ഒരുമിച്ച് ജോലി ചെയ്തിരുന്ന കോൾ സെന്ററിൽ നിന്ന് 2019ൽ പുറത്താക്കിയതിന് പിന്നാലെയാണ് യുവാവ് 23കാരിയെ ശല്യം ചെയ്യാൻ ആരംഭിച്ചത്
മെൽബൺ: ഏറെക്കാലം പിന്തുടർന്ന് ശല്യം ചെയ്തിട്ടും മുൻ സഹപ്രവർത്തക പ്രണയം നിരസിച്ചു. രണ്ടര മിനിറ്റിനുള്ളിൽ 23 തവണ കത്തികൊണ്ട് കുത്തി 23കാരിയെ കൊലപ്പെടുത്തിയ 39കാരന് 36കൊല്ലം കഠിന തടവ് ശിക്ഷ വിധിച്ചു. ഓസ്ട്രേലിയയിലെ മെൽബണിലാണ് സംഭവം. സെലസ്റ്റി മന്നോ എന്ന യുവതിയുടെ വീടിലേക്ക് അതിക്രമിച്ച് കയറിയായിരുന്നു ലവേ സാക്കോ എന്ന യുവാവ് ക്രൂര കൊലപാതകം നടത്തിയത്. 2020ലായിരുന്നു കണ്ണില്ലാത്ത ക്രൂരത മെൽബണിനെ നടുക്കിയത്. ഒരുമിച്ച് ജോലി ചെയ്തിരുന്ന കോൾ സെന്ററിൽ നിന്ന് 2019ൽ പുറത്താക്കിയതിന് പിന്നാലെയാണ് യുവാവ് 23കാരിയെ ശല്യം ചെയ്യാൻ ആരംഭിച്ചത്.
മെസേജും ഫോൺ വിളികളും അസഹ്യമായതിന് പിന്നാലെ യുവതി പൊലീസിൽ പരാതിപ്പെട്ടു. ഇതോടെ യുവതിയുടെ അടുത്തെത്തുന്നതിൽ നിന്ന് യുവാവിനെ വിലക്കി കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. എങ്കിലും ശല്യം ചെയ്യുന്നത് ഇയാൾ തുടരുകയും ഉത്തരവ് ലംഘിച്ചതിന് അറസ്റ്റിലാവുകയും ചെയ്തു. യുവതിയുടെ സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളിലൂടെയും പങ്കുവച്ച ചിത്രങ്ങളിലൂടെ യുവതിയുടെ കുടുംബ വീട്ടിലും എത്തി യുവാവ് പ്രണയാഭ്യർത്ഥന നടത്തിയെങ്കിലും 23കാരി താൽപര്യമില്ലെന്ന് വിശദമാക്കി യുവാവിനെ മടക്കി അയച്ചു. 2021 നവംബർ 16ന് പുരുഷ സുഹൃത്തിനൊപ്പമുള്ള ചിത്രം യുവതി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതിന് പിന്നാലെയാണ് യുവതിയുടെ വീട്ടിലേക്ക് ലവേ സാക്കോ അതിക്രമിച്ച് കയറി യുവതിയെ ക്രൂരമായി കൊല ചെയ്തത്.
undefined
കിടപ്പുമുറിയുടെ ജനൽ പൊളിച്ച് വീടിന് അകത്ത് കയറിയ യുവാവ് രണ്ടരമിനിറ്റിനുള്ളിൽ 23 തവണയാണ് യുവതിയെ ആയുധം വച്ച് കുത്തിയത്. യുവതിയുടെ അമ്മ മകളുടെ നിലവിളി കേട്ട് എത്തിയതോടെ മുങ്ങിയ യുവാവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഗുരുതര മാനസിക പ്രശ്നങ്ങളും വ്യക്തിത്വ തകരാറുകളും അടക്കം കണ്ടെത്തിയ യുവാവിന്റെ വിചാരണ അടുത്തിടെയാണ് പൂർത്തിയായത്. വ്യാഴാഴ്ചയാണ് യുവാവിനെ 36 വർഷത്തേക്ക് തടവ് ശിക്ഷയ്ക്ക് വിധിച്ചത്. വിധി അനുസരിച്ച് 2050ലാവും ഇയാൾക്ക് ആദ്യത്തെ പരോൾ ലഭിക്കുക. എന്നാൽ യുവാവിന് ജീവപര്യന്തം തടവ് ലഭിക്കാത്തതിനെതിരെ അപ്പീലിന് നീങ്ങാനുള്ള ശ്രമത്തിലാണ് യുവതിയുടെ കുടുംബമുള്ളത്. കോടതി അയാളോട് കരുണ കാണിച്ചത് വിശ്വസിക്കാൻ സാധിക്കുന്നില്ലെന്നാണ് യുവതിയുടെ അമ്മ അന്തർദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം