15 ഓളം ബാങ്കുകളിൽ വലിയ അളവിൽ സ്വർണം പണയം വച്ച് മൂന്ന് കോടിയോളം രൂപ തട്ടിയതായാണ് പൊലീസിന് കിട്ടിയ വിവരം
കണ്ണൂർ: ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ കഴിയാത്ത വിധത്തിലാണ് മുക്കുപണ്ടത്തിൽ സ്വർണം പൂശുന്നത്. എട്ടു ഗ്രാം മുക്കുപണ്ടത്തിൽ അര ഗ്രാം മുതൽ ഒരു ഗ്രാം വരെ സ്വർണം പൂശും. ഇത്തരം ആഭരണങ്ങൾ ഉരച്ച് നോക്കിയാലും വ്യാജനാണെന്ന് തിരിച്ചറിയാൻ പ്രയാസമാണ്. 15 ഓളം ബാങ്കുകളിൽ വലിയ അളവിൽ സ്വർണം പണയം വച്ച് മൂന്ന് കോടിയോളം രൂപ തട്ടിയതായാണ് പൊലീസിന് കിട്ടിയ വിവരം.
കണ്ണൂർ പാറാലിലെ പടിഞ്ഞാറ്റൻറവിടയിൽ പി ശോഭന, നരവൂർ വാഴയിൽ വീട്ടിൽ അഫ്സൽ എന്നിവരെ കഴിഞ്ഞ ദിവസമാണ് കൂത്തുപറമ്പ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കൂത്തുപറമ്പ് കോ ഓപറേറ്റിവ് അർബൻ ബാങ്ക്, തലശ്ശേരി താലൂക്ക് ആഗ്രികൾച്ചറൽ വെൽഫെയർ കോ ഓപറേറ്റിവ് സൊസൈറ്റി എന്നിവയുടെ സെക്രട്ടറിമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
പ്രതികളിലൊരാളായ അഫ്സലിനെതിരെയാണ് രണ്ട് ബാങ്കുകളുടെ പരാതിയിൽ വീണ്ടും കേസെടുത്തത്. ഇരു ബാങ്കുകളിൽ നിന്നും നാല് ലക്ഷത്തോളം രൂപ വീതം വ്യാജ സ്വർണം പണയം വച്ച് വാങ്ങിയതായി ബാങ്ക് അധികൃതർ നൽകിയ പരാതിയിൽ പറയുന്നു. തട്ടിപ്പിന് പിന്നിൽ വൻ സംഘമുണ്ടെന്നും മൂന്ന് കോടിയോളം രൂപ വിവിധ ബാങ്കുകളിൽ നിന്ന് തട്ടിയെടുത്തിട്ടുണ്ടാകാമെന്നുമാണ് പൊലീസിന്റെ നിഗമനം.
Read more: 'ഡോർ തുറന്നുകൊടുത്തത് ഒരു വിദ്യാർത്ഥി തന്നെ' കോളേജ് ബസിൽ കുട്ടികൾക്ക് യുവാക്കളുടെ ക്രൂര മർദ്ദനം
ഈ സംഘം സംസ്ഥാന തലത്തിൽ തന്നെ വലിയ റാക്കറ്റ് ആയി പ്രവർത്തിക്കുന്നുണ്ടെന്നും പൊലീസ് സംശയിക്കുന്നു. അഫ്സലാണ് തട്ടിപ്പിൻ്റെ സൂത്രധാരനെന്ന് പൊലീസ് പറയുന്നു. ഇയാളെ ബത്തേരിയിലെ റിസോർട്ടിൽ നിന്നും ശോഭനയെ തൂത്തുപറമ്പ് ടൗണിൽ നിന്നു മാണ് അറസ്റ്റ് ചെയ്തത്. അഫ്സലിൽ നിന്ന് പത്ത് പവനോളം വ്യാജ സ്വർണാഭരണങ്ങൾ കണ്ടെടുത്തു.
Read more: ബസിറങ്ങി നടന്ന യുവതിയെ ബൈക്കിൽ പിന്തുടർന്നു, വിജനമായ സ്ഥലത്ത് കയറിപ്പിടിച്ചു, യുവാവ് അറസ്റ്റിൽ
നിരവധി ഇടപാടുകളുടെ രേഖയും കിട്ടിയിട്ടുണ്ട്. സഹകരണ സ്ഥാപനത്തിൽ കളക്ഷൻ ഏജൻ്റ് ആണ് ശോഭന. ഈ ബന്ധമുപയോഗിച്ചാണ് വിദഗ്ദ പരിശോധന കൂടാതെ വ്യാജ സ്വർണം പണയം വച്ചത്. ഇതിനായി ശോഭനയെ അഫ്സൽ സമർഥമായി ഉപയോഗിക്കുകയായിരുന്നു. ഇവർക്ക് ആഭരണമുണ്ടാക്കി നൽകിയവരെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.