രക്തത്തിലെ ഷുഗർ നില കുറഞ്ഞു പോകുന്നതായി 9 തവണയോളം മൊബൈലില്‍ മുന്നറിയിപ്പ് ലഭിച്ചിട്ടും ശ്രദ്ധിക്കാതെ വാഹനമോടിച്ചതായിരുന്നു വലിയ അപകടത്തിന് കാരണമായത്.
വിക്ടോറിയ: ഓസ്ട്രേലിയയിൽ 5 ഇന്ത്യൻ വംശജരുടെ മരണത്തിന് കാരണമായ വാഹനാപകടത്തിന് കാരണം ഡ്രൈവറുടെ ഗുരുതരമായ അശ്രദ്ധയെന്ന് റിപ്പോർട്ട്. ഹോട്ടലിലേക്ക് എസ്യുവി ഓടിച്ച് കയറ്റി അപകടമുണ്ടാക്കുകയും 5 പേരുടെ മരണത്തിന് കാരണമാകുകയും ചെയ്ത സംഭവത്തിന് കാരണക്കാരനായ ഡ്രൈവർക്കെതിരെ ഗുരുതര കുറ്റങ്ങൾ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. രക്തത്തിലെ ഷുഗർ നില കുറഞ്ഞു പോകുന്നതായി 9 തവണയോളം മൊബൈലില്‍ മുന്നറിയിപ്പ് ലഭിച്ചിട്ടും ശ്രദ്ധിക്കാതെ വാഹനമോടിച്ചതായിരുന്നു വലിയ അപകടത്തിന് കാരണമായത്.
നവംബർ അഞ്ചിന് ഓസ്ട്രേലിയയിലെ വിക്ടോറിയയിലുണ്ടായ വാഹനാപകടത്തിലെ ഡ്രൈവറായ 66 കാരനെ തിങ്കളാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിക്ടോറിയയിലെ റോയൽ ഡേയിഷസ്ഫോർഡ് ഹോട്ടലിലെ പബ്ബിലേക്കായിരുന്നു 66കാരനായ വില്ല്യം സ്വേൽ തന്റെ എസ്യുവി ഓടിച്ച് കയറ്റിയക്. മൂന്ന് ദശാബ്ദത്തിലേറെയായി ടൈപ്പ് വണ്‍ പ്രമേഹരോഗിയാണ് വില്ല്യം. രക്തത്തിലെ ഷുഗർ നില കുറയുന്നതിനനുസരിച്ച് വില്യമിന് മുന്നറിയിപ്പ് ലഭിക്കുന്ന സംവിധാനം മൊബൈൽ ഫോണിലുണ്ട്. ഈ മുന്നറിയിപ്പുകൾ അവഗണിച്ച് അർധബോധാവസ്ഥയിൽ വാഹനമോടിച്ചതാണ് വലിയ അപകടത്തിന് കാരണമായത്. വില്യമിനെതിരെ വാഹനമോടിച്ച് ആളുകളെ അപായപ്പെടുത്തിയതിനും അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനും അശ്രദ്ധമൂലം ജീവന്‍ അപകടത്തിലാക്കിയതും അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
undefined
അപകടമുണ്ടാവുന്നതിന് നിമിഷങ്ങൾ മുന്‍പ് വരെയും ഗ്ലൂക്കോസ് ലെവലിനേക്കുറിച്ചുള്ള മുന്നറിയിപ്പ് വില്യമിന് ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു. വൈകുന്നേരം 5.20 മുതൽ തുടർച്ചയായി വാഹനമോടിക്കുന്നതിനിടെ ലഭിച്ച മുന്നറിയിപ്പുകൾ ഇയാൾ അവഗണിക്കുകയായിരുന്നു. 6 മണിയോടെയാണ് വില്യം ഓടിച്ചിരുന്ന ബിഎംഡബ്ല്യു ഹോട്ടലിലെ ഭക്ഷണ ശാലയിലേക്ക് ഇടിച്ച് കയറിയത്.
ഇന്ത്യൻ വംശജരായ 44 കാരി പ്രബിത ശർമ്മ, ഇവരുടെ 9 വയസുകാരിയായ മകൾ അന്‍വി, പങ്കാളി ജതിന്‍ കുമാർ, 38കാരനായ വിവേക്, ഇയാളുടെ മകനായ 11 കാരന്‍ വിഹാന്‍ ഭാട്ടിയ എന്നിവരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. കുടുംബത്തോടൊപ്പം അവധി ദിനം ആഘോഷിക്കുന്നതിനിടയിലാണ് വാഹനത്തിന്റെ രൂപത്തിൽ മരണമെത്തിയത്. പ്രമേഹ രോഗിയായ വില്യമിന്റെ ഇന്‍സുലിന്‍ കുറഞ്ഞ് പോയതാണ് അപകടത്തിന് കാരണമായതെന്നായിരുന്നു ഇയാളുടെ അഭിഭാഷകന്‍ ആദ്യം വിശദമാക്കിയിരുന്നത്. ഇതിന് പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്തിരുന്നില്ല. എന്നാൽ ഇന്‍സുലിന്‍ കുറവിനേക്കുറിച്ച് നൽകിയ മുന്നറിയിപ്പുകൾ വില്യം അവഗണിച്ചതായി വ്യക്തമായതോടെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം