വിവാഹമോചനത്തിനൊരുങ്ങിയ ഭാര്യയെ ജീവനോടെ കുഴിച്ച് മൂടി, 62കാരന് പരോളില്ലാതെ ജീവപര്യന്തം ശിക്ഷ

By Web Team  |  First Published May 20, 2024, 1:51 PM IST

യുവതിയെ കാണാനില്ലെന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിനിടെ യുവതിയുടെ പേരിൽ ലഭിച്ച രണ്ട് കുറിപ്പുകളാണ് അന്വേഷണം ഭർത്താവിന് നേരെ തിരിയാൻ കാരണമായത്


അരിസോണ: വിവാഹ മോചനത്തിനൊരുങ്ങിയ ഭാര്യയെ ജീവനോടെ കുഴിച്ച് മൂടിയ ഭർത്താവിനെ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. അമേരിക്കയിലെ അരിസോണയിലാണ് സംഭവം. 2017ലാണ് ക്രൂരമായ കൊലപാതകം നടന്നത്. ഭാര്യ വിവാഹ മോചനത്തിന് അപേക്ഷിച്ചതിന് പിന്നാലെയായിരുന്നു യുവാവിന്റെ ക്രൂരത. ഡേവിഡ് പാഗ്നിയാനോ എന്ന 62കാരനാണ് വർഷങ്ങൾക്ക് മുൻപ് നടത്തിയ കണ്ണില്ലാത്ത ക്രൂരതയ്ക്ക് പരോൾ പോലും ഇല്ലാത്ത ജീവപര്യന്തം ശിക്ഷ വിധിച്ചത്. 

2017ൽ യുവതിയുടെ വായിൽ ടേപ്പ് കൊണ്ട് ഒട്ടിച്ച ശേഷം വീട്ടിൽ നിന്ന് മാറിയുള്ള ഒഴിഞ്ഞ പ്രദേശത്ത് സ്വയം കുഴിയെടുത്ത ശേഷം ഇയാൾ ജീവനോടെ കുഴിച്ച് മൂടുകയായിരുന്നു. കൊല്ലപ്പെടുന്ന സമയത്ത് ഇയാളുടെ ഭാര്യ സാന്ദ്രയ്ക്ക് 39 വയസായിരുന്നു പ്രായം. രണ്ട് കുട്ടികളുടെ അമ്മയായ സാന്ദ്ര ഭർത്താവിൽ നിന്ന് വിവാഹ മോചനം ആവശ്യപ്പെട്ടതിന് ശേഷവും ഒരേ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. യുവതിയെ കാണാനില്ലെന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിനിടെ യുവതിയുടെ പേരിൽ ലഭിച്ച രണ്ട് കുറിപ്പുകളാണ് അന്വേഷണം ഭർത്താവിന് നേരെ തിരിയാൻ കാരണമായത്. 

Latest Videos

undefined

വിവാഹ മോചന ഹർജിയിലേക്കാണ് ഈ രണ്ട് കുറിപ്പുകളെത്തിയത്. യുവതിയെ കാണാതായ ശേഷമാണ് ഈ കുറിപ്പുകൾ ഹർജിയിലേക്ക് കൂട്ടിച്ചേർത്തതാണ് സംശയമുണ്ടാകാൻ കാരണമായത്. വാഹനങ്ങളും വീടും കുട്ടികളുടെ കസ്റ്റഡിയും ഭർത്താവിന് നൽകുന്നുവെന്ന് വിശദമാക്കുന്നതായിരുന്നു ഈ കുറിപ്പുകൾ. ഇതോടെയാണ് അന്വേഷണം ഭർത്താവിന് നേരെ തിരിഞ്ഞത്. ഫോറൻസിക് പരിശോധനയിൽ കുറിപ്പുകൾ എഴുതിയത് ഡേവിഡ് ആണെന്നും വ്യക്തമായിരുന്നു. പിന്നാലെ നടന്ന ചോദ്യം ചെയ്യലിലാണ് ഭാര്യയെ കൊന്ന വിവരം ഡേവിഡ് വെളിപ്പെടുത്തിയത്. കുഴിച്ച് മൂടിയ ഇടത്ത് നിന്ന് സാന്ദ്രയുടെ മൃതദേഹ ഭാഗങ്ങളും കണ്ടെത്തി. പോസ്റ്റ്മോർട്ടത്തിൽ യുവതിയെ ജീവനോടെയാണ് കുഴിച്ച് മൂടിയതെന്നും തെളിഞ്ഞിരുന്നു. 

ഭാര്യയെ കുഴിച്ചിട്ട സ്ഥലത്ത് കൊലപാതകത്തിന് മുൻപുള്ള ദിവസങ്ങളിലും ഡേവിഡ് സന്ദർശനം നടത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു. തട്ടിക്കൊണ്ട് പോകൽ, രേഖകളിലെ തിരിമറി, വഞ്ചന, കൊലപാതകം, ഗൂഡാലോചന അടക്കമുള്ള കുറ്റങ്ങളാണി ഡേവിഡിനെതിരെ ചുമത്തിയിരുന്നത്. 2017 മെയ് മാസത്തിലാണ് കേസിന് ആസ്പദമായ അതിക്രമം നടന്നത്. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!