അയൽവാസിയായ യുവാവുമായി മകൾ സൗഹൃദത്തിലായി. എന്നാൽ ബന്ധത്തെ സബ ഹാഷ്മി എതിർത്തു.
താനെ (മഹാരാഷ്ട്ര): പ്രണയ ബന്ധത്തെ എതിർത്തതിനെ തുടർന്ന് 17കാരിയും 22കാരനായ കാമുകനും അമ്മയെ കുത്തിക്കൊലപ്പെടുത്തിയതായി പൊലീസ്. താനെ മുംബ്രയിലാണ് സംഭവം. 37 കാരിയായ സബ ഹാഷ്മിയാണ് കൊല്ലപ്പെട്ടത്. മകളെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ശേഷം പെൺകുട്ടിയും കാമുകനും ഒളിച്ചോടിയെങ്കിലും വ്യാഴാഴ്ച വൈകീട്ട് ഹാജി മലംഗിൽ നിന്ന് ഇരുവരെയും അറസ്റ്റ് ചെയ്തു. സബ ഹാഷ്മി തന്റെ മൂന്ന് പെൺമക്കളോടൊപ്പം മുംബ്രയിലെ അമൃത് നഗർ പ്രദേശത്താണ് താമസിച്ചിരുന്നത്. മയക്കുമരുന്ന് കേസിൽപ്പെട്ട ഭർത്താവ് രണ്ടുവർഷമായി ജയിലിലാണ്.
വിദ്യാർഥികൾക്ക് ട്യൂഷനെടുത്താണ് ഉപജീവനത്തിനായി പണം കണ്ടെത്തുന്നത്. ഇതിനിടെ അയൽവാസിയായ യുവാവുമായി മകൾ സൗഹൃദത്തിലായി. എന്നാൽ ബന്ധത്തെ സബ ഹാഷ്മി എതിർത്തു. യുവാവ് ഇടയ്ക്കിടെ ഹാഷ്മിയുടെ വീട്ടിൽ രാത്രി തങ്ങിയിരുന്നു. കൊലപാതകത്തിന്റെ തലേദിവസം രാത്രി കാമുകനും ഇവരുടെ വീട്ടിൽ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിന് ശേഷം ഫോണുകൾ ഓഫാക്കി ഇരുവരും കല്യാണിന് അടുത്തുള്ള ഹാജി മലംഗിന്റെ മുങ്ങി.
സബയെ ബന്ധപ്പെടാൻ സാധിക്കാതിരുന്നതോടെയാണ് ബന്ധുക്കൾ പൊലീസിനെ വിവരമറിയിച്ചത്. പൊലീസ് വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന സബയെ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ബന്ധുവിന്റെ പരാതിയെത്തുടർന്നാണ് പൊലീസ് കേസെടുത്തത്.