അവസാന സന്നാഹ മത്സരത്തിൽ ഇന്ത്യ നാളെ ബംഗ്ലാദേശിനെ നേരിടും. ഉച്ചയ്ക്ക് മൂന്ന് മുതൽ കാർഡിഫിലാണ് മത്സരം.
കാര്‍ഡിഫ്: ലോകകപ്പിന് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരത്തിൽ ഇന്ത്യ നാളെ ബംഗ്ലാദേശിനെ നേരിടും. ഉച്ചയ്ക്ക് മൂന്ന് മുതൽ കാർഡിഫിലാണ് മത്സരം. ആദ്യ സന്നാഹ മത്സരത്തിൽ ഇന്ത്യ ആറ് വിക്കറ്റിന് ന്യുസീലൻഡിനോട് തോറ്റിരുന്നു.
ബാറ്റിംഗ് തകർച്ചയാണ് കിവീസിനെതിരെ ഇന്ത്യക്ക് തിരിച്ചടിയായത്. നിര്‍ണായകമായ നാലാം നമ്പറിലെത്തിയ കെ എൽ രാഹുലിന് ആറ് റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഓപ്പണര്‍മാര്‍ തുടക്കത്തിലെ മടങ്ങിയും തിരിച്ചടിയായി. ഹാര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും ചേര്‍ന്നാണ് കൂട്ടത്തകര്‍ച്ചയില്‍ നിന്ന് ഇന്ത്യ രക്ഷിച്ചത്. എങ്കിലും ഇന്ത്യ മത്സരം തോറ്റു.
ഈ തിരിച്ചടികൾ മറന്ന് ആത്മവിശ്വാസം വീണ്ടെടുക്കാനാണ് കോലിയും സംഘവും ഇറങ്ങുന്നത്. ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം ജൂൺ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ്. മെയ് 30ന് ഇംഗ്ലണ്ട്- ദക്ഷിണാഫ്രിക്ക പോരാട്ടത്തോടെയാണ് ലോകകപ്പിന് തുടക്കമാകുന്നത്.