ദിവസങ്ങളായി പിതാവിനെ കാണുന്നില്ലെന്ന കാമുകി പരാതിപ്പെട്ടതിന് പിന്നാലെയാണ് 34കാരൻ ഗേൾഫ്രണ്ടിനോട് വിശദമാക്കിയത് പിതാവിന്റെ കൊലപാതക വിവരം
ദില്ലി: 34 കാരനുമായുള്ള 18കാരിയായ മകളുടെ പ്രണയ ബന്ധത്തിന് തടസം നിന്ന് 62 കാരന് ദാരുണാന്ത്യം. ഗേൾഫ്രണ്ടിന്റെ പിതാവിനെ കൊലപ്പെടുത്തിയ 34കാരനെ പൊലീസ് അറസ്റ്റു ചെയ്തു. ദില്ലിയിലെ നരേല വ്യവസായ മേഖലയിൽ ഒക്ടോബർ 20നാണ് 62കാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 18കാരിയുടെ ബോയ്ഫ്രണ്ടിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
62കാരന്റെ മരണം കൊലപാതകമാണെന്ന പരാതി തിങ്കളാഴ്ചയാണ് പൊലീസിന് ലഭിക്കുന്നത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് യുവാവ് അറസ്റ്റിലായത്. 34കാരനായ സുഖിര ചൌധരി എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബച്ചു പ്രസാദ് സിംഗ് എന്നയാളാണ് കൊല്ലപ്പെട്ടത്. ബച്ചു പ്രസാദ് സിംഗിന്റെ ഇളയ മകളായ പിങ്കി കുമാരിയുമായി സുഖിര ചൌധരി പ്രണയത്തിലായിരുന്നു. ഈ ബന്ധത്തെ ബച്ചു എതിർത്തിരുന്നു. ഒക്ടോബർ 20ന് സുഖിര ബച്ചു പ്രസാദിന് സെക്യൂരിറ്റി ജോലി വാങ്ങി നൽകാമെന്ന് വാഗ്ദാനം നൽകി കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. എന്നാൽ വഴിയിൽ ഇയാൾക്ക് മദ്യം വാങ്ങി നൽകി അവശ നിലയിലാക്കിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
അടുത്തിടെയാണ് ഇയാൾ വിവരം പിങ്കിയോട് വിശദമാക്കിയത്. പിതാവിനേക്കുറിച്ച് വിവരമൊന്നും ഇല്ലെന്ന പരാതിപ്പെടുന്നതിനിടയിലായിരുന്നു ഇത്. പിതാവ് ജോലി സംബന്ധമായി എവിടെയെങ്കിലും പോയതായെന്ന ധാരണയിലായിരുന്നു കുടുംബമുണ്ടായിരുന്നത്. പിങ്കി ഈ വിവരം സഹോദരനെ അറിയിച്ചതോടെയാണ് സംഭവം പൊലീസ് അറിയുന്നത്. നേരത്തെ ഷാഹ്പൂരിന് സമീപത്ത് നിന്ന് ലഭിച്ച അഴുകിയ നിലയിലുള്ള മൃതദേഹം പിതാവിന്റേതാണെന്ന് ഇവർ സ്ഥിരീകരിച്ചു. ഇതോടെയാണ് സുഖിരയെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം