'ബന്ധത്തിൽ നിന്ന് പിന്മാറിയാൽ കൊന്നുകളയും, 28 കാരന്റെ നിരന്തര ഭീഷണി', സഹിക്കവയ്യാതെ ജീവനൊടുക്കിയ രാഖിശ്രീ

By Web Team  |  First Published May 21, 2023, 10:49 PM IST

എസ്എസ്എൽസി പരീക്ഷയ്ക്ക് മുഴുവൻ എ പ്ലസ് കിട്ടി നാട്ടുകാരുടേയും സ്കൂളിന്‍റേയും അനുമോദനം ഏറ്റുവാങ്ങി അയൽവാസികൾക്ക് മധുരവും വിതരണം ചെയ്ത് പൂര്‍ണ സന്തോഷവതിയായ രാഖിശ്രീയുടെ മരണം നാട്ടുകാരേയും സുഹൃത്തുക്കളേയും അധ്യാപകരേയും ഞെട്ടിച്ചു.


തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയ തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി രാഖിശ്രീ പരീക്ഷാഫലം പ്രഖ്യാപിച്ച പിറ്റേദിവസം ആത്മഹത്യ ചെയ്തതിന് പിന്നിൽ യുവാവിന്‍റെ നിരന്തര ഭീഷണിയാണെന്ന് കുടുംബത്തിന്റെ ആരോപണം. ചിറയിൻകീഴ് പുളിമൂട്ട് കടവ് സ്വദേശി 28 വയസുകാരനെതിരെ മാതാപിതാക്കൾ പൊലീസിൽ മൊഴി നൽകി. ബന്ധത്തിൽ നിന്ന് പിന്മാറിയാൽ കൊന്നുകളയുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയതായി രാഖിശ്രീയുടെ അച്ഛൻ രാജീവൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്ത ചിറയിൻകീഴ് പൊലീസ് അന്വേഷണം തുടങ്ങി. 

ഇന്നലെ വൈകീട്ട് ആറു മണിയ്ക്കാണ് 16 വയസുള്ള രാഖിശ്രീ വീട്ടിലെ ശുചിമുറിക്കകത്ത് തൂങ്ങിമരിച്ചത്. എസ്എസ്എൽസി പരീക്ഷയ്ക്ക് മുഴുവൻ എ പ്ലസ് കിട്ടി നാട്ടുകാരുടേയും സ്കൂളിന്‍റേയും അനുമോദനം ഏറ്റുവാങ്ങി അയൽവാസികൾക്ക് മധുരവും വിതരണം ചെയ്ത് പൂര്‍ണ സന്തോഷവതിയായ രാഖിശ്രീയുടെ മരണം നാട്ടുകാരേയും സുഹൃത്തുക്കളേയും അധ്യാപകരേയും ഞെട്ടിച്ചു. ഇതിനടയിലാണ് പഠനത്തിലും പഠ്യേതര വിഷയങ്ങളിലും മിടുമിടുക്കിയായ മകളുടെ ജീവനെടുത്തത് യുവാവിന്‍റെ ശല്യവും ഭീഷണിയുമാണെന്ന പരാതിയുമായി മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയത്. കത്ത് വഴിയും നേരിട്ടും ഭീഷണി.

Latest Videos

രാഖിശ്രീയുടെ പരാതിക്ക് പിന്നാലെ വിദേശത്തേക്ക് പോയ യുവാവ് കഴിഞ്ഞയാഴ്ച തിരിച്ചെത്തി വീണ്ടും ഭീഷണി തുടങ്ങി. ഈമാസം 15ന് ബസ് സ്റ്റോപ്പിൽവച്ച് ഒപ്പം വന്നില്ലെങ്കിൽ ഇല്ലാതാക്കുമെന്ന് തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തി. ഇയാൾക്കെതിരെ മാതാപിതാക്കൾക്ക് പൊലീസിൽ പരാതി നൽകാനൊരുങ്ങുന്നതിനിടെയാണ് രാഖിശ്രീ ആത്മഹത്യ ചെയ്തത്. കൂടുതൽ അന്വേഷണത്തിന് ശേഷം യുവാവിനെതിരെ കേസെടുക്കാനാണ് പൊലീസ് തീരുമാനം. മൊബൈൽഫോണും ഭീഷണിക്കത്തും പരിശോധിച്ച ശേഷമാകും തുടര്‍ നടപടി. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

 


 

click me!