ധവാന്‍റെ പകരക്കാരന്‍; ടീം മാനേജ്മെന്‍റും സെലക്ടര്‍മാരും രണ്ട് തട്ടില്‍

By Web Team  |  First Published Jun 13, 2019, 6:06 PM IST

സ്റ്റാന്‍ഡ് ബെെ ആയി പ്രഖ്യാപിച്ചിരുന്ന ഋഷഭ് പന്ത് ഇംഗ്ലണ്ടില്‍ എത്തിയെങ്കിലും ധവാന് പകരക്കാരനാണെന്ന പ്രഖ്യാപനം നടത്തിയിട്ടില്ല. ഇന്ത്യന്‍ ടീം മാനേജ്മെന്‍റും സെലക്ടര്‍മാരും ഇക്കാര്യത്തില്‍ രണ്ട് തട്ടിലാണ്


ലണ്ടന്‍: ഓസ്ട്രേലിയക്കെതിരായ മത്സരത്തില്‍ വിരലിന് പരിക്കേറ്റ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍റെ പകരക്കാരനെ പ്രഖ്യാപിക്കുന്ന കാര്യത്തില്‍ ആശയക്കുഴപ്പം രൂക്ഷം. സ്റ്റാന്‍ഡ് ബെെ ആയി പ്രഖ്യാപിച്ചിരുന്ന ഋഷഭ് പന്ത് ഇംഗ്ലണ്ടില്‍ എത്തിയെങ്കിലും ധവാന് പകരക്കാരനാണെന്ന പ്രഖ്യാപനം നടത്തിയിട്ടില്ല. ഇന്ത്യന്‍ ടീം മാനേജ്മെന്‍റും സെലക്ടര്‍മാരും ഇക്കാര്യത്തില്‍ രണ്ട് തട്ടിലാണ്.

ധവാന്‍റെ പരിക്ക് ഭേദമാകുമെന്നും മൂന്ന് മത്സരങ്ങള്‍ക്ക് ശേഷം തീരുമാനം എടുക്കാമെന്നുമാണ് ടീം മാനേജ്മെന്‍റ് തീരുമാനിച്ചത്. എന്നാല്‍, ധവാന്‍റെ വിരലിന്‍റെ സ്കാനിംഗ് റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ ഋഷഭ് പന്തിനെ പകരക്കാരനായി പ്രഖ്യാപിക്കാം എന്ന നിലപാടായിരുന്നു സെലക്ടര്‍മാരുടേത്. അവസാന ലീഗ് മത്സരം കഴിയും വരെയും ധവാന്‍റെ പരിക്ക് മാറുമോയെന്ന് നോക്കാമെന്നാണ് ടീം മാനേജ്മെന്‍റിന്‍റെ തീരുമാനം.

Latest Videos

undefined

പിടിഐ റിപ്പോര്‍ട്ട് പ്രകാരം ഋഷഭ് പന്ത് അടക്കം ഒരു പകരക്കാരനെയും ടീം മാനേജ്മെന്‍റ്  ആഗ്രഹിച്ചിട്ടുമില്ല. എന്തായാലും ശിഖര്‍ ധവാന്റെ കരുതല്‍ താരമായി ആയി ഇംഗ്ലണ്ടിലെത്തിയ യുവതാരം ഋഷഭ് പന്തിന് ഇന്ത്യന്‍ ടീമിനൊപ്പം പരിശീലനം നടത്താമെങ്കിലും ടീം താമസിക്കുന്ന ഹോട്ടലില്‍ താമസിക്കാനാവില്ല. ഔദ്യോഗികമായി ധവാന്റെ പകരക്കാരനായി ഋഷഭ് പന്തിനെ പ്രഖ്യാപിക്കാത്ത സാഹചര്യത്താലാണിത്.

എന്നാല്‍ ഇന്ത്യന്‍ ടീമിനൊപ്പം പരിശീലനം നടത്തുന്നതിന് ഋഷഭ് പന്തിന് തടസമില്ല. ബിസിസിഐയുടെ പ്രത്യേക ചെലവിലണ് ഋഷഭ് പന്ത് ഇംഗ്ലണ്ടിലെത്തിയത്. ടീമില്‍ ഔദ്യോഗികമായി ഉള്‍പ്പെട്ടില്ലാത്തതിനാല്‍ തന്നെ ടീം അംഗങ്ങള്‍ക്ക് ലഭിക്കുന്ന മാച്ച് ഫീ അടക്കമുള്ള ആനുകൂല്യങ്ങളൊന്നും ഋഷഭ് പന്തിന് ലഭിക്കില്ല.

ബാറ്റിംഗ് നിരയില്‍ ഇന്ത്യന്‍ ടീമിലെ ഒരേയൊരു ഇടംകൈയനായിരുന്നു ധവാന്‍. പരിക്കു മൂലം ധവാന്‍ കളിക്കാതിരിക്കുന്ന സാഹചര്യത്തില്‍ ബാറ്റിംഗ് നിരയില്‍ ഇടംകൈയന്‍മാരില്ലാതെയാവും ഇന്ത്യ അടുത്ത മത്സരങ്ങളില്‍ കളിക്കുക. രവീന്ദ്ര ജഡേജയും, കുല്‍ദീപ് യാദവുമാണ് ഇന്ത്യന്‍ ടീമിലെ മറ്റ് രണ്ട് ഇടംകൈയന്‍മാര്‍. ധവാന് പകരം ഋഷഭ് പന്ത് എത്താനുള്ള കാരണങ്ങളിലൊന്നും ഇടം കൈയന്‍ ബാറ്റ്സ്മാനാണെന്ന അധിക ആനുകൂല്യമായിരുന്നു.

click me!