ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെ 196 സെഞ്ചുറികള്‍ ജന്മം കൊണ്ടു കഴിഞ്ഞു. 15 ടീമുകളില്‍ നിന്നും 117 താരങ്ങളുടേതാണ് ഈ മൂന്നക്കം. ഒരു ടൂര്‍ണമെന്റില്‍ അഞ്ച് സെഞ്ചുറി എന്ന റെക്കോഡ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ഹിറ്റ്മാന്‍ രോഹിത് തന്റെ പേരിലാക്കി കഴിഞ്ഞു
ഈ ലോകകപ്പില്‍ ആകെ 31 സെഞ്ചുറികള്‍ ഇതുവരെ പിറന്നു കഴിഞ്ഞു. 2015 ടൂര്‍ണമെന്റില്‍ ലീഗ് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 32 സെഞ്ചുറികളായിരുന്നു ഉണ്ടായിരുന്നത്. സെമി, ഫൈനല്‍ മത്സരങ്ങളിലായി അന്നു സ്‌കോര്‍ ബോര്‍ഡില്‍ കയറിനിന്നത് ആറെണ്ണമാണ്. അങ്ങനെ 38 സെഞ്ചുറികള്‍ എന്ന അന്നത്തെ റെക്കോഡ് തകര്‍ക്കാന്‍ ഈ ലോകകപ്പിനു കഴിയുമോ?
സെഞ്ചുറികളുടെ ആഘോഷം പൊടിപൊടിക്കുമ്പോഴും ഓര്‍ക്കുക, 1979-ലെ ടൂര്‍ണമെന്റില്‍ ആകെ അടിച്ചു കൂട്ടിയത് രണ്ടേ രണ്ടു സെഞ്ചുറികള്‍ മാത്രമായിരുന്നു. രണ്ടും നേടിയത് വിന്‍ഡീസ് താരങ്ങള്‍. സാക്ഷാല്‍ ഗോര്‍ഡന്‍ ഗ്രീനിഡ്ജും (106), വിവ് റിച്ചാര്‍ഡ്‌സും (138).
ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെ 196 സെഞ്ചുറികള്‍ ജന്മം കൊണ്ടു കഴിഞ്ഞു. 15 ടീമുകളില്‍ നിന്നും 117 താരങ്ങളുടേതാണ് ഈ മൂന്നക്കം. ഒരു ടൂര്‍ണമെന്റില്‍ അഞ്ച് സെഞ്ചുറി എന്ന റെക്കോഡ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ഹിറ്റ്മാന്‍ രോഹിത് തന്റെ പേരിലാക്കി കഴിഞ്ഞു. ഈ ടൂര്‍ണമെന്റിലെ ആദ്യ സെഞ്ചുറി നേടിയത് ജോ റൂട്ടാണ്. ജൂണ്‍ 3-ന് പാക്കിസ്ഥാനെതിരേ നോട്ടിങ്ഹാമിലെ ട്രെന്റ് ബ്രിഡ്ജില്‍ 104 പന്തില്‍ നിന്നും 107 റണ്‍സ്.
അന്നു തന്നെ സഹതാരം ജോസ് ബട്‌ലറും സെഞ്ചൂറിയനായി. 76 പന്തില്‍ 103 റണ്‍സ്. രണ്ടു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ രോഹിത് ശര്‍മയാണ് ടൂര്‍ണമെന്റിലെ മൂന്നാം സെഞ്ചുറി നേടിയത്. സതാംപ്ടണിലെ ഹാംപ്‌ഷെയര്‍ ബൗളില്‍ 13 ഫോറും രണ്ടു സിക്‌സും സഹിതം പുറത്താവാതെ 122 റണ്‍സ്. മൂന്നു ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ഇംഗ്ലീഷ് താരം വീണ്ടും തകര്‍ത്തടിച്ചു.
