4 മണിയുടെ മെമുവിന് സ്റ്റേഷനിലെത്തി, പ്ലാറ്റ്ഫോമിൽ വച്ച ട്രോളി ബാഗിൽ നിന്ന് രക്തം, അച്ഛനും മകളും പിടിയിൽ

By Web Team  |  First Published Nov 6, 2024, 2:07 PM IST

പ്ലാറ്റ്ഫോമിൽ ട്രോളി ബാഗ് ഒതുക്കി വച്ച ശേഷം ഇരുവരും തിടുക്കത്തിൽ ട്രെയിനിന് സമീപത്തേക്ക് മടങ്ങുന്നത് കണ്ട ആർപിഎഫ് ഉദ്യോഗസ്ഥന് തോന്നിയ സംശയത്തിൽ തെളിഞ്ഞത് മൃതദേഹം മറവ് ചെയ്യാനുള്ള ശ്രമം


ചെന്നൈ: റെയിൽ വേ സ്റ്റേഷനിലെത്തിയ അച്ഛന്റേയും മകളുടേയും പെരുമാറ്റത്തിൽ സംശയം. ബാഗിൽ നിന്ന് ഒലിച്ചിറങ്ങുന്ന നിലയിൽ കട്ടച്ചോര കൂടി കണ്ടതോടെ അറസ്റ്റ് ചെയ്ത് പൊലീസ്. സ്യൂട്ട് കേസ് പരിശോധിച്ചപ്പോൾ കണ്ടത് അയൽവാസിയായ സ്ത്രീയുടെ മൃതദേഹം. ആന്ധ്ര പ്രദേശിലെ നെല്ലൂർ സ്വദേശികളായ പിതാവിനേയും മകളേയുമാണ് പൊലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിലെ മിഞ്ചൂർ റെയിൽവേ സ്റ്റേഷന് സമീപത്ത് വച്ചാണ് ഇവർ പിടിയിലാവുന്നത്. 

സ്വർണപ്പണിക്കാരനായ മധ്യവയസ്കനും മകളുമാണ് പിടിയിലായിട്ടുള്ളത്. ഞായറാഴ്ച രാത്രിയിലാണ് അയൽവാസിയായ സ്ത്രീയെ ഇവർ കൊലപ്പെടുത്തിയത്. ഇവരുടെ സ്വർണം തട്ടിയെടുത്ത ശേഷം മൃതദേഹം സ്യൂട്ട് കേസിനുള്ളിൽ വച്ച് നെല്ലൂരിൽ നിന്ന് ചെന്നൈയിലേക്ക് മൃതദേഹം മറവ് ചെയ്യാനായാണ് ഇവർ എത്തിയത്. പുലർച്ചെ നാല് മണിക്കുള്ള മെമു ട്രെയിനിലാണ് ഇവർ എത്തിയത്. മിഞ്ചൂർ സ്റ്റേഷനിൽ രാവിലെ 8.30ഓടെയാണ് ഇവരെത്തിയത്. പ്ലാറ്റ്ഫോമിലൂടെ നൂറ് മീറ്ററിലേറെ മൃതദേഹം അടങ്ങിയ ട്രോളി ബാഗ് വലിച്ച് കൊണ്ട് പോയി പ്ലാറ്റ്ഫോമിൽ ഒതുക്കി വച്ചശേഷം തിടുക്കത്തിൽ മറ്റൊരു ട്രെയിനിൽ കയറാൻ ശ്രമിച്ച ഇവരെ ആർപിഎഫ് ഉദ്യോഗസ്ഥൻ ശ്രദ്ധിച്ചതോടെയാണ് ക്രൂരമായ കൊലപാതക വിവരം പുറത്ത് വന്നത്. 

Latest Videos

undefined

43 വയസ് പ്രായമുള്ള ബാലസുബ്രമണ്യം എന്നയാളും ഇയാളുടെ 17 വയസ് പ്രായമുള്ള മകളെയുമാണ് പൊലീസ് പിടികൂടിയിട്ടുള്ളത്. സംഭവത്തേക്കുറിച്ച് 43കാരൻ പൊലീസിനോട് വിശദമാക്കിയിട്ടുള്ളത് ഇപ്രകാരമാണ്. നെല്ലൂരിലെ ഇവരുടെ അയൽവാസിയായ 65കാരി മന്നം രമണിയെ സ്വർണത്തിന് വേണ്ടിയാണ് കൊലപ്പെടുത്തിയത്. തുടക്കത്തിൽ മകളെ ലൈംഗിക വൃത്തിക്ക് പ്രേരിപ്പിച്ചതിൽ പ്രകോപിതനായാണ് കൊല ചെയ്തതെന്നായിരുന്നു ഇയാൾ പറഞ്ഞിരുന്നത്. വിശദമായ ചോദ്യം ചെയ്യലിലാണ് കടം വീട്ടാനായി പണമുണ്ടാക്കാനായി 65കാരിയുടെ സ്വർണം തട്ടിയെടുക്കാൻ ലക്ഷ്യമിട്ടായിരുന്നു കൊലപാതകമെന്ന് ഇവർ പറഞ്ഞു. 

ഞായറാഴ്ച രാത്രി 65കാരിയുടെ വീട്ടിൽ ഒളിച്ചിരുന്ന ശേഷം രാത്രി ഇവരെ കൊലപ്പെടുത്തി, ആഭരണങ്ങൾ തട്ടിയെടുക്കുകയായിരുന്നു. മൃതദേഹം അടുത്ത സംസ്ഥാനത്ത് കൊണ്ട് വന്ന് മറവ് ചെയ്യാനായി തീരുമാനിച്ചപ്പോൾ ആളുകൾ സംശയിക്കുന്നത് ഒഴിവാക്കാനായാണ് മകളെ കൂടെ കൂട്ടിയതെന്നാണ് ഇയാൾ പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!