യാദൃശ്ചികതകള്‍ വരിവരിയായി, 1992ന് സമാന അവസ്ഥ; പക്ഷേ പാക് ടീമിന് അത് സാധിക്കുമോ?

By Ajish Chandran  |  First Published Jun 28, 2019, 10:52 PM IST

1992-ല്‍ ഇന്ത്യയും ഓസ്‌ട്രേലിയയുമായിരുന്നു മുന്‍പ് കപ്പ് ഉയര്‍ത്തിയതെങ്കില്‍ ഇത്തവണയും അങ്ങനെ തന്നെ 2011-ല്‍ ഇന്ത്യയും 2015-ല്‍ ഓസ്‌ട്രേലിയയും. അന്ന് ബേനസീര്‍ ഭൂട്ടോയുടെ ഭര്‍ത്താവും പാക്കിസ്ഥാന്‍ പ്രസിഡന്റുമായിരുന്ന ആസിഫ് അലി സര്‍ദാരി ജയിലിലായിരുന്നു. യാദൃശ്ചികമായാലും അല്ലെങ്കിലും ഇപ്പോള്‍, 2019-ല്‍ അദ്ദേഹം വീണ്ടും ജയിലിലായിരിക്കുന്നു


     ലോകകപ്പ് ക്രിക്കറ്റില്‍ യാദൃശ്ചികത എന്നത് ഒന്നേ രണ്ടോ കാര്യങ്ങളില്‍ സംഭവിക്കാം. എന്നാല്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ കാര്യത്തില്‍ ആവര്‍ത്തനങ്ങള്‍ ഒട്ടനവധിയാണ്. അതും അവര്‍ ക്രിക്കറ്റ് കിരീടം ഉയര്‍ത്തിയ 1992-ലേതിനു സമാന സംഗതികള്‍ ഇത്തവണ ലോകകപ്പില്‍ അരങ്ങേറുന്നു. അളന്നു തൂക്കി പരിശോധിക്കുമ്പോള്‍ ഇത് ഒരു പക്ഷേ, ക്രിക്കറ്റ് പണ്ഡിതരെ പോലും അത്ഭുതപ്പെടുത്തിയേക്കാം എന്നതാണു സ്ഥിതി. 

പാക്കിസ്ഥാന്‍ കപ്പ് ജയിച്ചാലും ഇല്ലെങ്കിലും 1992-ലേതിനു സമാനമായ സംഗതികളാണ് ഇപ്പോള്‍ അരങ്ങേറി കൊണ്ടിരിക്കുന്നത്. എന്തൊരു യാദൃശ്ചികം. 1992-ല്‍ ഇന്‍സമാം ഉള്‍ ഹഖായിരുന്നു അവരുടെ സ്റ്റാര്‍. ഇത്തവണ അത് അനന്തിരവന്‍ ഇമാം ഉള്‍ ഹഖ് ആയി. ആറാമത്തെ മത്സരത്തില്‍ അന്ന് ഇടങ്കയ്യന്‍ അമിര്‍ സൊഹയിലായിരുന്നു മാന്‍ ഓഫ് ദി മാച്ച്. ഇത്തവണ അത് മറ്റൊരു സൊഹയിലായി. ഇടങ്കയ്യന്‍ ഹാരിസ് സൊഹയില്‍.

Latest Videos

1992-ല്‍ ഇന്ത്യയും ഓസ്‌ട്രേലിയയുമായിരുന്നു മുന്‍പ് കപ്പ് ഉയര്‍ത്തിയതെങ്കില്‍ ഇത്തവണയും അങ്ങനെ തന്നെ 2011-ല്‍ ഇന്ത്യയും 2015-ല്‍ ഓസ്‌ട്രേലിയയും. അന്ന് ബേനസീര്‍ ഭൂട്ടോയുടെ ഭര്‍ത്താവും പാക്കിസ്ഥാന്‍ പ്രസിഡന്റുമായിരുന്ന ആസിഫ് അലി സര്‍ദാരി ജയിലിലായിരുന്നു. യാദൃശ്ചികമായാലും അല്ലെങ്കിലും ഇപ്പോള്‍, 2019-ല്‍ അദ്ദേഹം വീണ്ടും ജയിലിലായിരിക്കുന്നു. അന്ന് അലാദിന്‍ എന്ന അനിമേഷന്‍ സിനിമ പുറത്തിറങ്ങി ബോക്‌സോഫീസില്‍ ഹിറ്റായി. ഇന്ന് അലാദ്ദിന്‍ റീബൂട്ട് റിലീസ് ആയിരിക്കുന്നു...

ഇതു മാത്രമല്ല, ലോകകപ്പിന്റെ മത്സര ഫോര്‍മാറ്റില്‍ പോലും കാണാം ഈ സാദൃശ്യം. അന്ന് ഒന്‍പത് ടീമുകളായിരുന്നു മാറ്റുരച്ചത്. അവരെല്ലാം പരസ്പരം കളിക്കുകയും അതില്‍ നിന്ന് ഏറ്റവും കൂടുതല്‍ ജയം നേടിയ നാലു ടീമുകള്‍ സെമിയിലെത്തുകയുമായിരുന്നു ചെയ്തത്. ഇന്ന് ടീം പത്തായി എന്ന വ്യത്യാസം മാത്രം. ടൂര്‍ണമെന്റ് ഫോര്‍മാറ്റ് 1992-ലേതിനു സമാനം.

