സേവനം ആവശ്യമില്ല; നെറ്റ് ബൗളര്‍മാരില്‍ രണ്ടുപേരെ നാട്ടിലേക്ക് മടക്കിയേക്കും

By Web Team  |  First Published Jun 2, 2019, 3:18 PM IST

ഇന്ത്യന്‍ ടീം മാനേജ്‌മെന്‍റ് നടത്തിയ തന്ത്രപ്രധാന നീക്കമായിരുന്നു നാല് നെറ്റ് ബൗളര്‍മാരെ ഇംഗ്ലണ്ടിലേക്ക് അയക്കാനുള്ള തീരുമാനം. 


ലണ്ടന്‍: ലോകകപ്പ് ടീം പ്രഖ്യാപനത്തിന് പിന്നാലെ ഇന്ത്യന്‍ ടീം മാനേജ്‌മെന്‍റ് നടത്തിയ തന്ത്രപ്രധാന നീക്കമായിരുന്നു നാല് നെറ്റ് ബൗളര്‍മാരെ ഇംഗ്ലണ്ടിലേക്ക് അയക്കാനുള്ള തീരുമാനം. ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയ ഖലീല്‍ അഹമ്മദ്, ദീപക് ചഹാര്‍, ആവേശ് ഖാന്‍, നവ്‌ദീപ് സെയ്‌നി എന്നിവരെയാണ് ബിസിസിഐ ഇതിനായി തെരഞ്ഞെടുത്തത്. ഇവരില്‍ മൂന്ന് പേര്‍ മാത്രമാണ് ഇംഗ്ലണ്ടിലേക്ക് ടീം ഇന്ത്യക്കൊപ്പം പറന്നത്. പരിക്കുമൂലം നവ്‌ദീപ് സെയ്‌നി ഇന്ത്യന്‍ ടീമിനൊപ്പം ഇതുവരെ ചേര്‍ന്നിട്ടില്ല.

നിലവില്‍ ഇംഗ്ലണ്ടിലുള്ള മൂന്ന് നെറ്റ് ബൗളര്‍മാരില്‍ രണ്ടുപേരെ ഉടന്‍ നാട്ടിലേക്ക് മടക്കിയയച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ ടീമിന് അടുത്തടുത്ത് മത്സരങ്ങള്‍ വരുന്നതിനാല്‍ ഇവരുടെ സേവനം ആവശ്യമില്ല എന്ന നിലപാടിലാണ് ടീം മാനേജ്‌മെന്‍റ്. ആദ്യ നാല് മത്സരങ്ങള്‍ 12 ദിവസത്തിനിടെയാണ് ഇന്ത്യ കളിക്കുന്നത്. വളരെ ആസൂത്രിതമായ പരിശീലനമാകും ഇതിനിടെ ഇന്ത്യന്‍ ടീം നടത്തുക. അതിനാല്‍ അധിക ബൗളര്‍മാര്‍ ടീമിനൊപ്പം യാത്ര ചെയ്യേണ്ടതില്ല എന്നതാണ് തീരുമാനത്തിന് പിന്നില്‍.

Latest Videos

click me!