'അയാള്‍ക്ക് തോന്നുമ്പോള്‍ വിരമിക്കട്ടെ'; ധോണി വിമര്‍ശകരുടെ വായടപ്പിച്ച് വോണ്‍

By Web Team  |  First Published May 27, 2019, 3:06 PM IST

"എം എസ് ധോണി ലോകകപ്പ് കളിക്കേണ്ടതില്ല എന്ന ചിലരുടെ അഭിപ്രായത്തോട് യോജിക്കാനാവില്ല. ധോണിക്ക് വിരമിക്കണം എന്ന് തോന്നുമ്പോള്‍ മാത്രമേ പാഡഴിക്കേണ്ടതുള്ളൂ".


ലണ്ടന്‍: ധോണി വിമര്‍ശകരുടെ വായടപ്പിച്ച് ഓസ്‌ട്രേലിയന്‍ സ്‌പിന്‍ ഇതിഹാസം ഷെയ്‌ന്‍ വോണ്‍. ധോണി ഇപ്പോഴും മികച്ച താരമാണെന്നും അയാള്‍ക്ക് തോന്നുമ്പോള്‍ മാത്രം വിരമിച്ചാല്‍ മതിയെന്നും വോണ്‍ അഭിപ്രായപ്പെട്ടു. ധോണി വിരമിക്കണമെന്നും യുവതാരം ഋഷഭ് പന്തിന് ഗ്ലൗസ് കൈമാറണമെന്നും വാദിക്കുന്നവരുണ്ട്. 

ഇന്ത്യന്‍ ക്രിക്കറ്റിലെ വിസ്‌മയ താരങ്ങളിലൊരാളാണ് ധോണി. ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കാവുന്നതെല്ലാം അയാള്‍ നല്‍കിയിട്ടുണ്ട്. എം എസ് ധോണി ലോകകപ്പ് കളിക്കേണ്ടതില്ല എന്ന ചിലരുടെ അഭിപ്രായത്തോട് യോജിക്കാനാവില്ല. ധോണിക്ക് വിരമിക്കണം എന്ന് തോന്നുമ്പോള്‍ മാത്രമേ പാഡഴിക്കേണ്ടതുള്ളൂ. ആ സമയം എപ്പോഴാണെന്ന് ധോണിക്ക് നന്നായി അറിയാം. അത് ചിലപ്പോള്‍ ലോകകപ്പിന് ശേഷമോ, അഞ്ച് വര്‍ഷങ്ങള്‍ക്കപ്പുറമോ ആയിരിക്കാമെന്നും ഇതിഹാസ താരം കൂട്ടിച്ചേര്‍ത്തു.

Latest Videos

undefined

കഴിഞ്ഞ വര്‍ഷം(2018)ല്‍ ധോണിയുടെ മങ്ങിയ ഫോം വിരമിക്കല്‍ മുറവിളികള്‍ കൂട്ടിയിരുന്നു. ലോകകപ്പില്‍ ധോണിക്ക് അവസരം നല്‍കേണ്ടതില്ല എന്നും ചിലര്‍ ആണയിട്ടു. എന്നാല്‍ ഈ വര്‍ഷം മികച്ച പ്രകടനം നടത്തി വിക്കറ്റിന് പിന്നിലും മുന്നിലും ധോണി അജയ്യനായി. 2019ല്‍ കളിച്ച ഒന്‍പത് മത്സരങ്ങളില്‍ 81.75 ശരാശരിയില്‍ 327 റണ്‍സ് ധോണി പേരിലാക്കി,. പുറത്താകാതെ നേടിയ 87 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. തുടര്‍ച്ചയായി മൂന്ന് അര്‍ദ്ധ സെഞ്ചുറികളുമായി ഓസ്‌ട്രേലിയയില്‍ ഏകദിന പരമ്പര ജയം നേടാന്‍ ഇന്ത്യയെ സഹായിച്ചത് ധോണിയാണ്. 

പിന്നാലെ ഐപിഎല്ലിലും തിളങ്ങിയ ധോണി ഇന്ത്യന്‍ ടീമില്‍ താന്‍ അഭിവാജ്യ ഘടകമാണെന്ന് തെളിയിച്ചു. ഐപിഎല്‍ 12-ാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ ഉയര്‍ന്ന റണ്‍വേട്ടക്കാരനാണ് ധോണി. 15 മത്സരങ്ങളില്‍ നിന്ന് 134.62 സ്‌ട്രൈക്ക് റേറ്റിലും 83.20 ശരാശരിയിലും 416 റണ്‍സ് മഹി അടിച്ചുകൂട്ടി. ചെന്നൈയെ ഫൈനലില്‍ എത്തിക്കുന്നതില്‍ നിര്‍ണായകമായത് ധോണിയുടെ ബാറ്റിംഗാണ്.  

click me!