ദാദയ്‌ക്ക് പിന്നാലെ ഇന്ത്യന്‍ ടീമിനെതിരെ വിമര്‍ശനവുമായി മുന്‍ താരം വിനോദ് കാംബ്ലി
മുംബൈ: ലോകകപ്പില്‍ ഇംഗ്ലണ്ടിനോട് ജയം കൈവിട്ട ഇന്ത്യന്‍ താരങ്ങളെ വിമര്‍ശിച്ച് മുന്‍ നായകന്‍ സൗരവ് ഗാംഗുലി രംഗത്തെത്തിയിരുന്നു. അവസാന ഓവറുകളില്‍ സിംഗിളുകള്‍ കൈമാറി കളിച്ച എം എസ് ധോണിയെയും കേദാര്‍ ജാദവിനെയും ശകാരിക്കുകയായിരുന്നു ദാദ. ദാദയ്‌ക്ക് പിന്നാലെ ഇന്ത്യന്‍ ടീമിനെതിരെ വിമര്‍ശനവുമായി മുന്‍ താരം വിനോദ് കാംബ്ലിയും രംഗത്തെത്തി.
undefined
മത്സരം ജയിക്കാന്‍ ടീം ഇന്ത്യ കാര്യമായി പ്രയത്നിച്ചില്ല എന്നാണ് കാംബ്ലി ഉയര്‍ത്തുന്ന വിമര്‍ശനം. 'ഇംഗ്ലണ്ടുയര്‍ത്തിയ ടോട്ടലിന്‍റെ അടുത്തെത്താന്‍ ശ്രമിച്ചിരുന്നു ടീം ഇന്ത്യ. ഹാര്‍ദിക് പാണ്ഡ്യ ജയത്തിനായി പരിശ്രമിക്കുകയും ചെയ്തു. എന്നാല്‍ പാണ്ഡ്യ പുറത്തായ ശേഷം മറ്റ് താരങ്ങള്‍ തിടുക്കമോ അക്രമണോത്സുകതയോ കാണിച്ചില്ലെന്നും' കാംബ്ലി വിമര്‍ശിച്ചു. അവസാന ഓവറുകളിലെ ധോണിയുടെയും കേദാറിന്‍റെ ബാറ്റിംഗ് ഏറെ പഴി കേട്ടിരുന്നു.
എഡ്‌ജ്ബാസ്റ്റണില്‍ 31 റണ്‍സിനായിരുന്നു ഇന്ത്യയുടെ പരാജയം. 338 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് 50 ഓവറില്‍ അഞ്ച് വിക്കറ്റിന് 306 റണ്‍സെടുക്കാനേ ആയുള്ളൂ. ധോണിയും(31 പന്തില്‍ 42) കേദാറും(13 പന്തില്‍ 12) പുറത്താകാതെ നിന്നു. രോഹിത് ശര്‍മ്മയുടെ സെഞ്ചുറിയും(102) മുഹമ്മദ് ഷമിയുടെ അഞ്ച് വിക്കറ്റ് പ്രകടനവും പാഴായി. ജോണി ബെയര്‍സ്റ്റോയുടെ സെഞ്ചുറിയാണ്(111) ഇംഗ്ലണ്ടിനെ ജയിപ്പിച്ചത്.