ലോകകപ്പില്‍ തോൽവിയറിയാതെ മുന്നേറുന്ന ഏക ടീമായ ഇന്ത്യ മധ്യനിരയിലെ വിള്ളലോര്‍ത്ത് തലപുകയ്ക്കുകയാണ്.
ലണ്ടന്‍: ലോകകപ്പില്‍ സെമി ഉറപ്പിക്കാന്‍ ടീം ഇന്ത്യ ഇന്നിറങ്ങും. എഡ്ജ്ബാസ്റ്റണിൽ മൂന്ന് മണിക്ക് ആരംഭിക്കുന്ന മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ട് ആണ് എതിരാളികള്‍. ഇന്ന് വിജയിച്ചാല്‍ ഇന്ത്യക്ക് സെമി ഉറപ്പിക്കാം. ഇംഗ്ലീഷുകാര്‍ക്കെതിരെ ഇന്ന് കോലിയും കൂട്ടരും ഇറങ്ങുമ്പോള്‍ പ്രാര്‍ത്ഥനയുമായി പാകിസ്ഥാനികളും ബംഗ്ലാദേശുകാരുമുണ്ട്. കാരണം ഇന്ന് ഇംഗ്ലണ്ട് ജയിച്ചാൽ പാകിസ്ഥാന്‍റെയും ബംഗ്ലാദേശിന്‍റെയും സെമിസാധ്യതകളെ ബാധിക്കും.
സ്ഫോടനാത്മക ബാറ്റിംഗ് നിരയുമായി ഒന്നാം റാങ്കുകാരായി ലോകകപ്പ് തുടങ്ങിയ ഇംഗ്ലണ്ട് ഇന്ന് പോയിന്‍റ് പട്ടികയിൽ ആദ്യ നാലിന് പുറത്താണ്. ന്യുസീലന്‍ഡിനെതിരെ ഒരു കളി ബാക്കിയുള്ള ഇംഗ്ലണ്ടിന് സെമി ഉറപ്പല്ല. പരിക്ക് പൂര്‍ണമായി ഭേദമാകാതിരുന്നിട്ടും ഓപ്പണര്‍ ജേസൺ റോയിയെയും പേസര്‍ ജോഫ്രാ ആര്‍ച്ചറിനെയും ഇന്ന് ടീമിൽ ഉള്‍പ്പെടുത്തുമെന്നാണ് സൂചന.
undefined
ലോകകപ്പില്‍ തോൽവിയറിയാതെ മുന്നേറുന്ന ഏക ടീമായ ഇന്ത്യ മധ്യനിരയിലെ വിള്ളലോര്‍ത്ത് തലപുകയ്ക്കുകയാണ്. നായകന്‍ കോലി പരസ്യപിന്തുണ നല്‍കിയ വിജയ് ശങ്കറിന് ഒരവസരം കൂടി ഒരുക്കിയേക്കുമെന്നുറപ്പാണ്. കഴിഞ്ഞ രണ്ടു കളികളിലും മിന്നിയ മുഹമ്മദ് ഷമി തുടരാനാണ് സാധ്യത.
ഇവിടെ ഇതിന് മുന്‍പ് നടന്ന ന്യൂസീലന്‍ഡ്-പാകിസ്ഥാന്‍ മത്സരം സ്പിന്നര്‍മാരാണ് നിയന്ത്രിച്ചത്. എന്നാൽ ഇന്ന് പുതിയ പിച്ചിലാണ് കളി. ഈ ലോകകപ്പിലെ ഏറ്റവും മികച്ച ബാറ്റിംഗ് വിക്കറ്റെന്നാണ് പൊതുവിലയിരുത്തൽ. ലോകകപ്പിൽ എട്ടാം തവണയാണ് ഇരുടീമുകളും നേര്‍ക്കുനേര്‍ വരുന്നത്. 1992ന് ശേഷം ഇംഗ്ലണ്ട് ലോകകപ്പിൽ ഇന്ത്യയെ തോൽപ്പിച്ചിട്ടില്ലെന്നതാണ് ചരിത്രം.
ഈ ലോകകപ്പില്‍ തോല്‍വി എന്തെന്നറിയതെ മുന്നേറുകയാണ് ടീം ഇന്ത്യ. ഇന്ന് ജയിച്ചാല്‍ 13 പോയിന്‍റോടെ ഇന്ത്യ സെമിയിലേക്ക് നീങ്ങും. മറുവശത്ത് ഇംഗ്ലണ്ടിനാകട്ടെ ജീവൻ മരണ പോരാട്ടമാണ്. 7 കളികളില്‍ നിന്നും 8 പോയിന്റുള്ള ഇംഗ്ലണ്ടിന് സെമി സാധ്യത നിലനിര്‍ത്താൻ ഇന്ത്യക്കെതിരെ ജയിച്ചേ പറ്റൂ.