രണ്ട് പേരുമായി കുട്ടികൾക്കെതിരായ 354 കേസുകളിലാണ് പ്രതികളാക്കപ്പെട്ടിരുന്നത്. 30 കുട്ടികളാണ് ഇവർ പീഡിപ്പിച്ചത്
ന്യൂസൌത്ത് വെയിൽസ്: ശിശുപരിപാലന രംഗത്ത് പ്രവർത്തിക്കുന്ന സമയത്ത് 30ലേറെ കുട്ടികളെ പീഡിപ്പിച്ച രണ്ട് യുവാക്കൾക്കുമായി 63 വർഷത്തെ തടവ് ശിക്ഷ വിധിച്ച് കോടതി. ഓസ്ട്രേലിയയിലെ ന്യൂസൌത്ത് വെയിൽസിലാണ് സംഭവം. നൂറുകണക്കിന് കേസുകളിലായാണ് ഇവർക്ക് ശിക്ഷ വിധിച്ചിട്ടുള്ളത്. ഏറ്റവും പൈശാചികമായ കുറ്റകൃത്യമെന്നാണ് ഇവരുടെ പ്രവർത്തിയെ കോടതി നിരീക്ഷിച്ചത്.
2020 ജൂണിലാണ് 30, 25 വയസുള്ള ഈ രണ്ട് യുവാക്കൾ പൊലീസ് പിടിയിലാവുന്നത്. കേസിൽ 2022ൽ ഇവർ കുറ്റം സമ്മതിച്ചിരുന്നു. രണ്ട് പേരുമായി കുട്ടികൾക്കെതിരായ 354 കേസുകളിലാണ് പ്രതികളാക്കപ്പെട്ടിരുന്നത്. 30 കുട്ടികളാണ് ഇവർ പീഡിപ്പിച്ചത്. 30 വയസുകാരൻ 248 കേസുകളിലാണ് ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. 37 വർഷത്തെ തടവ് ശിക്ഷയാണ് ഇയാൾക്ക് അനുഭവിക്കേണ്ടി വരിക. ഇതിൽ 26 വർഷം പരോൾ പോലുമില്ലാത്ത തടവാണ് കോടതി വിധിച്ചിട്ടുള്ളത്.
25കാരനായ രണ്ടാം പ്രതിക്ക് 406 കേസുകളിലായി 26 വർഷത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. 16 വർഷത്തിന് ശേഷമാണ് ഇയാൾക്ക് പരോൾ ലഭ്യമാകൂ. 10 വയസിൽ താഴെയുള്ള കുട്ടികളെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട 30 കേസുകൾ വീതമാണ് ഇരുവർക്കെതിരേയും തെളിയിക്കപ്പെട്ടിട്ടുള്ളത്. ഓസ്ട്രേലിയൻ ഫെഡറൽ പൊലീസിന് ലഭിച്ച രഹസ്യ വിവരങ്ങളേ തുടർന്നുള്ള വലിയ രീതിയിലെ രഹസ്യാന്വേഷണത്തിലാണ് യുവാക്കൾ കുടുങ്ങിയത്. കാണാതാവുകയും പീഡിപ്പിക്കപ്പെടുകയും ചെയ്ത കുട്ടികളെ സംരക്ഷിക്കുന്ന കേന്ദ്രത്തിൽ നിന്ന് ലഭിച്ച രഹസ്യ വിവരമായിരുന്നു കേസ് അന്വേഷണത്തിൽ നിർണായകമായത്.
ഓപ്പറേഷൻ ആർക്ക് സ്റ്റോൺ എന്ന പേരിലാണ് രഹസ്യ അന്വേഷണം ഓസ്ട്രേലിയൻ ഫെഡറൽ പൊലീസ് നടത്തിയത്. ശിശുപീഡകർ എത്രയധികം പൈശാചികമായി പ്രവർത്തിക്കുന്നുവെന്നതിന്റെ തെളിവാണ് സംഭവമെന്ന് കോടതി നിരീക്ഷിച്ചത്. തങ്ങളുടെ ഔദ്യോഗിക പദവി അടക്കം ദുരുപയോഗം ചെയ്തായിരുന്നു യുവാക്കളുടെ പ്രവർത്തനമെന്നാണ് കോടതി വ്യക്തമാക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം