യൂത്ത് ഏകദിന ചരിത്രത്തില്‍ ശ്രീലങ്കയ്ക്കു വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് (1379 റണ്‍സ്) അവിഷ്‌ക്ക. ഏറ്റവും കൂടുതല്‍ സെഞ്ചുറി എന്ന റെക്കോഡും ഇദ്ദേഹത്തിനു തന്നെ. നാലെണ്ണം.
ലണ്ടന്‍: ഒരു ട്വന്റി 20 മത്സരമോ,എന്തിന് ഒരു ഫസ്റ്റ് ക്ലാസ് മത്സരമോ കളിക്കാതെയാണ് അവിഷ്‌ക്ക ഫെര്‍ണാണ്ടോ എന്ന ബാറ്റ്‌സ്മാന്‍ ലങ്കന്‍ ടീമിന്റെ ജേഴ്‌സിയണിയുന്നത്. കളിച്ച ആദ്യ ഏകദിനത്തില്‍ ഡക്കായി പുറത്തായെങ്കിലും ഈ താരത്തിലെവിടെയേ ബാറ്റിംഗ് പ്രതിഭ ഒളിഞ്ഞിരിപ്പുണ്ടെന്ന് കണ്ടെത്തിയ മുന്‍ ലങ്കന്‍ താരം കുമാര്‍ സംഗക്കാര വിശേഷിപ്പിച്ചതിങ്ങനെ- മികച്ച ടൈമിങ്, തേച്ചുമിനുക്കിയാല്‍ ലങ്കയുടെ കത്തിമുന. അതു തികച്ചും ശരിയാണെന്ന് വിന്‍ഡീസിനെതിരേയുള്ള ലോകകപ്പ് മത്സരം തെളിയിച്ചിരിക്കുന്നു. ഒന്‍പതാം ഏകദിനം മാത്രം കളിക്കുന്ന ഒരു താരത്തില്‍ നിന്നും പക്വതയുള്ള ഒരു സെഞ്ചുറി. ഇതാണ് വീരഹന്‍ഡിഗേ ഇനോള്‍ അവിഷ്‌ക്ക ഫെര്‍ണാണ്ടോ എന്ന ഇരുപത്തിയൊന്നുകാരന്‍.
യൂത്ത് ഏകദിന ചരിത്രത്തില്‍ ശ്രീലങ്കയ്ക്കു വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് (1379 റണ്‍സ്) അവിഷ്‌ക്ക. ഏറ്റവും കൂടുതല്‍ സെഞ്ചുറി എന്ന റെക്കോഡും ഇദ്ദേഹത്തിനു തന്നെ. നാലെണ്ണം. 103 പന്തില്‍ നിന്നും 127 റണ്‍സ് നേടി ഓസ്‌ട്രേലിയ അണ്ടര്‍ 19-നെ വിസ്മയിപ്പിക്കുമ്പോള്‍ അവിഷ്‌ക്കയ്ക്ക് പ്രായം പതിനഞ്ച് തികഞ്ഞിട്ടില്ലായിരുന്നു. അണ്ടര്‍ 19 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേ 95 റണ്‍സ് നേടി ടീമിനെ ക്വാര്‍ട്ടറിലെത്തിച്ചതും ഈ താരത്തിന്റെ മിടുക്കു തന്നെ. ഇംഗ്ലണ്ടിനെതിരേയുള്ള പര്യടനത്തില്‍ തുടര്‍ച്ചയായി രണ്ടു സെഞ്ചുറിയും നേടികൊണ്ടാണ് അവിഷ്‌ക്ക തന്റെ വരവ് അറിയിച്ചത്.
ഈ വര്‍ഷം മാര്‍ച്ചില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയാണ് ആദ്യ രാജ്യാന്തര ട്വന്റി 20 കളിക്കുന്നത്. തുടര്‍ന്നു ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെട്ടു. സ്‌കോട്ട്‌ലന്‍ഡിനെതിരേ നേടിയ 74 റണ്‍സായിരുന്നു ഇതിനു മുന്‍പുള്ള മികച്ച പ്രകടനം. പിന്നീട്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും ഓസ്‌ട്രേലിയക്കെതിരേയും സന്നാഹമത്സരം കളിച്ചെങ്കിലും ബാറ്റ് ചെയ്യാന്‍ അവസരം കിട്ടിയില്ല. തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരേ ലീഡ്‌സിലായിരുന്നു ലോകകപ്പില്‍ പാഡ് അണിഞ്ഞത്. അന്ന് 49 റണ്‍സും ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 30 റണ്‍സും നേടി. എന്നാല്‍ അവിഷ്‌ക്കയുടെ ബാറ്റിങ് കരുത്ത് ശരിക്കും പ്രകടമായത്, ചെസ്റ്റര്‍ ലെ സ്ട്രീറ്റ് മൈതാനത്തായിരുന്നു.
അവിഷ്‌ക്കയുടെ ഷോട്ട് തെരഞ്ഞെടുക്കുന്നതിലെ കൗശലവും മികവുമാണ് ഈ താരത്തെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. ഇതുവരെ ടെസ്റ്റ് ക്യാപ് അണിഞ്ഞിട്ടില്ലാത്ത അവിഷ്‌ക്കയില്‍ നിന്നും കൂടുതല്‍ വലിയ ഇന്നിങ്‌സുകള്‍ കാണാനിരിക്കുന്നതേയുള്ളുവെന്ന് ഇന്നത്തെ സെഞ്ചുറി തെളിയിക്കുന്നു.