''ക്രിക്കറ്റിനെ നെഞ്ചോട് ചേര്‍ക്കുന്ന ഒരു ജനതയാണ് ഇത്. അങ്ങനെയുള്ളപ്പോള്‍ ഐസിസി ഇത്തരത്തില്‍ പെരുമാറാന്‍ പാടില്ലായിരുന്നു. പാരാ റെജിമെന്‍റില്‍ ഹോണററി ലെഫ്. കേണലാണ് ധോണി. അദ്ദേഹത്തിന്‍റെ രാജ്യസ്നേഹം എല്ലാവര്‍ക്കും അറിയുന്നതാണ്''
കൊച്ചി: ധോണി പട്ടാള ചിഹ്നമുള്ള ഗ്ലൗ ധരിച്ച് കളിച്ച സംഭവത്തിൽ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ താരം എസ് ശ്രീശാന്ത്. 'ബലിദാന്‍ ബാഡ്‌ജ്' ആലേഖനം ചെയ്ത വിക്കറ്റ് കീപ്പിംഗ് ഗ്ലൗസ് മാറ്റണമെന്ന് ആവശ്യപ്പെട്ട ഐസിസി രാജ്യത്തോടും ധോണിയോടും ക്ഷമ ചോദിക്കണമെന്നാണ് ശ്രീശാന്തിന്‍റെ ആവശ്യം.
ക്രിക്കറ്റിനെ നെഞ്ചോട് ചേര്‍ക്കുന്ന ഒരു ജനതയാണ് ഇത്. അങ്ങനെയുള്ളപ്പോള്‍ ഐസിസി ഇത്തരത്തില്‍ പെരുമാറാന്‍ പാടില്ലായിരുന്നു. പാരാ റെജിമെന്‍റില്‍ ഹോണററി ലെഫ്. കേണലാണ് ധോണി. അദ്ദേഹത്തിന്‍റെ രാജ്യസ്നേഹം എല്ലാവര്‍ക്കും അറിയുന്നതാണ്. ഇന്ത്യക്കായി ഒരുപാട് മത്സരങ്ങള്‍ തനിച്ച് വിജയിപ്പിച്ച താരമാണ് ധോണി.
undefined
ധോണിയുടെ ഗ്ലൗസിലെ ബലിദാന്‍ ബാഡ്ജ് നീക്കണമെന്നുള്ള ആവശ്യം ഇന്ത്യന്‍ ആരാധകര്‍ ഒരിക്കലും സമ്മതിക്കില്ല. ആ നടപടി ഉപേക്ഷിച്ച് ഐസിസി ക്ഷമ ചോദിക്കുമെന്നാണ് കരുതുന്നതെന്നും ധോണിയെ കുറിച്ച് അഭിമാനമാണെന്നും ശ്രീശാന്ത് ഇന്ത്യ ടുഡേയോട് പറഞ്ഞു.
ബലിദാന്‍ ബാഡ്ജ് ധരിച്ച് തന്നെ ധോണി ലോകകപ്പില്‍ കളിച്ച് കപ്പടിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, 'ബലിദാന്‍ ബാഡ്‌ജ്' ആലേഖനം ചെയ്ത വിക്കറ്റ് കീപ്പിംഗ് ഗ്ലൗ ഉപയോഗിച്ച എം എസ് ധോണിക്കെതിരെ ഐസിസി നിലപാട് കടുപ്പിച്ചിരുന്നു . 'ധോണിയുടെ ഗ്ലൗ ചട്ടവിരുദ്ധമാണ്. വസ്ത്രങ്ങളില്‍ പ്രത്യേക സന്ദേശങ്ങളുള്ള ചിഹ്നങ്ങള്‍ ഉപയോഗിക്കരുതെന്നും' ബിസിസിഐക്ക് നല്‍കിയ മറുപടി കത്തില്‍ ഐസിസി വ്യക്തമാക്കി.
ഗ്ലൗസില്‍ നിന്ന് ബലിദാന്‍ ബാഡ്‌ജ് മാറ്റണമെന്ന് ബിസിസിഐയ്ക്ക് ഐസിസി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ധോണിയുടെ ഗ്ലൗ ചട്ടവിരുദ്ധമല്ല എന്ന് വാദിച്ച് ബിസിസിഐ അപ്പീല്‍ നല്‍കി. ഈ അപ്പീല്‍ തള്ളിയാണ് ഐസിസി മറുപടി നല്‍കിയത്. പാരാ റെജിമെന്‍റില്‍ 2011ല്‍ ഹോണററി പദവി ലഭിച്ച ധോണി ഹ്രസ്വകാല പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ആര്‍മിയില്‍ ചേരാനുള്ള തന്‍റെ ആഗ്രഹം പലതവണ പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ള താരം കൂടിയാണ് എം എസ് ധോണി. ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ മത്സരത്തിലാണ് ധോണി പാരാ റെജിമെന്‍റിന്‍റെ മുദ്ര പതിപ്പിച്ച ഗ്ലൗസ് ഉപയോഗിച്ചത്. പാരാ റെജിമെന്‍റില്‍ ഹോണററി ലെഫ്. കേണലായ ധോണിയെ സല്യൂട്ട് നല്‍കിയാണ് ഇന്ത്യന്‍ ആരാധകര്‍ വരവേറ്റത്.