ഇത്തവണ ജേസണ്‍ റോയിയായിരുന്നു വെടിക്കെട്ട് പൊട്ടിച്ചത്. ബംഗ്ലാദേശിനെതിരേ കാര്‍ഡിഫിലെ സോഫിയ ഗാര്‍ഡന്‍സില്‍ നാലു സിക്‌സും 14 ബൗണ്ടറികളുമായി 153 റണ്‍സ്. അന്നേ ദിവസം തന്നെ ഈ ലോകകപ്പിലെ അഞ്ചാമത്തെ സെഞ്ചുറിയും പിറന്നു. ഇംഗ്ലണ്ടിനെതിരേ ബംഗ്ലാദേശിന്റെ മറുപടി, ഷാക്കിബ് അല്‍ ഹസനിലൂടെ. 119 പന്തില്‍ 121 റണ്‍സ്. തൊട്ടടുത്ത ദിവസം ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ സെഞ്ചൂറിയനായി.
ലണ്ടനിലെ ഓവലില്‍ നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ 109 പന്തില്‍ 107 റണ്‍സ്. 16 ബൗണ്ടറികള്‍ നിറഞ്ഞ സൂപ്പര്‍ ഇന്നിങ്‌സ്. മൂന്നു ദിവസം കഴിഞ്ഞാണ് പിന്നെയൊരു താരത്തില്‍ നിന്നും മൂന്നക്ക പ്രകടനം ഉണ്ടാവുന്നത്. ഇത്തവണ ഓസീസിന്റെ ഡേവിഡ് വാര്‍ണറാണ് സെഞ്ചുറി നേടിയത്. പാക്കിസ്ഥാനെതിരേ കൗണ്ടി ഗ്രൗണ്ടില്‍ വാര്‍ണര്‍ 107 റണ്‍സ് നേടി. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ജോ റൂട്ട് പിന്നെയും ഇംഗ്ലണ്ടിനു വേണ്ടി സെഞ്ചൂറിയനായി. വെസ്റ്റിന്‍ഡീസിനെതിരേ 100 റണ്‍സ് നേടി പുറത്താകാതെ നിന്ന താരം 11 ബൗണ്ടറികളും സ്വന്തം പേരിലാക്കി.
ശ്രീലങ്കയ്‌ക്കെതിരേ ഓസീസ് നായകന്റെ ശതകം പിറക്കുന്നത് ജൂണ്‍ 15-നാണ്. ആരോണ്‍ ഫിഞ്ച് 132 പന്തില്‍ അഞ്ച് സിക്‌സും 15 ബൗണ്ടറികളുമായി 153 റണ്‍സാണ് വാരിക്കൂട്ടിയത്. പിറ്റേന്ന്, ഹിറ്റ്മാന്‍ രോഹിത് ശര്‍മ തന്റെ രണ്ടാം സെഞ്ചുറി കണ്ടെത്തി. അതും ചിരവൈരികളായ പാക്കിസ്ഥാനെതിരേ മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് മൈതാനത്ത്. 113 പന്തില്‍ 14 ബൗണ്ടറികളും മൂന്നു സിക്‌സറും സഹിതം 140 റണ്‍സ്. ടൂര്‍ണമെന്റിലെ പത്താം സെഞ്ചുറി പ്രകടനം കൂടിയായിരുന്നു ഇത്.
തൊട്ടടുത്തദിവസം ബംഗ്ലാദേശ് താരം ഷാക്കിബും തന്റെ സെഞ്ചുറി നേട്ടം രണ്ടാക്കി. വെസ്റ്റിന്‍ഡീസ് ആയിരുന്നു എതിരാളികള്‍. 99 പന്തില്‍ ഷാക്കിബ് പുറത്താകാതെ 124 റണ്‍സ് നേടി എതിരാളികളെ തോല്‍പ്പിച്ചു. എന്നാല്‍ മാഞ്ചസ്റ്ററില്‍ പിറ്റേന്ന് കണ്ടത് ബൗണ്ടറികളുടെ മാലപ്പടക്കമായിരുന്നു. ഇംഗ്ലീഷ് നായകന്‍ ഇയോണ്‍ മോര്‍ഗന്റെ 148 റണ്‍സായിരുന്നു ഇത്. അഫ്ഗാനിസ്ഥാനെതിരേ 71 പന്തില്‍ 17 സിക്‌സുകള്‍, നാലു ബൗണ്ടറികള്‍. സ്‌ട്രൈക്ക് റേറ്റ് 208.45. ടൂര്‍ണമെന്റിലെ ഇതുവരെയുള്ള ഏറ്റവും വലിയ ഡൈനാമിറ്റ് പ്രകടനം.
