ഇനി കളിയല്ല, കാര്യം; സെമിയിലെത്താന്‍ ഇഞ്ചോടിഞ്ച് പോരാട്ടം

By Ajish Chandran  |  First Published Jun 28, 2019, 4:02 PM IST

ഇന്ത്യ ഒരു മത്സരവും ഇതുവരെ തോറ്റിട്ടില്ല. ഈ ലോകകപ്പില്‍ ഇതുവരെ തോല്‍ക്കാത്ത ഒരേയൊരു ടീമും ഇന്ത്യയാണ്. എന്നാല്‍ ഇനിയുള്ള മത്സരങ്ങളില്‍ ഒരെണ്ണം കൂടി ജയിച്ചാലേ ഇന്ത്യക്ക് സെമി ബര്‍ത്ത് ഉറപ്പിക്കാനാവൂ.


മാഞ്ചസ്റ്റര്‍: ഓരോ ടീമുകളുടെയും ശക്തിയും ദൗര്‍ബല്യവും കലാശക്കളിക്കു വേണ്ടി തേച്ചുമിനുക്കാനുള്ള അവസരങ്ങള്‍ക്ക് അവസാനമായി. ഇനി പത്തു ടീമുകളില്‍ നിന്നു നാലു പേര്‍ വൈകാതെ സെമി സ്ഥാനം ഉറപ്പിക്കും. എന്നാല്‍, അഫ്ഗാനിസ്ഥാന്‍, വെസ്റ്റിന്‍ഡീസ്, ദക്ഷിണാഫ്രിക്ക എന്നിവര്‍ പുറത്തായ നിലയ്ക്ക് ശേഷിച്ച ഏഴു ടീമുകളാണു നാലിലൊന്നാവാന്‍ കിണഞ്ഞു ശ്രമിക്കുന്നത്. ഇനിയുള്ള ഓരോ മത്സരവും ഓരോ ടീമിനും ഏറെ പ്രാധാന്യമേറിയതാണ്. മഴ പെയ്താല്‍ പോലും ഇതില്‍ പലര്‍ക്കും കണ്ണീര്‍ പൊഴിക്കാനുള്ള സാധ്യതയാവും ഉയര്‍ത്തുക. പോയിന്റ് പട്ടികയില്‍ ഓസ്‌ട്രേലിയ, ഇന്ത്യ, ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട് എന്നിവരാണ് ആദ്യ നാലില്‍ ഇപ്പോഴുള്ളതെങ്കിലും ഇതില്‍ ഓസീസ് മാത്രമാണ് സെമി ബര്‍ത്ത് ഉറപ്പിച്ചത്. ഇനി സെമി കളിക്കാന്‍ സാധ്യതയുള്ള ഓരോ ടീമുകളുടെയും അവസരങ്ങള്‍ എങ്ങനെയെന്നൊന്നു പരിശോധിക്കാം.

ന്യൂസിലന്‍ഡ്
ശേഷിക്കുന്ന മത്സരങ്ങള്‍: ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്.
യോഗ്യത നേടാന്‍:- സെമി ബര്‍ത്ത് ഉറപ്പാക്കാന്‍ രണ്ടിലൊരു മത്സരം കൂടി ജയിച്ചേ തീരു. ഇതുവരെ ഏഴു മത്സരങ്ങള്‍ കഴിഞ്ഞു. അതില്‍ അഞ്ചെണ്ണം ജയിച്ചു. ഒരെണ്ണം തോറ്റു. ഒരു മത്സരം മഴയെടുത്തു. ആകെ പോയിന്റ് 11. പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. അടുത്ത രണ്ടു മത്സരങ്ങള്‍ നഷ്ടപ്പെട്ടാലും സെമി കാണാം. പക്ഷേ, ഇംഗ്ലണ്ട്, ശ്രീലങ്ക, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ ടീമുകള്‍ക്ക് 11 പോയിന്റ് ലഭിക്കരുതെന്നു മാത്രം. അല്ലെങ്കില്‍ ഇന്ത്യ ശേഷിക്കുന്ന മൂന്നു മത്സരങ്ങളും തോറ്റാല്‍ റണ്‍റേറ്റ് അടിസ്ഥാനത്തില്‍ കിവീസിനു സെമി കളിക്കാം.

