ഹോണ്ട ഒഡിസി കാറിനുള്ളില്‍ വച്ച് ഹാന്‍ഡ് ഗണ്‍ വച്ച് നിരവധി തവണ വെടിവച്ച ശേഷമാണ് അമൽ പള്ളിക്ക് സമീപത്തെ പാർക്കിംഗ് സ്ഥലത്ത് കാർ നിർത്തിയത്. ദുരൂഹ സാഹചര്യത്തില്‍ കാർ കണ്ട സമീപവാസികളാണ് പൊലീസിനെ വിളിച്ചത്.
ഷിക്കാഗോ: ഷിക്കാഗോയിൽ ഗർഭിണിയായ മലയാളി യുവതിക്ക് ഭർത്താവിന്റെ വെടിയേറ്റ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങളുമായി ദേസ് പ്ലെയിന്‍സ് പൊലീസ്. ബന്ധുക്കളുടെ മുന്നിൽ വച്ച് വാക്കേറ്റം കൈവിട്ട് പോകാതിരിക്കാന്‍ വേണ്ടി നടത്തിയ ശ്രമമാണ് അമൽ മീരയെ വെടിവയ്ക്കുന്നതിലേക്ക് നയിച്ചതെന്നാണ് പൊലീസ് വിശദമാക്കുന്നത്. സാമ്പത്തിക കാര്യങ്ങളെ ചൊല്ലിയുള്ള തർക്കമുണ്ടായതിന് പിന്നാലെയാണ് ഇരുവരും വീട്ടിൽ നിന്ന് പുറത്തിറങ്ങിയത്. വീട്ടിൽ ബന്ധുക്കളുടെ മുന്നില്‍ വച്ചുള്ള തർക്കമൊഴിവാക്കാന്‍ വേണ്ടിയായിരുന്നു ഇത്.
കാറില്‍ വച്ചും വാക്ക് തർക്കം തുടർന്നതോടെ പിന്‍സീറ്റിലിരുന്ന മീരയ്ക്ക് നേരെ ലൈസന്‍സുള്ള തോക്ക് വച്ച് വെടിയുതിർത്തു. ഹോണ്ട ഒഡിസി കാറിനുള്ളില്‍ വച്ച് ഹാന്‍ഡ് ഗണ്‍ വച്ച് നിരവധി തവണ വെടിവച്ച ശേഷമാണ് അമൽ പള്ളിക്ക് സമീപത്തെ പാർക്കിംഗ് സ്ഥലത്ത് കാർ നിർത്തിയത്. ദുരൂഹ സാഹചര്യത്തില്‍ കാർ കണ്ട സമീപവാസികളാണ് പൊലീസിനെ വിളിച്ചത്.
തിങ്കളാഴ്ച രാത്രി 7.30ഓടെയാണ് സംഭവത്തേക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. വീട്ടിൽ നിന്ന് ഇറങ്ങിയതിന് പിന്നാലെ കാറിൽ വച്ച് അമൽ മീരയെ ഭീഷണിപ്പെടുത്തിയ ശേഷമാണ് വെടിവച്ചത്. 9എംഎം ഹാന്‍ഡ് ഗണ്‍ ആയിരുന്നു ആക്രമണത്തിന് ഉപയോഗിച്ചത്. ഈ തോക്കിന് ലൈസന്‍സുള്ളതാണെന്നാണ് പൊലീസ് വിശദമാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കുടുംബപ്രശ്നങ്ങളെ തുടർന്ന് ഏറ്റുമാനൂര്‍ സ്വദേശിയായ അമല്‍ റെജി കോട്ടയം ഉഴവൂർ സ്വദേശിയായ 32 കാരി മീരയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. മീരയെ വെടിവെച്ച സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് അമൽ റെജിക്കെതിരെ വധ ശ്രമം, മനപൂർവ നരഹത്യ എന്നീ കുറ്റങ്ങൾ ചുമത്തി. വെടിവെയ്പ്പിൽ 14 ആഴ്ച്ച പ്രായമായ ഗർഭസ്ഥ ശിശു മരിച്ചു. ഗുരുതരാവസ്ഥയിൽ കഴിയുന്ന മീരയുടെ ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതിയുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.