അന്നുണ്ടായിരുന്ന വലിയൊരു മാറ്റം ഒരു ഇന്നിംഗ്സില്‍ രണ്ടു വൈറ്റ് ബോളുകള്‍ ഉപയോഗിച്ചു എന്നതായിരുന്നു. അതായത്, ഓരോ എന്‍ഡിലും എറിയാന്‍ ഓരോ ബോള്‍. ആ രീതി, ഇത്തവണയും ഉപയോഗിക്കുന്നത് എന്നത് യാദൃശ്ചികമാണോ? ഇനിയാണ് പാക്കിസ്ഥാന്റെ സാദൃശ്യം കടന്നു വരുന്നത്. അവരുടെ ആദ്യത്തെ ആറു മത്സരം ഇങ്ങനെയായിരുന്നു. തോല്‍വി, ജയം, വാഷൗട്ട്, തോല്‍വി, തോല്‍വി, ജയം. ഇനി ഇത്തവണ എടുത്തു നോക്കു- അതങ്ങനെ തന്നെ. 1992-ല്‍ അവരുടെ ആദ്യത്തെ മത്സരം വെസ്റ്റിന്‍ഡീസിനോടു നഷ്ടപ്പെട്ടിരുന്നു.

ഇത്തവണയും അങ്ങനെ തന്നെ, എതിരാളികള്‍ക്കുപോലും യാതൊരു മാറ്റവുമില്ല. ഇതൊക്കെ തികച്ചും യാദൃശ്ചികമെന്നു പറയാം. കഴിഞ്ഞദിവസം എഡ്ജ്ബാസ്റ്റണില്‍ ന്യൂസിലന്‍ഡിനെതിരേ പാക്കിസ്ഥാന്‍ കളിക്കാനിറങ്ങുന്നതു വരെ. 1992-ല്‍ മാര്‍ട്ടിന്‍ ക്രോയുടെ നേതൃത്വത്തില്‍ ന്യൂസിലന്‍ഡ് പാക്കിസ്ഥാനെതിരേ മത്സരിക്കാനിറങ്ങുമ്പോള്‍ അവര്‍ ഒരു മത്സരവും തോറ്റിട്ടില്ലായിരുന്നു.

ഇത്തവണയും കിവീസ് അങ്ങനെ തന്നെയായിരുന്നു. അവരുടെ ആദ്യത്തെ തോല്‍വി പാക്കിസ്ഥാനെതിരേയായിരുന്നു. ഏഴു വിക്കറ്റിന് ക്രൈസ്റ്റ്ചര്‍ച്ചില്‍ കിവീസിനെ തോല്‍പ്പിച്ച് പാക്കിസ്ഥാന്‍ സെമിയിലേക്കു കടക്കുമ്പോള്‍ അത് ആ ലോകകപ്പിലെ 34-ാം മത്സരമായിരുന്നു. എഡ്ജ്ബാസ്റ്റണില്‍ കളിച്ചത് 33-ാം മത്സരവും!

ഇനി പാക്കിസ്ഥാന് അവശേഷിക്കുന്നത് രണ്ടു മത്സരങ്ങളാണ്. അതില്‍ പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം ജയിക്കാവുന്ന രീതിയിലുള്ള എതിരാളികളാണു താനും. അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും. ഈ രണ്ടു മത്സരങ്ങള്‍ ജയിക്കുകയും ശ്രീലങ്കയും ഇംഗ്ലണ്ടും അവരുടെ ഓരോ മത്സരങ്ങള്‍ തോല്‍ക്കുകയും ചെയ്താല്‍ മാത്രമേ പാക്കിസ്ഥാന് 1992 ആവര്‍ത്തിക്കാനാവൂ എന്നതാണ് കണക്കിലെ കളി.

ഇനി ഒരു മത്സരം മാത്രമേ ജയിക്കുന്നുള്ളുവെങ്കില്‍ ഇംഗ്ലണ്ട് എല്ലാ മത്സരങ്ങള്‍ തോല്‍ക്കാനും ശ്രീലങ്കയും ബംഗ്ലാദേശും ഓരോ മത്സരങ്ങള്‍ മാത്രം ജയിക്കാനും പ്രാര്‍ത്ഥിക്കണം. അങ്ങനെ സംഭവിച്ചാല്‍ റണ്‍റേറ്റ് അടിസ്ഥാനത്തില്‍ അവര്‍ക്ക് നാലിലൊന്നാവാനാവും. അങ്ങനെ തന്നെ സംഭവിക്കുമെന്നു പാക്കിസ്ഥാന്‍ ആരാധകര്‍ ഉറച്ച് വിശ്വസിക്കുന്നു, പാക് ടീം ഒഴികെ!

click me!