംബർഗ്രിസിന്  രഹസ്യ വിപണിയിൽ കിലോയ്ക്ക് 10 ലക്ഷം രൂപ വിലയുണ്ട്.


 

click me!