റാഷിദ്, വാര്‍ണര്‍, ആര്‍ച്ചര്‍; ലോകകപ്പില്‍ സച്ചിന് പ്രിയം ഇവര്‍

By Web Team  |  First Published Jun 6, 2019, 3:04 PM IST

ലോകകപ്പില്‍ എതിരാളികള്‍ക്ക് ഏറ്റവും കൂടുതല്‍ പ്രഹരമേല്‍പ്പിക്കാന്‍ പോകുന്ന താരമായിരിക്കും റാഷിദ് എന്നാണ് സച്ചിന്റെ നിരീക്ഷണം.


ലണ്ടന്‍: ലിറ്റില്‍ മാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ഈ ലോകകപ്പില്‍ ഏറെ പ്രിയം അഫ്ഗാന്‍ സ്‌പിന്നര്‍ റാഷിദ് ഖാനെയാണ്. റാഷിദിന്റെ ബൗളിങ് കൃത്യതയോടെ സച്ചിന്‍ വീക്ഷിക്കുന്നത് ഐപിഎല്‍ മത്സരത്തിലായിരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായിരുന്നു റാഷിദ്. ലോകകപ്പില്‍ എതിരാളികള്‍ക്ക് ഏറ്റവും കൂടുതല്‍ പ്രഹരമേല്‍പ്പിക്കാന്‍ പോകുന്ന താരമായിരിക്കും റാഷിദ് എന്നാണ് സച്ചിന്റെ നിരീക്ഷണം. 61 ഏകദിനങ്ങളില്‍ നിന്നായി ഇതുവരെ ഈ ലെഗ്‌ബ്രേക്ക് ബൗളര്‍ 128 വിക്കറ്റുകള്‍ വീഴ്ത്തി കഴിഞ്ഞു. 

Latest Videos

undefined

പതിനെട്ടു റണ്‍സ് വിട്ടു കൊടുത്ത് ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയതാണ് വണ്‍ഡേയിലെ ഈ ഇരുപതുകാരന്റെ മികച്ച പ്രകടനം. ശ്രീലങ്കയ്‌ക്കെതിരേ കഴിഞ്ഞ മത്സരത്തില്‍ 17 റണ്‍സ് വിട്ടുകൊടുത്തു റാഷിദ് രണ്ടു വിക്കറ്റുകളും വീഴ്ത്തിയിരുന്നു. അഫ്ഗാന്‍ ബൗളര്‍മാരില്‍ ഏറ്റവും മികച്ച ഇക്കോണമി റേറ്റോടെയായിരുന്നു (2.17) ഇത്. ഓസ്‌ട്രേലിയക്കെതിരേയുള്ള ആദ്യ മത്സരത്തില്‍ ഒരു വിക്കറ്റും റാഷിദ് സ്വന്തമാക്കി.

ബാറ്റിങ്ങില്‍ ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ക്കൊപ്പമാണ് സച്ചിന്‍. റണ്‍സിനു വേണ്ടി ഇത്രമാത്രം ദാഹിക്കുകയും അതേസമയം ഉത്തരവാദിത്വത്തോടെ കളിക്കുകയും ചെയ്യുന്ന മറ്റൊരു താരത്തെയും സച്ചിന്‍ കണ്ടിട്ടില്ലത്രേ. ഐപിഎല്ലിലും വാര്‍ണറുടെ റണ്‍ മെഷീന്‍ കണ്ടു സച്ചിന്‍ അത്ഭുതപ്പെട്ടിരുന്നു. അഫ്ഗാനെതിരേയുള്ള മത്സരത്തില്‍ പുറത്താവാതെ 89 റണ്‍സ് നേടിയ വാര്‍ണറുടെ ബലത്തിലാണ് ഇത്തവണ ഓസീസ് കുതിക്കുന്നതെന്ന കാര്യത്തില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്ക് സംശയമേതുമില്ല. 107 വണ്‍ഡേയില്‍ നിന്നായി ലോയിഡ് എന്ന ചെല്ലപ്പേരുള്ള വാര്‍ണര്‍ ഇതുവരെ 44.32 ശരാശരിയില്‍ 4432 റണ്‍സ് നേടിക്കഴിഞ്ഞു. 14 സെഞ്ചുറിയും 18 അര്‍ദ്ധ സെഞ്ചുറിയുമടക്കം. 

ഇംഗ്ലണ്ടിന്റെ ജോഫ്ര ആര്‍ച്ചര്‍ എന്ന ഇരുപത്തിനാലുകാരനാണ് സച്ചിന്റെ മനസു കീഴടക്കിയ മറ്റൊരാള്‍. ഐപിഎല്ലില്‍ ഡല്‍ഹി താരമായിരുന്ന ആര്‍ച്ചര്‍ അന്താരാഷ്ട്ര ഏകദിനങ്ങള്‍ പക്ഷേ ആകെ കളിച്ചിട്ടുള്ളത് വെറും അഞ്ചെണ്ണമാണ്. നേടിയിട്ടുള്ളത് ആറു വിക്കറ്റും. അയര്‍ലന്‍ഡിനെതിരേ കഴിഞ്ഞ മാസമായിരുന്നു അരങ്ങേറ്റം. ദക്ഷിണാഫ്രിക്കക്കെതിരേയുള്ള ഇംഗ്ലണ്ടിന്റെ ലോകകപ്പ് അരങ്ങേറ്റ മത്സരത്തില്‍ 27 റണ്‍സ് വിട്ടു കൊടുത്തു മൂന്നു വിക്കറ്റ് വീഴ്ത്തിയ ആര്‍ച്ചറുടെ ബൗളിങ് ഇംഗ്ലണ്ടിനു തുണയാകുമെന്നാണ് സച്ചിന്റെ നിഗമനം. (പാക്കിസ്ഥാനെതിരേ വിക്കറ്റൊന്നും എടുക്കാന്‍ കഴിയാതെ 79 റണ്‍സ് വിട്ടുകൊടുത്തതും ഇതേ ആര്‍ച്ചര്‍ തന്നെയാണ്).

ആറു ലോകകപ്പ് കളിച്ച സച്ചിന്‍ 1996ലും 2003ലും ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ്. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവും സച്ചിന്‍ തന്നെ.

click me!