Latest Videos

ഓസ്‌ട്രേലിയ
ശേഷിക്കുന്ന മത്സരങ്ങള്‍: ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക
ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചതോടെ നിലവിലെ ചാംപ്യന്മാരായ ഓസ്‌ട്രേലിയ സെമി ബര്‍ത്ത് ഉറപ്പിച്ചു കഴിഞ്ഞു. ഏഴില്‍ ആറു മത്സരങ്ങളും ജയിച്ചു കഴിഞ്ഞ അവരുടെ ഒരു മത്സരവും മഴയെടുത്തില്ലെന്നതും പോയിന്റ് പട്ടികയില്‍ മുന്നിലെത്താന്‍ അവര്‍ക്കു സഹായകമായി. 12 പോയിന്റാണ് ഓസീസിന് ഇപ്പോഴുള്ളത്.

ഇന്ത്യ
ശേഷിക്കുന്ന മത്സരങ്ങള്‍: ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ശ്രീലങ്ക
യോഗ്യത:- ഇന്ത്യ ഒരു മത്സരവും ഇതുവരെ തോറ്റിട്ടില്ല. ഈ ലോകകപ്പില്‍ ഇതുവരെ തോല്‍ക്കാത്ത ഒരേയൊരു ടീമും ഇന്ത്യയാണ്. എന്നാല്‍ ഇനിയുള്ള മത്സരങ്ങളില്‍ ഒരെണ്ണം കൂടി ജയിച്ചാലേ ഇന്ത്യക്ക് സെമി ബര്‍ത്ത് ഉറപ്പിക്കാനാവൂ. സെമിയില്‍ കടന്നാല്‍, തുടര്‍ച്ചയായി മൂന്നാം തവണ സെമി കളിക്കുന്ന രാജ്യമായി ഇന്ത്യ മാറും. ഇന്ത്യയെ പോലെ തന്നെ എതിരാളികളില്‍ മൂന്നു പേര്‍ക്കും ജയം അനിവാര്യമാണ്. ഇന്ത്യ ഇതുവരെ ആറു മത്സരങ്ങള്‍ മാത്രമാണ് കളിച്ചത്.

ഇംഗ്ലണ്ട്
ശേഷിക്കുന്ന മത്സരങ്ങള്‍:- ഇന്ത്യ, ന്യൂസിലന്‍ഡ്
യോഗ്യത നേടാന്‍:- ഇംഗ്ലണ്ടിന് സെമിയില്‍ കടക്കാന്‍ ഈ രണ്ടു മത്സരങ്ങളും ജയിച്ചേ തീരൂ. അഥവാ ഇനി ഒരു മത്സരം തോറ്റാല്‍ പാക്കിസ്ഥാന്‍ അവരുടെ രണ്ടു മത്സരങ്ങളിലൊന്ന് തോല്‍ക്കാന്‍ വേണ്ടി ഇംഗ്ലീഷുകാര്‍ക്കു പ്രാര്‍ത്ഥിക്കണം. ഇതു മാത്രം പോര, ശ്രീലങ്കയുടെ ശേഷിക്കുന്ന മൂന്നു മത്സരങ്ങളിലൊന്നും ബംഗ്ലാദേശിന്റെ രണ്ടു മത്സരങ്ങളിലൊന്നും തോല്‍ക്കണം. അപ്പോള്‍ റണ്‍റേറ്റ് അടിസ്ഥാനത്തില്‍ ആതിഥേയര്‍ക്ക് അവസാനക്കാരായി സെമിയില്‍ കടന്നു കൂടാം. ഏഴു മത്സരങ്ങളില്‍ നാലില്‍ മാത്രമാണ് അവര്‍ക്ക് ജയിക്കാന്‍ കഴിഞ്ഞിട്ടുള്ളു. മൂന്നെണ്ണം തോറ്റു. മഴയുടെ ആനുകൂല്യം ലഭിച്ചതുമില്ല. ആകെ സമ്പാദ്യം എട്ടു പോയിന്റ്.