അടുത്ത സെഞ്ചുറി പ്രകടനം ന്യൂസിലന്‍ഡ് നായകനില്‍ നിന്നായിരുന്നു. ബിര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണ്‍ ഗ്രൗണ്ടില്‍ ദക്ഷിണാഫ്രിക്കക്കെതിരേ പുറത്താവാതെ 106 റണ്‍സ്. ഓസീസ് താരം ഡേവിഡ് വാര്‍ണറുടെ വകയായിരുന്നു പിന്നീടുള്ള സെഞ്ചുറി പോരാട്ടം. വാര്‍ണറുടെ രണ്ടാമത്തെ ഹണ്‍ഡ്രഡ്. എതിരാളികള്‍ ബംഗ്ലാദേശ്, നേടിയത് 166 റണ്‍സ്. 14 ബൗണ്ടറിയും അഞ്ചു സിക്‌സും സഹിതം 147 പന്തിലായിരുന്നു ഈ ഒറ്റയാന്‍ തേരോട്ടം. മറുപടിയായി ബംഗ്ലാദേശിന്റെ മുഷ്ഫിഖര്‍ റഹീം 102 റണ്‍സ് നേടിയെങ്കിലും മത്സരം നഷ്ടപ്പെട്ടിരുന്നു.
രണ്ടു ദിവസങ്ങള്‍ക്കു ശേഷം ജൂണ്‍ 22-ന് മാഞ്ചസ്റ്ററില്‍ കിവീസ് നായകന്‍ കെയ്ന്‍ വില്യംസണ്‍ പിന്നെയും മൂന്നക്കം കടന്നു. ഇത്തവണ വിന്‍ഡീസായിരുന്നു എതിരാളികള്‍. 14 ബൗണ്ടറിയും ഒരു സിക്‌സും സഹിതം 154 പന്തില്‍ 148 റണ്‍സ്. മറുപടിയായി 82 പന്തില്‍ 101 റണ്‍സ് നേടി കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റ് ഒറ്റയാനായി പൊരുതിയെങ്കിലും തോല്‍ക്കാനായിരുന്നു യോഗം.മൂന്നു ദിവസങ്ങള്‍ക്കു ശേഷം ലോര്‍ഡ്‌സില്‍ ഓസീസ് നായകന്‍ ഫിഞ്ച് രണ്ടാമത്തെ ശതകനേട്ടം പേരിലെഴുതി. ഇംഗ്ലണ്ടിനെതിരേ 100 റണ്‍സ്. പാക്കിസ്ഥാന്റെ ബാബര്‍ അസമായിരുന്നു പിന്നെ മൂന്നക്കം പിന്നിട്ടത്. ന്യൂസിലന്‍ഡിനെതിരേ ബിര്‍മിങ്ഹാമില്‍ 127 പന്തില്‍ 101 റണ്‍സ്.
ഇംഗ്ലണ്ടിന്റെ ജോണി ബെയര്‍സ്‌റ്റോ ഇന്ത്യയ്‌ക്കെതിരേ 111 റണ്‍സുമായി ഈ ലോകകപ്പിലെ തന്റെ ആദ്യ സെഞ്ചുറി നേടി. ബിര്‍മിങ്ങ്ഹാമില്‍ നടന്ന ഈ മത്സരത്തില്‍ തന്നെ രോഹിത് ശര്‍മ തന്റെ മൂന്നാം സെഞ്ചുറി കണ്ടെത്തി. 108 പന്തില്‍ 102 റണ്‍സ്. ശ്രീലങ്കയുടെ അവിഷ്‌ക്ക ഫെര്‍ണാണ്ടോയുടേതായിരുന്നു അടുത്ത ഊഴം. വെസ്റ്റിന്‍ഡീസിനെതിരേ നടന്ന മത്സരത്തില്‍ 104 റണ്‍സാണ് താരം നേടിയത്. ഇതേ മത്സരത്തില്‍ തന്നെ വിന്‍ഡീസിന്റെ കൗമാരക്കാരന്‍ നിക്കോളാസ് പുരാന്‍ 118 റണ്‍സ് കണ്ടെത്തി സെഞ്ചുറിയനായി. ബിര്‍മിങ്ഹാമില്‍ ഇന്ത്യ-ബംഗ്ലാദേശ് മത്സരമായിരുന്നു അടുത്തത്. അതിലും രോഹിത് ശര്‍മയുടെ വക 92 പന്തില്‍ 104 റണ്‍സ്.
