ഇന്ത്യക്ക് വേണ്ടി നാലാമത്തെ സെഞ്ചുറിയാണ് രോഹിത് ശര്‍മ ബംഗ്ലാദേശിനെതിരെ സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്ക, പാക്കിസ്ഥാന്‍, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ക്കെതിരെയായിരുന്നു ഈ ലോകകപ്പിലെ മറ്റു സെഞ്ചുറികള്‍
മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ ഇന്ത്യന്‍ ടീമും ഓപ്പണര്‍ രോഹിത് ശര്‍മയും അസാമാന്യ ഫോമിലാണ്. ഏകദേശം സെമി ഉറപ്പിച്ച് കഴിഞ്ഞ ഇന്ത്യക്ക് വേണ്ടി നാലാമത്തെ സെഞ്ചുറിയാണ് രോഹിത് ശര്‍മ ബംഗ്ലാദേശിനെതിരെ സ്വന്തമാക്കിയത്.
ദക്ഷിണാഫ്രിക്ക, പാക്കിസ്ഥാന്‍, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ക്കെതിരെയായിരുന്നു ഈ ലോകകപ്പിലെ മറ്റു സെഞ്ചുറികള്‍. എന്നാല്‍, അതിലെ രസകരമായ വസ്തുത അറിഞ്ഞാല്‍ കൗതുകം തോന്നും. എതിര്‍ ടീം പച്ച ജേഴ്സി ധരിച്ച് വന്നാല്‍ രോഹിത് ശര്‍മയുടെ ബാറ്റിന്‍റെ ചൂട് അറിയുമെന്നാണ് ലോകകപ്പിലെ ചരിത്രം.
undefined
രണ്ടാമത്തെ ലോകകപ്പ് കളിക്കുന്ന രോഹിത് ഇന്നത്തെ അടക്കം അഞ്ച് സെഞ്ചുറികളാണ് ആകെ നേടിയിട്ടുള്ളത്. അതില്‍ നാലും പച്ച ജേഴ്സി ധരിച്ചെത്തിയ ടീമുകളോട് ആണെന്നുള്ളതാണ് രസകരം. 2015 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെയായിരുന്നു രോഹിത്തിന്‍റെ ആദ്യ ലോകകപ്പ് സെഞ്ചുറി.
അന്ന് മെല്‍ബണില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് വേണ്ടി 126 പന്തില്‍ 137 റണ്‍സാണ് ഹിറ്റ്മാന്‍ അടിച്ചെടുത്തത്. അടുത്ത സെഞ്ചുറി പിറന്നത് ഈ ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിലാണ്. അന്ന് പച്ച ജേഴ്സി ധരിച്ച ദക്ഷിണാഫ്രിക്കയ്ക്കെതിരെ 122 റണ്‍സെടുത്ത് ഹിറ്റ്മാന്‍ പുറത്താകാതെ നിന്നു.
അവസാനം പാക്കിസ്ഥാനെ നേരിട്ടപ്പോഴും രോഹിത് കസറി. 113 പന്തില്‍ 140 റണ്‍സാണ് രോഹിത് നേടിയത്. ഇന്ന് വീണ്ടും എതിരാളികള്‍ പച്ച ജേഴ്സി ഇട്ട ബംഗ്ലാദേശ്. ചരിത്രം മാറിയില്ല. 92 പന്തുകളില്‍ നിന്ന് 104 റണ്‍സ് രോഹിത് പേരിലെഴുതി.