ശ്രീലങ്ക
ശേഷിക്കുന്ന മത്സരങ്ങള്‍: ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ്, ഇന്ത്യ
യോഗ്യത നേടാന്‍:- ഈ മൂന്നു മത്സരങ്ങളും നല്ല രീതിയില്‍ ജയിച്ചാല്‍ മാത്രമേ ശ്രീലങ്കയ്ക്ക് സെമിബര്‍ത്തിന് അവസരമുള്ളു. ഇനി ഒരു മത്സരം തോറ്റാലും ശ്രീലങ്കയ്ക്ക് സാധ്യതയുണ്ട്. ഇംഗ്ലണ്ടും ഇന്ത്യയും അവരുടെ ശേഷിക്കുന്ന എല്ലാ മത്സരങ്ങളും തോല്‍ക്കുകയും, പാക്കിസ്ഥാന്‍ അവരുടെ ശേഷിക്കുന്ന രണ്ട് മത്സരങ്ങൡലൊന്ന് ജയിക്കുകയും ചെയ്താലും ശ്രീലങ്ക സെമി കളിക്കും. ആറു കളികളില്‍ നിന്നും രണ്ടു വിജയം മാത്രമാണ് അവര്‍ക്കുള്ളത്. ഇവരുടെ രണ്ടു മത്സരങ്ങളാണ് മഴ കവര്‍ന്നെടുത്തത്. രണ്ടെണ്ണം തോല്‍ക്കുകയും ചെയ്തു. ആറു കളികളില്‍ നിന്നും ആറു പോയിന്റ്.

ബംഗ്ലാദേശ്
ശേഷിക്കുന്ന മത്സരങ്ങള്‍:- ഇന്ത്യ, പാക്കിസ്ഥാന്‍
യോഗ്യത നേടാന്‍:- ശേഷിക്കുന്ന രണ്ടു മത്സരങ്ങള്‍ മാത്രം ജയിച്ചാല്‍ ബംഗ്ലാദേശ് സെമി കളിക്കില്ല. അതേസമയം ഇംഗ്ലണ്ട്, ഇന്ത്യ, ശ്രീലങ്ക എന്നിവര്‍ കാര്യമായി തോല്‍ക്കുകയും 11 പോയിന്റിന് മുകളില്‍ ഈ ടീമുകളൊന്നും നേടാതിരിക്കുകയും ചെയ്താല്‍ ബംഗ്ലാദേശിന് സാധ്യതയുണ്ട്. അവര്‍ക്കു നിലവില്‍ ഏഴു മത്സരങ്ങളില്‍ നിന്നും ഏഴു പോയിന്റുകളാണുള്ളത്. മൂന്നു മത്സരങ്ങള്‍ ജയിച്ചു, അത്ര തന്നെ തോല്‍വി. ഒപ്പം ഒരു മത്സരം മഴയെടുത്തു. പോയിന്റ് പട്ടികയില്‍ അവര്‍ അഞ്ചാം സ്ഥാനത്താണ്. ജയവും തോല്‍വിയും അത്ര തന്നെയാണ് പാക്കിസ്ഥാന് ഉള്ളതെങ്കിലും അവര്‍ പോയിന്റ് പട്ടികയില്‍ ആറാമതാണ്. റണ്‍റേറ്റാണ് പാക് ടീമിനു വില്ലനായത്.

പാക്കിസ്ഥാന്‍
ശേഷിക്കുന്ന മത്സരങ്ങള്‍:- അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്
യോഗ്യത നേടാന്‍:- അവശേഷിക്കുന്ന രണ്ടു മത്സരങ്ങള്‍ ജയിക്കുകയും ശ്രീലങ്കയും ഇംഗ്ലണ്ടും അവരുടെ ഓരോ മത്സരങ്ങള്‍ തോല്‍ക്കുകയും വേണം. ഇനി ഒരു മത്സരം മാത്രമേ ജയിക്കുന്നുള്ളുവെങ്കില്‍ ഇംഗ്ലണ്ട് എല്ലാ മത്സരങ്ങള്‍ തോല്‍ക്കാനും ശ്രീലങ്കയും ബംഗ്ലാദേശും ഓരോ മത്സരങ്ങള്‍ മാത്രം ജയിക്കാനും പ്രാര്‍ത്ഥിക്കണം. അങ്ങനെ സംഭവിച്ചാല്‍ റണ്‍റേറ്റ് അടിസ്ഥാനത്തില്‍ അവര്‍ക്ക് നാലിലൊന്നാവാനാവും.

click me!