സിംഗിളുകളില്‍ തൃപ്തിപ്പെട്ടതിന് പകരം സിക്സറിന് ശ്രമിച്ച് പുറത്താവുകയായിരുന്നു ഭേദമമെന്ന് ഗാംഗുലി
എഡ്ജ്‌ബാസ്റ്റണ്‍: ലോകകപ്പില്‍ ധോണിയുടെയും ജാദവിന്‍റെയും മെല്ലെപ്പോക്കിനെ വിമര്‍ശിച്ച് ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലി. കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുമ്പോള്‍ ഇങ്ങനെയല്ല ബാറ്റ് ചെയ്യേണ്ടതെന്ന് തുറന്നടിച്ചു മത്സരത്തില്‍ കമന്‍റേറ്റര്‍ കൂടിയായിരുന്ന ഗാംഗുലി. സിംഗിളുകളില്‍ തൃപ്തിപ്പെട്ടതിന് പകരം സിക്സറിന് ശ്രമിച്ച് പുറത്താവുകയായിരുന്നു ഭേദമമെന്നും ഗാംഗുലി പറഞ്ഞു.
ധോണിയുടെ സമീപനം അമ്പരപ്പിച്ചതായി ഇന്ത്യന്‍ മുന്‍ താരവും കമന്‍റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറും അഭിപ്രായപ്പെട്ടു. എഡ്‌ജ്ബാസ്റ്റണില്‍ 31 റണ്‍സിനായിരുന്നു ഇന്ത്യയുടെ പരാജയം. ഇന്ത്യ 50 ഓവറില്‍ 306-5 എന്ന സ്‌കോറില്‍ പോരാട്ടം അവസാനിപ്പിക്കുമ്പോള്‍ ധോണിയും(31 പന്തില്‍ 42) കേദാറുമായിരുന്നു(13 പന്തില്‍ 12) ക്രീസില്‍.
ഇംഗ്ലണ്ടിനെതിരെ 338 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ചെറിയ ബൗണ്ടറിയുള്ള ഗ്രൗണ്ടിൽ ആദ്യ സിക്സര്‍ നേടിയത് അവസാന ഓവറില്‍ മാത്രമാണ്. എന്നാല്‍, ഇംഗ്ലീഷ് ബൗളര്‍മാര്‍ നന്നായി പന്തെറിഞ്ഞെന്നായിരുന്നു ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ ആദ്യ പ്രതികരണം. ധോണിയോടും ജാദവിനോടും സംസാരിക്കേണ്ടിവരുമെന്ന കോലിയുടെ പ്രസ്താവനയും ശ്രദ്ധേയമായി.