ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എം.എസ് ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന സമയമാണിത്. ജൂലൈ ഏഴിന് ധോണിക്ക് 38 വയസ് പൂര്‍ത്തിയായിരുന്നു.
ലണ്ടന്‍: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എം.എസ് ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന സമയമാണിത്. ജൂലൈ ഏഴിന് ധോണിക്ക് 38 വയസ് പൂര്‍ത്തിയായിരുന്നു. 2011ല്‍ ഇന്ത്യ ലോകകപ്പ് കിരീടം ഉയര്‍ത്തുമ്പോള്‍ ധോണിയായിരുന്നു ഇന്ത്യയുടെ ക്യാപ്റ്റന്‍. അപ്പോള്‍ അവസാന ലോകകപ്പ് കളിക്കുന്ന ധോണിക്ക് എന്തെങ്കിലും തിരിച്ചു കൊടുക്കണ്ടേ..?
രോഹിത് ശര്‍മയുടെ ആദ്യകാല പരിശീലകന്‍ ദിനേശ് ലാഡ് അതിന് ഉത്തരം നല്‍കും. ഈ ലോകകപ്പ് ധോണിക്ക് വേണ്ടി നേടുമെന്ന് രോഹിത് പറഞ്ഞിരുന്നതായി ലാഡ് വ്യക്തമാക്കി. ലാഡ് തുടര്‍ന്നു... ''ധോണിയാണ് രോഹിത്തിനെ ഓപ്പണറായി ഉയര്‍ത്തിക്കൊണ്ടുവന്നത്. പിന്നീട് ഇന്ത്യ കണ്ട മികച്ച ഓപ്പണര്‍മാരില്‍ ഒരാളായി രോഹിത്. ഇപ്പോള്‍ ധോണിക്ക് വേണ്ടി ലോകകപ്പ് നേടികൊടുക്കാനുള്ള പരിശ്രമത്തിലാണ് രോഹിത്. ധോണിക്ക് വേണ്ടി ലോകകപ്പ് നേടുമെന്ന് രോഹിത് എന്നോട് വ്യക്തമാക്കിയിരുന്നു.'' ലാഡ് പറഞ്ഞു.
നേരത്തെ മധ്യനിരയിലായിരുന്നു രോഹിത് കളിച്ചിരുന്നത്. 2013 ചാംപ്യന്‍സ് ട്രോഫിയിലാണ് രോഹിത് ആദ്യമായി ഇന്ത്യയുടെ ഓപ്പണറായി കളിക്കുന്നത്. രോഹിത്തിന്റെ കരിയര്‍ മാറ്റിമറിച്ചതും ഈ തീരുമാനമായിരുന്നു.