ആലപ്പുഴയില്‍ കുട്ടിയെ കൊന്നത് അമ്മ; കൊലപാതകം ശ്വാസംമുട്ടിച്ചെന്ന് പൊലീസ്

By Web Team  |  First Published Apr 28, 2019, 6:04 PM IST

ഒന്നര വയസുള്ള കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു. 


ആലപ്പുഴ: ആലപ്പുഴയില്‍ പിഞ്ചുകുഞ്ഞിനെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുട്ടിയുടെ അമ്മയാണ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്നും ചേർത്തല എഎസ്പി ആർ വിശ്വനാഥ് വ്യക്തമാക്കി. കുട്ടിയുടെ അമ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ചോദ്യം ചെയ്യലില്‍ അമ്മ കുറ്റം സമ്മതിക്കുകയായിരുന്നു.

ശ്വാസം കിട്ടാതെയാണ് കുട്ടി മരിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതേ തുടര്‍ന്ന് കുട്ടിയുടെ അമ്മയെ പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിരുന്നു. കുട്ടിയുടെ അച്ഛനെയും അച്ഛന്‍റെ അച്ഛനെയും പൊലീസ് ചോദ്യം ചെയ്തു. 

Latest Videos

ഇന്നലെ വൈകീട്ടാണ് ആലപ്പുഴയിലെ പട്ടണക്കാട് പതിനഞ്ചുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പട്ടണക്കാട് ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് കൊല്ലംവെളി കോളനിയിലാണ് കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ അച്ഛനും ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പൊലീസ് പറയുന്നു. നാല് മാസം മുമ്പ് അമ്മായിയമ്മയെ അടിച്ച കേസിലെ പ്രതിയാണ് കുഞ്ഞിന്‍റെ അച്ഛന്‍.

വീട്ടിലെ കിടപ്പുമുറിയില്‍ ഉറങ്ങികിടക്കുകയായിരുന്ന കുട്ടിയെ ചലനമില്ലാത്ത സാഹചര്യത്തില്‍ കണ്ടെത്തിയെന്നാണ് ആശുപത്രിയില്‍ എത്തിച്ചവർ അറിയിച്ചത്. ബന്ധുക്കളും പ്രദേശവാസികളും ചേര്‍ന്നാണ് കുട്ടിയേ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ കൊണ്ടുവന്നത്. എന്നാല്‍ ആശുപത്രിയിലെത്തുമ്പോള്‍ കുട്ടി മരിച്ചിരുന്നു. കുട്ടിക്ക് അനക്കമില്ലെന്നാണ് അമ്മ ആദ്യം അയല്‍വാസികളോട് പറഞ്ഞത്. മരണത്തില്‍ ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പട്ടണക്കാട് പൊലീസെത്തി വിശദമായ പരിശോധന നടത്തിയിരുന്നു.
 

click me!