ന്യൂസിലന്‍ഡും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരം ചെസ്റ്റര്‍ ലെ സ്ട്രീറ്റില്‍ ജൂലൈ മൂന്നിനായിരുന്നു. ഈ മത്സരത്തില്‍ ബെയര്‍സ്റ്റോ വീണ്ടും മൂന്നക്കം തികച്ചു. 99 പന്തില്‍ 106 റണ്‍സ് നേടി ടീമിനെ വിജയത്തിലെത്തിച്ചു. ലോര്‍ഡ്‌സില്‍ രണ്ടു ദിവസത്തിനു ശേഷം വീണ്ടുമൊരു സെഞ്ചുറിക്കു കൂടി സാക്ഷ്യം വഹിച്ചു. ഇത്തവണ പാക്കിസ്ഥാന്റെ ഇമാം ഉള്‍ ഹഖ് (100) ബംഗ്ലാദേശിനെതിരേ സെഞ്ചുറി നേടി. തൊട്ടുപിന്നാലെ ഹിറ്റ് വിക്കറ്റായി. ലോകകപ്പില്‍ സെഞ്ചുറി നേടിയ ശേഷം ഈ വിധം വിക്കറ്റ് തുലയ്ക്കുന്ന ആദ്യതാരമെന്ന റെക്കോഡും ഇതോടെ ഇമാമിന്റെ പേരിലായി.
പിറ്റേന്ന് ലീഡ്‌സില്‍ ശ്രീലങ്കയുടെ മുന്‍ ക്യാപ്റ്റന്‍ എയ്ഞ്ചലോ മാത്യൂസിന്റെ വക സെഞ്ചുറി പ്രകടനത്തിനാണ് ഗാലറി കണ്ണുചിമ്മിയത്. ഇന്ത്യയ്‌ക്കെതിരേ 113 റണ്‍സ്. ഇതേ നാണയത്തില്‍ ഇന്ത്യയുടെ രോഹിത് ശര്‍മയും തിരിച്ചടിച്ചു. 94 പന്തില്‍ 103 റണ്‍സ്. ലോകകപ്പിലെ അഞ്ചാം സെഞ്ചുറി. ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയിട്ടുള്ള മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കൊപ്പം (ആറെണ്ണം).
രോഹിതിന്റെ തുടര്‍ച്ചയായ മൂന്നാം സെഞ്ചുറി കൂടിയായിരുന്നു അത്. ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ലോകക്രിക്കറ്റിന്റെ നെറുകയിലേക്ക് കയറി നിന്ന നിമിഷം. ഇതേ മത്സരത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ കെ.എല്‍. രാഹുലും നൂറു കടന്നു. അന്നേ ദിവസം നടന്ന ദക്ഷിണാഫ്രിക്ക-ഓസ്‌ട്രേലിയ മത്സരത്തിലും സെഞ്ചുറികള്‍ പിറന്നു. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ഫാഫ് ഡുപ്ലെസിസ് (100), ഓസ്‌ട്രേലിയക്കു വേണ്ടി ഡേവിഡ് വാര്‍ണര്‍ (122) എന്നിവര്‍ മൂന്നക്കം നേടുന്നതിന് മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് ഗ്രൗണ്ട് വേദിയായി. വാര്‍ണറുടെ സെഞ്ചുറി ലോകകപ്പിലെ ഇതുവരെയുള്ള സെഞ്ചുറി കളില്‍ 196-ാമത്തേതു കൂടിയായിരുന്നു.
ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി സെഞ്ചുറി നേടിയത് 1975 ജൂണ്‍ ഏഴിന് ഇംഗ്ലണ്ടിന്റെ ഡെന്നിസ് എമിസാണ് (137). ഇന്ത്യയ്‌ക്കെതിരേ ലോര്‍ഡ്‌സിലായിരുന്നു ഈ പ്രകടനം. ഇന്ത്യയ്ക്കു വേണ്ടി ആദ്യമായി ഒരാള്‍ സെഞ്ചുറി നേടുന്നത് കപില്‍ദേവാണ്. കപിലിന്റെ സെഞ്ചുറി സിംബാബ്‌വെയ്‌ക്കേതിരേയായിരുന്നു. 1983 ജൂണ്‍ 18-ന് പുറത്താകാതെ നേടിയ 175 റണ്‍സ്. 138 പന്തില്‍ ആറു സിക്‌സും 16 ബൗണ്ടറികളും! അന്നത്തെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.
പിന്നെയൊരാള്‍ ഇന്ത്യയ്ക്കു വേണ്ടി സെഞ്ചുറിയടിക്കുന്നത് 1987-ലാണ്. ന്യൂസിലന്‍ഡിനെതിരേ സുനില്‍ ഗവാസ്‌ക്കര്‍ (പുറത്താകാതെ 103). തുടര്‍ന്നു വര്‍ഷങ്ങള്‍ക്കു ശേഷം 1996-ല്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ തേരോട്ടത്തിന് ആരംഭമായി. കെനിയക്കെതിരേ കട്ടക്കില്‍ പുറത്താവാതെ 127 റണ്‍സ്. ലോകകപ്പിലെ 38-ാമത്തെ സെഞ്ചുറിയായിരുന്നു അത്. പിന്നീടങ്ങോട്ട് ഇന്ത്യന്‍ താരങ്ങള്‍ ലോകകപ്പില്‍ നിറഞ്ഞാടുന്നതാണ് കണ്ടത്. ഇതുവരെ 32 സെഞ്ചുറികള്‍ ഇന്ത്യന്‍ താരങ്ങള്‍ സ്വന്തം പേരിലെഴുതി കഴിഞ്ഞു. ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയിട്ടുള്ളത് ഇന്ത്യയാണെങ്കിലും ഏറ്റവും കൂടുതല്‍ സെഞ്ചൂറിയന്മാരുള്ളത് ഓസ്‌ട്രേലിയയിലാണ്. പതിനെഞ്ചണ്ണം.
ഒരു ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയത് രോഹിത് ശര്‍മയാണ് (അഞ്ചെണ്ണം). കഴിഞ്ഞ ടൂര്‍ണമെന്റില്‍ ശ്രീലങ്കയുടെ കുമാര്‍ സംഗക്കാര നാലെണ്ണം സ്വന്തമാക്കി. ഓസ്‌ട്രേലിയയുടെ മാര്‍ക്ക് വോ (1996), ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന സൗരവ് ഗാംഗുലി (2003), ഓസ്‌ട്രേലിയയുടെ മാത്യു ഹെയ്ഡന്‍ (2007), ഓസീസിന്റെ തന്നെ ഡേവിഡ് വാര്‍ണര്‍ (2019) എന്നിവര്‍ മൂന്നു സെഞ്ചുറികള്‍ ഒരു ടൂര്‍ണമെന്റില്‍ നേടിയിട്ടുണ്ട്.
50 പന്തില്‍ സെഞ്ചുറി നേടിയ അയര്‍ലന്‍ഡിന്റെ കെവിന്‍ ഒബ്രിയന്റെ പേരിലാണ് ഏറ്റവും വേഗമേറിയ സെഞ്ചുറി കുറിക്കപ്പെട്ടിട്ടുള്ളത്. ലോകകപ്പിലെ അരങ്ങേറ്റത്തില്‍ തന്നെ സെഞ്ചുറി നേടിയ ഒരു താരമുണ്ട്. സിംബാബ്‌വേയുടെ ആന്‍ഡി ഫ്ലവര്‍. 1992-ല്‍. കഴിഞ്ഞ ടൂര്‍ണമെന്റില്‍ ആകെ 38 സെഞ്ചുറികള്‍ പിറന്നു. ഇനി മൂന്നു പോരാട്ടങ്ങള്‍ കൂടി ബാക്കി നില്‍ക്കെ എത്ര സെഞ്ചുറികള്‍ കൂടി പിറക്കുമെന്നു കാത്തിരുന്നു കാണാം.