ഈ ലോകകപ്പില്‍ ബാറ്റും ബോളും കൊണ്ട് അമ്പരപ്പിക്കുന്ന ഷാക്കിബ് ഇന്ത്യക്കെതിരെയും മികവ് കാട്ടി. ഇതോടെ ലോകകപ്പിലെ അപൂര്‍വ നേട്ടം ഷാക്കിബിന്‍റെ പേരിലായി.
ബര്‍മിംഗ്‌ഹാം: വെറുമൊരു ഓള്‍റൗണ്ടറല്ല, ബാറ്റിംഗിലും ബൗളിംഗിലും ഒരു ടീമിനെ ചുമലിലേറ്റാന്‍ കഴിയുന്ന താരമാണ് ബംഗ്ലാദേശിന്‍റെ ഷാക്കിബ് അല്‍ ഹസന്‍. ഈ ലോകകപ്പില്‍ ബാറ്റും ബോളും കൊണ്ട് അമ്പരപ്പിക്കുന്ന ഷാക്കിബ് ഇന്ത്യക്കെതിരെയും മികവ് കാട്ടി. ഇതോടെ ലോകകപ്പിലെ അപൂര്‍വ നേട്ടം ഷാക്കിബിന്‍റെ പേരിലായി.
ലോകകപ്പ് ചരിത്രത്തില്‍ ഒരു ടൂര്‍ണമെന്‍റില്‍ 500ലധികം റണ്‍സും പത്തിലധികം വിക്കറ്റും നേടുന്ന ആദ്യ താരമെന്ന നേട്ടത്തിലാണ് ഷാക്കിബ് എത്തിയത്. ലോകകപ്പില്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ മുന്നിലുള്ള രോഹിത് ശര്‍മ്മയ്‌ക്ക്(544 റണ്‍സ്), രണ്ട് റണ്‍സ് മാത്രം പിന്നിലാണ് ഷാക്കിബ്. ഏഴ് ഇന്നിംഗ്‌സുകളില്‍ നിന്നാണ് ഷാക്കിബ് ഇത്രയും റണ്‍സ് അടിച്ചത്. 11 വിക്കറ്റും ഷാക്കിബിന്‍റെ പേരിലുണ്ട്.
ഇന്ത്യക്കെതിരെ മൂന്നാമനായി ഇറങ്ങിയ ഷാക്കിബ് 74 പന്തില്‍ 66 റണ്‍സെടുത്തു. 34-ാം ഓവറിലെ അഞ്ചാം പന്തില്‍ പാണ്ഡ്യയാണ് ഷാക്കിബിനെ പുറത്താക്കിയത്. ഈ ലോകകപ്പില്‍ ആറാം മത്സരത്തിലാണ് ഷാക്കിബ് അമ്പതിലധികം സ്‌കോര്‍ ചെയ്യുന്നത്. ബൗളിംഗില്‍ 10 ഓവര്‍ എറിഞ്ഞ താരം 41 റണ്‍സ് വഴങ്ങി ഋഷഭ് പന്തിനെ പുറത്താക്കി.